ചിറ്റൂര്‍: കൊഴിഞ്ഞാമ്പാറയില്‍ കോഴിക്കടത്ത് മാഫിയയുടെ ഗുണ്ടാവിളയാട്ടം. പോലീസ് പിടികൂടിയ കോഴിവണ്ടി സെയില്‍ ടാക്സ് ഉദ്യോഗസ്ഥര്‍ ഏറ്റെടുത്ത് കൊണ്ടുപോവുന്നതിനിടെ നാലംഗ സംഘം തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ ഒമ്പത് മണിക്കാണ് കൊഴിഞ്ഞാമ്പാറ എസ്ഐ എസ്. സജികുമാറിന്റെ നേതൃത്വത്തില്‍ ചിറ്റൂര്‍ നാലാം മൈലില്‍ നിന്നും അനധികൃത കോഴിക്കടത്ത് പിടികൂടിയത്. തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവന്ന കോഴി നികുതിവെട്ടിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. കൊഴിഞ്ഞാമ്പാറ സ്റ്റേഷനിലെത്തിച്ച വണ്ടി പിന്നീട് സെയില്‍ ടാക്സ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. 2500 കിലോ കോഴിയാണ് വണ്ടിയിലുണ്ടായിരുന്നത്. ഇതിന് 1.80 ലക്ഷം രൂപ നികുതി നല്‍കണമെന്ന് വാഹന ഉടമയോട് ജീവനക്കാര്‍ വ്യക്തമാക്കി.
പിഴ കണക്കാക്കി നോട്ടീസ് നല്‍കിയെങ്കിലും നോട്ടീസ് സ്വീകരിക്കാന്‍ ഡ്രൈവര്‍ തയ്യാറായില്ല. പിന്നീട് പോലീസിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് നോട്ടീസ് സ്വീകരിക്കാന്‍ തയ്യാറായത്. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പിഴയടക്കാന്‍ തയ്യാറാവാതായതോടെ ഉച്ചയോടെ വില്‍പ്പന നികുതി അധികൃതര്‍ വാഹനം പാലക്കാട്ടേക്ക് കൊണ്ടുപോയി മാര്‍ക്കറ്റില്‍ വില്‍പ്പന നടത്തുവാന്‍ തീരുമാനിച്ചു.
സ്റ്റേഷനില്‍ നിന്നും വാഹനം പോലീസ് അകമ്പടിയോടെ കൊണ്ടു പോകവേ കൊഴിഞ്ഞാമ്പാറ ഗസ്റ്റ് ഹൗസിനു മുന്നില്‍ വച്ച് കോഴിക്കടത്ത് മാഫിയ അക്രമം നടത്തുകയായിരുന്നു. കാറിലെത്തിയ നാലംഗ സംഘം വാഹനം തടഞ്ഞു നിര്‍ത്തി വണ്ടിയുടെ താക്കോലുമായി കടന്നു കളയുകയായിരുന്നു.
പിന്നീട് വില്‍പ്പന നികുതി ഉദ്യോഗസ്ഥര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് എസ് ഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസെത്തി കോഴിവണ്ടി പാലക്കാട്ടേക്ക് മാറ്റി. ഇറച്ചിക്കോഴികളെ മാര്‍ക്കറ്റില്‍ വില്‍പ്പന നടത്തി തുക പിഴയിനത്തില്‍ കണക്കാക്കുമെന്ന് വില്‍പ്പന നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സംഭവത്തില്‍ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലങ്കോട് സ്വദേശികളായ കാജാ ഹുസൈന്(35), മദന്‍ കുമാര്‍(26), ഡ്രൈവര്‍ ആഷിഖ് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
വടക്കഞ്ചേരി പന്നിയങ്കരയിലും നികുതി വെട്ടിച്ച് കടത്തിയ ഒരു ലോഡ് കോഴി പൊലീസ് പിടികൂടി. രണ്ട്ദിവസം മുമ്പും കൊഴിഞ്ഞാമ്പാറയില്‍ 3.29 ലക്ഷം രൂപയുടെ കോഴിക്കടത്ത് പിടികൂടിയിരുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുളളില്‍ 25 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: