തിരുവനന്തപുരം: വ്യവസായ അന്തരീക്ഷം അനുകൂലമാക്കാനും വ്യവസായം തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും ബന്ധപ്പെട്ട നിയമങ്ങള്‍ ഏകീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
കേരള പഞ്ചായത്ത് ആക്ട്, കേരള മുനിസിപ്പാലിറ്റി ആക്ട്, കെട്ടിട നിര്‍മാണചട്ടങ്ങള്‍, കേരള ലിഫ്റ്റ്സ് ആന്റ് എസ്കലേറ്റേഴ്സ് ആക്ട്, മൂല്യവര്‍ധിത നികുതി നിയമം, ജലവിഭവ നിയന്ത്രണ നിയമം, കേരള ഫാക്ടറീസ് റൂള്‍സ്, ഹെഡ്ലോഡ് വര്‍ക്കേഴ്സ് ആക്ട്, ഷോപ്പ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്റ് ആക്ട്, ഇന്റര്‍ സ്റ്റേറ്റ് മൈഗ്രന്റ് വര്‍ക്കേഴ്സ് റഗുലേഷന് റൂള്‍സ്, കേരള കോണ്‍ട്രാക്ട് ലേബര്‍ ആക്ട്, കേരള മോട്ടോര്‍ വര്‍ക്കേഴ്സ് റൂള്‍സ് തുടങ്ങിയ നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തി നടപടിക്രമങ്ങള്‍ ലളിതമാക്കുകയും ഏകീകരിക്കുകയും ചെയ്യും.
അതോടൊപ്പം കേരള ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന് ആന്റ് ഫെസിലിറ്റേഷന്‍ ആക്ട് എന്ന പേരില്‍ പുതിയ നിയമം ഉണ്ടാക്കാനും മന്ത്രിസഭ തീരുമാനിച്ചു.
നിര്‍ദിഷ്ട നിയമ ഭേദഗതികള്‍ അംഗീകരിക്കുമ്പോള്‍ വ്യവസായ ലൈസന്‍സ് നല്‍കാനും റദ്ദാക്കാനും പ്രാദേശിക സ്ഥാപനങ്ങള്‍ക്കുള്ള വിവേചനാധികാരം ഇല്ലാതാകും. പകരം ബന്ധപ്പെട്ട വകുപ്പുകളുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി തീരുമാനമെടുക്കേണ്ടിവരും. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ക്ലിയറന്‍സ് ആശുപത്രികള്‍ക്കും പാരാ മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്കും ആരോഗ്യ സംബന്ധമായ സ്ഥാപനങ്ങള്‍ക്കും മാത്രം മതിയാകും.
ഫാക്ടറി സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നതിനുള്ള സമയപരിധി കുറയ്ക്കും. ഗ്രീന്‍, വൈറ്റ് വിഭാഗത്തില്‍ പെടുന്ന വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിന് മുന്‍കൂട്ടി അനുമതി വേണ്ടിവരില്ല. നിശ്ചിത ഫീസ് അടച്ചാല്‍ ലൈസന്‍സ് സ്വാഭാവികമായി പുതുക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: