കാഞ്ഞങ്ങാട്: കേന്ദ്ര സര്‍ക്കാറിന്റെ ഒട്ടനവധി ജനക്ഷേമ പദ്ധതികള്‍ ഇടതുമുന്നണി സര്ക്കാറിന്റെയാണെന്ന് സമര്‍ത്ഥിച്ച് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. ഹൊസ്ദുര്‍ഗ് മാരാര്‍ജി മന്ദിരത്തില്‍ നടന്ന കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്പൂര്‍ണ്ണ വൈദ്യുതിയെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം സംസ്ഥാന സര്‍ക്കാറുകള്‍ പൂര്‍ണ്ണമായും നടത്തിക്കൊണ്ടിരിക്കുകയാണ്. എല്ലാ വീട്ടിലും വൈദ്യുതിയെത്തിക്കുവാന് കേന്ദ്രത്തിന്റെ ജനക്ഷേമ പദ്ധതികളില്‍ മുഖ്യ അജണ്ടയാണ്. ഇത് കേരളത്തിലെ ഓരോ വീടുകളിലും പ്രവര്‍ത്തികമാക്കിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ മഹത്തരമായ പ്രവര്‍ത്തനം കേരള സര്‍ക്കാര്‍ തങ്ങളുടെ അജണ്ടയായി സ്വീകരിച്ച് കൊണ്ട് സിപിഎം മുമ്പോട്ട് പോവുകയാണ്. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ പലതും സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാറിന്റെ ഒട്ടനവധി ജനക്ഷേമ പദ്ധതികള്‍ ഏറ്റവും താഴെ തട്ടിലുളള ജനങ്ങളിലേക്ക് എത്തിക്കുവാനും അവരെ ബോധവല്‍ക്കരണം നടത്തുവാനും ബൂത്തടിസ്ഥാനത്തില്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും, ഇതിന്റെ ഭാഗമായി ലോകസഭാ മണ്ഡലത്തിലെ ബൂത്ത് തല പ്രവര്‍ത്തകരുടെ സമ്മേളനം നടത്താനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി.നായ്ക്, സംസ്ഥാന കമ്മറ്റി അംഗം ടി.കെ.വേലായുധന്, ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്, ജില്ലാ സെക്രട്ടറി എം.ബല്‍രാജ്, അഡ്വ. വി.ബാലകൃഷ്ണഷെട്ടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: