ജീവനക്കാര്‍ തമ്മിലുള്ള നല്ല ബന്ധങ്ങള്‍ക്ക് ബിസിനസ്സ് സ്ഥാപനത്തിന്റെ സുഗമമായ പ്രവര്‍ത്തനങ്ങളിലും പുരോഗതിയിലും പ്രതിഛായ വളര്‍ത്തുന്നതിലും ഉള്ള നിര്‍ണായകമായ പങ്കിനെപ്പറ്റി ഏറെ പ്രസ്താവിക്കേണ്ടതില്ല.
സമാധാനവും സന്തോഷവും നിറഞ്ഞ അന്തരീക്ഷം നല്ല രീതിയില്‍ നടക്കുന്ന ഒരു സ്ഥാപനത്തിന്റെ പ്രവര്‍ത്തന സംസ്കാരത്തിന്റെ അവിഭാജ്യഘടകമാണ്.
ജീവനക്കാര്‍ തമ്മില്‍ തമ്മിലും സന്ദര്‍ശകരോടും പെരുമാറുന്ന രീതിയില്‍ അത് പ്രതിഫലിക്കും. സ്ഥാപനത്തിന്റെ പൂമുഖത്തുവച്ചു തന്നെ റിസപ്ഷനിസ്റ്റും സെക്യൂരിറ്റിക്കാരനും തമ്മിലോ ഡ്യൂട്ടിയിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ തമ്മിലോ വഴക്കും വക്കാണവും ശകാരവും അസഭ്യവര്‍ഷവുമൊക്കെ ഉണ്ടായാല്‍- അവിടെ ചെന്നു കയറുന്ന ഉപഭോക്താക്കളിലും സന്ദര്‍ശകരിലും എന്തു മതിപ്പാണുണ്ടാക്കുക?
വ്യക്തിഗത ബന്ധങ്ങളുടെ ആകത്തുകയാണ് സ്ഥാപനത്തിലെ പരസ്പര ബന്ധങ്ങള്‍. വ്യക്തി ബന്ധങ്ങള്‍ നന്നാവുമ്പോള്‍ മൊത്തം അന്തരീക്ഷവും പ്രസന്നവും ചലനാത്മകവുമാകുന്നു. രണ്ടു ജീവനക്കാര്‍ തമ്മിലുള്ള ബന്ധങ്ങള്‍ തന്നെയാണ് വ്യക്തിഗതബന്ധങ്ങളുടെ ഏറ്റവും ചെറിയ ഘടകം.
ശാസ്ത്ര വീക്ഷണത്തില്‍ അതിനെ ‘ഡയാഡിക്ക്’ (സംസ്കൃതത്തില്‍ ‘ദ്വയം’ എന്നര്‍ത്ഥം വരുന്ന) ബന്ധങ്ങള്‍ എന്നു വിശേഷിപ്പിക്കുന്നു. മേലധികാരിയും കീഴ്ജീവനക്കാരനും തമ്മിലുള്ള ബന്ധം തന്നെയാണ് ഇതിന്റെ ഉത്തമദൃഷ്ടാന്തം. എല്ലാ തട്ടുകളിലും ഈ ഡയാഡിക് ബന്ധങ്ങള്‍ നന്നായാല്‍ത്തന്നെ ധാരാളം മതി.
കെട്ടുറപ്പുള്ളതും ഫലപ്രദവുമായ ബന്ധങ്ങളുണ്ടാവുന്നത് എങ്ങനെയാണ്? തെറ്റിദ്ധാരണകള്‍ ആവതും ഇല്ലാതായി ശരിയായ ധാരണകള്‍ മാത്രം ഉള്ള ഒരു ചുറ്റുപാട് ഉണ്ടാവുമ്പോഴാണ്. ശരിയായ ധാരണകള്‍ എങ്ങനെയാണുണ്ടാവുന്നത്? പരസ്പരം അറിയുന്നതിലൂടെയാണ്. എത്രത്തോളം അറിയുന്നുവോ അത്രത്തോളം ബന്ധങ്ങളും നന്നാവും.
താരതമ്യേന കുറച്ചു ജീവനക്കാര്‍ മാത്രമുള്ള ചെറു സ്ഥാപനങ്ങളില്‍ ബന്ധങ്ങള്‍ സുഗമമാകുക സ്വാഭാവികമാണ്-കരുതിക്കൂട്ടി ആരെങ്കിലും അവയെ തകിടം മറിച്ചില്ലെങ്കില്‍. എന്നാല്‍ ആയിരക്കണക്കിനാളുകള്‍ ജോലി ചെയ്യുന്ന, പലയിടങ്ങളിലായി ഘടകങ്ങളും ഓഫീസുകളും ഉള്ള ഒരു സ്ഥാപനത്തിലോ?
കൊച്ചി ആസ്ഥാനമായുള്ള ഒരു വന്‍ വ്യവസായ സ്ഥാപനത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ കണ്ടുമുട്ടി ആദ്യം പരിചയപ്പെട്ട കഥ രസകരമാണ്. ദല്ഹിയിലെത്താനായി രണ്ടുപേരും എറണാകുളത്തുനിന്ന് ഒരേ തീവണ്ടിയില്‍ ഒരേ കോച്ചില്‍ത്തന്നെ കയറി. മുകളിലും താഴെയുമായി രണ്ടു ബര്‍ത്തുകള്‍ മാത്രമുള്ള ഫസ്റ്റ്ക്ലാസ്സ് കൂപ്പെയില്‍ ആയിരുന്നു യാത്ര. ആദ്യം കണ്ടപ്പോല്‍ പരസ്പരം ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു.
തുടര്‍ന്നുള്ള രണ്ടുദിവസത്തെ യാത്രയ്ക്കിടയിലും പരിചയപ്പെടാന്‍ മിനക്കെട്ടില്ല. ഉറങ്ങിയും നോവലും ന്യൂസ്പേപ്പറുംകൊണ്ട് മുഖം മറച്ചു വായിച്ചും സമയം കഴിച്ചുകൂട്ടി. അങ്ങനെ ദല്‍ഹി സ്റ്റേഷനിലിറങ്ങി രണ്ടുപേരും വെവ്വേറെയായി ഡിഫന്‍സ് കോളനിക്കടുത്തുള്ള കമ്പനിയുടെ ഗസ്റ്റ്ഹൗസിലെത്തി, വെവ്വേറെ മുറിയെടുത്തു.
എന്തിനേറെപ്പറയുന്നു, പിറ്റേന്ന് പ്രഭാതഭക്ഷണ സമയത്ത് വീണ്ടും കണ്ടുമുട്ടുമ്പോഴാണ് തങ്ങള്‍ ഒരേ സ്ഥാപനത്തിലെ ജീവനക്കാരാണെന്ന് മനസ്സിലാക്കുന്നത്!
കഥയില്‍ അല്‍പ്പം അതിശയോക്തി ഉണ്ടാവാം. പക്ഷെ ഇന്നത്തെ യാന്ത്രിക ചുറ്റുപാടുകളില്‍ ഇടപാടുകള്‍ ഏറെയും ഇങ്ങനെയൊക്കെത്തന്നെയാണ്. നല്ലൊരു ശതമാനം ആള്ക്കാര്, സ്ഥാപനത്തിലുള്ളവരായാലും പുറത്തുള്ളവരായാലും, പരസ്പരം അടുക്കുന്നതിലല്ല, അകല്‍ച്ചയിലും ഏകാന്തതയിലുമാണ് തൃപ്തി കണ്ടെത്തുന്നത്.
മലയാളികളില്‍, പ്രത്യേകിച്ച് കേരളത്തിനകത്തുള്ളവരുടെ ഇടയില്‍ ഇത്തരം ഒരു അന്തര്‍മുഖത്വം അല്‍പ്പം കൂടുതലായി കാണുന്നുവെന്ന് പറയപ്പെടുന്നു.
നേരത്തെ സൂചിപ്പിച്ചതുപോലെ ബന്ധങ്ങള്‍ ഉണ്ടാവുന്നതും ഇല്ലാതാവുന്നതിലുമുള്ള ഒരു മുഖ്യ കാരണം തെറ്റിദ്ധാരണകളാണ്. തെറ്റിദ്ധാരണകള്‍ പലപ്പോഴും അവനവനെപ്പറ്റിയും മറ്റുള്ളവരെപ്പറ്റിയുമുള്ള തെറ്റായ വീക്ഷണം കൊണ്ടുണ്ടാവുന്നതാണ്.
വീക്ഷണ (പെര്‍സെപ്ഷന്‍)ത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യമനസ്സിനെ അപഗ്രഥിച്ച് ”ഫീഡ് ബാക്ക്” അഥവാ മറുപ്രതികരണം എന്ന പ്രക്രിയയിലൂടെ പരസ്പരബന്ധങ്ങള്‍ നന്നാക്കാനും വ്യക്തിവികാസം സാധ്യമാക്കാനുമുള്ള ഒരു ഉപാധിയാണ് ”ജോഹാരി ജാലകം.” ജോസഫ് ലുഫ്ട്ട്, ഹാരിങ്ടണ് ഇന്‍ഹാം എന്നീ രണ്ടു ജര്‍മ്മന്‍ ശാസ്ത്രജ്ഞര്‍ 1955 ല്‍ ആവിഷ്ക്കരിച്ച ഒരു ആശയമാണ് ഇത്.
അവരുടെ പേരുകളുടെ ആദ്യഭാഗങ്ങള്‍ ചേര്‍ത്താണ് ഇതിന് പേരു നല്‍കിയിരിക്കുന്നത്. മനുഷ്യമനസ്സിനെ അല്ലെങ്കില്‍ വ്യക്തിത്വത്തെ (ഒരര്‍ത്ഥത്തില്‍ രണ്ടും ഒന്നുതന്നെയാണല്ലോ) നാലു ജനല്‍ പാളികളുള്ള ഒരു കൂട്ടജനലായി ഇത് വ്യാഖ്യാനിക്കുന്നു. ആദ്യ പാളി തുറന്നാല്‍ കാണുന്നത് നമ്മുടെ ഓരോരുത്തരുടെയും വ്യക്തിത്വത്തിന്റെ തുറന്നവശമാണ്.
അവിടെ വ്യക്തിയ്ക്ക് അയാളെപ്പറ്റി അറിയാവുന്നതൊക്കെ ചുറ്റുപാടുള്ളവര്‍ക്കും അറിയാം. സ്വന്തം കഴിവുകളും കുറവുകളും നന്മകളും സ്വഭാവവിശേഷങ്ങളും എല്ലാം അയാള്‍ സ്വയം അറിയുന്നതുപോലെ മറ്റുള്ളവരും അറിയുന്നു. ഒന്നും മറയ്ക്കാനില്ലാത്ത ഈ സാഹചര്യത്തില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാവാനുള്ള സാധ്യതകള്‍ വിരളമാണ്, നല്ല ബന്ധങ്ങള്‍ ഉണ്ടാവുക എളുപ്പവുമാണ്.
രണ്ടാമത്തെ പാളിയ്ക്കു പിന്നില്‍ മറഞ്ഞിരിക്കുന്നത് വ്യക്തിയുടെ അയാള്‍ തന്നെ അറിവില്ലാത്ത വശങ്ങളാണ്. ചുറ്റുമുള്ളവരില്‍ പലര്‍ക്കും അതൊക്കെ അറിയാം. എന്നാല്‍ അവര്‍ക്ക് അതൊക്കെ അറിയാമെന്നുള്ള സത്യം അയാള്‍ അറിയുന്നില്ല. ഉദാഹരണം പറയാം. താന്‍ അത്യധികം ക്ഷമാശീലനും ശാന്തസ്വഭാവിയുമാണെന്ന് സ്വയം ധരിച്ച് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് നടക്കുന്ന ഒരു വ്യക്തി.
പക്ഷെ അയാളുമായി അടുത്തിടപെടുന്നവര്‍ക്ക് പ്രത്യേകിച്ചും കുടുംബാംഗങ്ങള്‍ക്ക് അറിയാം അയാളുടെ കടുത്ത മുന്‍കോപത്തെപ്പറ്റിയും എടുത്തുചാട്ട സ്വഭാവത്തെപ്പറ്റിയും. അതിരുകവിഞ്ഞ ബഹുമാനംകൊണ്ടോ ഭയംകൊണ്ടോ അവരാരും അയാളോട് ഒന്നും തുറന്നുപറയുന്നില്ല.
ഫലമോ? തന്നെപ്പറ്റിയുള്ള അജ്ഞതയുടെ തണലില്‍ സ്വയം തൃപ്തനായി അയാള്‍ കാലംപോക്കുന്നു. ചുറ്റുപാടില്‍ നിന്നും തികച്ചും അപ്രതീക്ഷിതമായി വരുന്ന ഒരു എതിര് പ്രതികരണത്തിന്റെ ഞെട്ടലേല്ക്കുംവരെ.
മൂന്നാമത്തെ പാളി തുറന്നാല്‍ കാണാവുന്നത് വ്യക്തിത്വത്തിന്റെ വ്യക്തിയ്ക്കുമാത്രം അറിയാവുന്ന വശങ്ങളാണ്.
കരുതിക്കൂട്ടിയോ അല്ലാതെയോ അയാള്‍ മറ്റുള്ളവരില്‍ നിന്നും മറച്ചുപിടിക്കാന്‍ ആഗ്രഹിക്കുന്ന കഴിവുകളും സ്വഭാവവിശേഷങ്ങളുമാണ്. ഉദാഹരണമായി, ഒരാള്‍ പാട്ടുപാടാന്‍ നല്ല കഴിവുണ്ട്. ഒരു മനോഹര ശബ്ദത്തിന്റെ ഉടമയാണ്. എന്നാല്‍ ഉദാസീനതകൊണ്ടോ സ്വയം ഉള്‍വലിഞ്ഞുള്ള പ്രകൃതമായതുകൊണ്ടോ അയാള്‍ ആ കഴിവ് പുറത്ത് പ്രദര്‍ശിപ്പിക്കുന്നില്ല.
മറ്റുള്ളവര്‍ അത് മനസ്സിലാക്കി പ്രതികരിക്കാനുള്ള അവസരവും കിട്ടുന്നില്ല. അങ്ങനെ ആരും കണ്ടെത്താതെ, പ്രോത്സാഹിപ്പിക്കാതെ ആ സിദ്ധി കാലഗതിയുടെ കറുത്ത പൊടിപടലങ്ങളില്‍ മങ്ങിമറഞ്ഞ് അപ്രത്യക്ഷമാവുന്നു.
നാലാമത്തെ അറയ്ക്കുള്ളില്‍ ഒളിഞ്ഞുകിടക്കുന്നത് വ്യക്തിയുടെ ഉപബോധ മനസ്സാണ്. അവിടം മുഴുവന്‍ രഹസ്യവിവരങ്ങളും പ്രക്രിയകളുമാണ്. അവയെപ്പറ്റി വ്യക്തിയ്ക്കും ബോധമില്ല; മറ്റുള്ളവരും അറിയുന്നില്ല.
ആധുനിക മനഃശാസ്ത്രത്തിന്റെ പിതാവായി ഗണിക്കപ്പെടുന്ന സിഗ്മണ്ട് ഫ്രോയ്ഡ് തന്റെ പഠനങ്ങളിലൂടെ വിവരിച്ചുതന്ന മനസ്സിന്റെ ഇരുളടഞ്ഞ കോണ്‍ ആണ് അവിടെ. വളര്‍ച്ചമുറ്റിയ കാലം മുതല്‍ വ്യക്തി അറിഞ്ഞും അറിയാതെയും അടക്കിവയ്ക്കുന്ന സ്വപ്നങ്ങളും മോഹവ്യാമോഹങ്ങളും വൈരാഗ്യങ്ങളും പ്രതികാരേച്ഛകളും എല്ലാം ചുരുട്ടിക്കെട്ടി വൈന്‍ഡ് ചെയ്ത ഒരു സ്പ്രിങ്ങിലെന്നപോലെ രഹസ്യമായി ഇവിടെ സൂക്ഷിച്ചിരിക്കുകയാണ്.
വ്യക്തി അറിയാതെ സ്വപ്നങ്ങളിലൂടെയോ ഹിപ്നോട്ടിസം എന്ന പ്രക്രിയയിലൂടെയോ ഉപബോധമനസ്സിന് മോചനം ലഭിച്ചെന്നുവരാം.
‘ജോഹാരി ജാലക’ത്തിന്റെ സങ്കീര്‍ണതകളിലേക്ക് അധികം കടക്കുന്നില്ല. അത് നമുക്ക് നല്കുന്ന പാഠം ഇതാണ്. ആദ്യത്തെ അറ, തുറന്ന മനസ്സിന്റെ അറ കഴിവതും വലുതാക്കാനാണ് ഒരു വ്യക്തി ശ്രമിക്കേണ്ടത്. നമുക്ക് നമ്മെപ്പറ്റിത്തന്നെയുള്ള ബോധം തന്നെയാണ് മറ്റുള്ളവര്‍ക്കും ഉണ്ടാകേണ്ടത്.
സ്വയം വെളിപ്പെടുത്തലിലൂടെയും ഫീഡ് ബാക്കിലൂടെയും ഈ മാതൃകാ സ്ഥിതിവിശേഷം സാധ്യമാക്കാമെന്ന് ജോഹാരി ജാലകം കാണിച്ചുതരുന്നു. കഴിയുന്നതും സ്വന്തം വ്യക്തിത്വം വെളിപ്പെടുത്തുവാനും ചുറ്റുമുള്ളവരില്‍ നിന്നും ഫീഡ്ബാക്ക് ചോദിച്ചുവാങ്ങുവാനും ലഭിക്കുന്ന പ്രതികരണങ്ങള്‍ ശരിയായ അര്‍ത്ഥത്തില്‍ സ്വീകരിക്കുവാനും വ്യക്തി സദാ സന്നദ്ധനായിരിക്കണം.
ഒരു ബിസിനസ്സ് സ്ഥാപനത്തിന് ഇക്കാര്യത്തില്‍ ചെയ്യാവുന്നത് ഇതാണ്. കഴിയുന്നതും തുറന്ന ആശയവിനിമയവും അഭിപ്രായ പ്രകടനങ്ങളും പ്രോത്സാഹിപ്പിക്കുക സ്ഥാപനത്തിന്റെ പൊതുവായ അച്ചടക്കം നിലനിര്‍ത്തിക്കൊണ്ടുതന്നെ.
വ്യക്തികളും ഗ്രൂപ്പുകളും തമ്മില്‍ പരസ്പര പൂരകമായി ആശയങ്ങള്‍ കൈമാറുകയും വ്യക്തിത്വത്തെ മാനിച്ചുകൊണ്ടുതന്നെ പ്രതികരിക്കുകയും ചെയ്യുന്ന ഒരു അന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ സ്ഥാപനത്തിന്റെ എല്ലാ തലങ്ങളില്‍നിന്നുമുള്ള ശ്രമം ഉണ്ടാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: