ജീവിതാനുഭവങ്ങളാണ് എഴുത്തിനുള്ള മൂലധനം. ഇവിടെ കടല്‍പോലെ അനുഭവങ്ങള്‍ അക്ഷരങ്ങളിലാക്കിയപ്പോള്‍ വിമലാരാജാകൃഷ്ണന്‍ എന്ന പത്രാധിപയുടെ പേരില്‍ ചേര്‍ക്കപ്പെട്ടത് പതിനാല് പുസ്തകങ്ങള്‍. അതില്‍ ഇതിഹാസ തുല്യമായ ക്ഷേത്രസഞ്ചാര സാഹിത്യമുണ്ട്. ഹിമാലയം, നേപ്പാള്‍, റഷ്യ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ യാത്രാനുഭവങ്ങളുണ്ട്. നാല് പതിറ്റാണ്ടായി പത്രാധിപ എന്ന സ്ഥാനത്തിരുന്നപ്പോള്‍ ലഭിച്ച പൊള്ളുന്ന അനുഭവങ്ങളുടെ വിവരണങ്ങളുണ്ട്.
മൂര്‍ച്ചയേറിയ സാമൂഹ്യവിമര്‍ശനങ്ങളുടെ തലക്കുറിപ്പ് ശേഖരമുണ്ട്. ഇതെല്ലാം വായനക്കാരായ പതിനായിരങ്ങളെ സ്വാധീനിച്ചിട്ടും വിമലയുടെ വാക്കുകള്‍ ഇങ്ങനെയാണ്. ‘ഞാന്‍ ഒരു സാഹിത്യകാരിയല്ല, സാധാരണക്കാരിയാണ്. സാധാരണക്കാരില്‍ സാധാരണക്കാരി. അങ്ങനെ മാത്രമേ എന്റെ രചനകള്‍ സമൂഹവുമായി സംവദിക്കൂ. അതാണ് സത്യവും.
ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്തായി കാണുന്നത് മഹാരഥന്മാരായ നിരവധി വ്യക്തിത്വങ്ങളെ അടുത്തറിയാന്‍ സാധിച്ചതാണ്. എന്‍.വി. കൃഷ്ണവാര്യര്‍, വൈക്കം ചന്ദ്രശേഖരന്‍നായര്‍, ഉറൂബ്, ഇടമറുക്, കെ.എസ്. ചന്ദ്രന്, എം.കെ. സാനു മാസ്റ്റര്‍, സുബ്ബയ്യപിള്ള, വെട്ടൂര്‍ രാമന്നായര്, കെ.വി.എസ്. ഇളയത്, എസ്. രാമകൃഷ്ണന്… അങ്ങനെ പോകുന്നു ആ പട്ടിക. കുങ്കുമവും നാനയും കേരളശബ്ദവും മുഖേന പരിചയപ്പെട്ടവരാണ് ഇവരെല്ലാം. അനിതരസാധാരണമായ അറിവുകളാല്‍ സമ്പന്നരായ സാഹിത്യകാരന്മാരും ചരിത്രകാരന്മാരും. അവരിലൂടെ ലോകപരിചയം വ്യാപൃതമാക്കാന്‍ സാധിച്ചതുതന്നെ വലിയ നേട്ടമാണ്. വായിക്കാനും എഴുതാനുമുള്ള ശക്തി തന്നത് അച്ഛന് ആര്. കൃഷ്ണസ്വാമി റെഡ്ഢ്യാര്‍ തന്നെ.’
കുങ്കുമം, നാന, മഹിളാരത്നം, ജ്യോതിഷരത്നം, ഹാസ്യകൈരളി എന്നീ പ്രസിദ്ധീകരണങ്ങളുടെ അമരക്കാരിയാണ് വിമലാരാജാകൃഷ്ണന്‍. രാഷ്ട്രീയകേരളത്തിന്റെ ദിശയറിയുന്ന കേരളശബ്ദം വാരികയുടെ ഉടമയായിരുന്ന ആര്. കൃഷ്ണസ്വാമി റെഡ്ഢ്യാരുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന പുത്രി. എഴുത്തിന്റെ ചിട്ടയിലേക്ക് വിമലയെ ആദ്യം കൊണ്ടുവന്നത് 13 ദിവസം നീണ്ടുനിന്ന റഷ്യന്‍ യാത്രയാണ്. സോഷ്യലിസത്തിന്റെ നാട്ടില്‍ 12 ദിനങ്ങള്‍ എന്ന ആ യാത്രാവിവരണപുസ്തകം 86 ല്‍ സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡ് വിമലയ്ക്ക് നേടിക്കൊടുത്തു.
’80 കളുടെ ആദ്യത്തില്‍ നടത്തിയ ആ യാത്രയ്ക്ക് പുറപ്പെടുമ്പോള്‍ തന്നെ കുങ്കുമത്തിന്റെ പത്രാധിപരായിരുന്ന എന്‍.വി. കൃഷ്ണവാര്യര്‍ ഉപദേശം കൊടുത്തു: എന്തുമായിക്കോട്ടെ, രാത്രിയില്‍ മുറിയിലെത്തിയാല്‍ അന്നന്ന് കണ്ട കാര്യങ്ങള്‍, സ്ഥലങ്ങള്‍, പേരുകള്‍ എന്നിവ കുറിപ്പ് പുസ്തകത്തില്‍ എഴുതിവയ്ക്കണം. ഇത് അക്ഷരംപ്രതി പാലിച്ചു. എല്ലാ ദിവസവും രാത്രി സംക്ഷിപ്തമായി വിവരങ്ങള്‍ കടലാസിലാക്കി. നാട്ടില്‍ വന്ന ശേഷം എന്‍.വിയുടെ നിര്‍ദ്ദേശപ്രകാരം ആ കുറിപ്പുകള്‍ ലേഖനങ്ങളാക്കപ്പെട്ടു. ”ഓരോ ലേഖനവും എഴുതിക്കഴിഞ്ഞാല്‍ അത് സാറിന്റെ ടേബിളില്‍ എത്തിക്കും. ഉച്ചയ്ക്ക് അദ്ദേഹത്തിന്റെ ക്യാബിനില്പോയി ഒരു വിദ്യാര്‍ത്ഥിയുടെ മനോഭാവത്തോടെ മുന്നിലിരിക്കും.
എഴുത്തിലേ നന്മകളെക്കുറിച്ച് അഭിനന്ദനങ്ങള്‍ നല്‍കിക്കൊണ്ടുതന്നെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി അവ പച്ചമഷി കൊണ്ട് തിരുത്തി കയ്യില്‍ തരും. ആദ്യത്തെ പതര്‍ച്ച വിട്ടൊഴിഞ്ഞപ്പോള്‍ എഴുത്തും എന്‍.വി. സാറിന്റെ ക്ലാസും ഒരൊഴുക്കില്‍ മുന്നോട്ടുനീങ്ങി. ഒരുപക്ഷേ പില്ക്കാലത്ത് യാത്രാവിവരണങ്ങള്‍ എഴുതുവാനുള്ള ഏറ്റവും നല്ല പരിശീലനം ലഭിച്ചത് ഞങ്ങളുടെ എഴുത്തുപുരയുടെ കാരണവരെന്ന് മനസ്സുകൊണ്ട് നിത്യേന നമിക്കുന്ന എന്‍.വിയുടെ വഴികാട്ടലില്നിന്നുതന്നെ ആയിരിക്കാം.
കന്നിയെഴുത്തില് കുറെയേറെ പുതിയ പ്രയോഗങ്ങള്‍ ഞാന്‍ ഉപയോഗിച്ചിരുന്നു. മലയാളത്തിന് ആ പ്രയോഗങ്ങള്‍ ഒരു മുതല്‍ക്കൂട്ടാണെന്ന് പറയാന്‍ എന്റെ ഗുരുനാഥന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ബ്രഹ്മാണ്ഡം എന്ന് ഞാന്‍ അവിടുത്തെ സര്‍ക്കസ് കൂടാരത്തെ വര്‍ണ്ണിച്ചപ്പോള്‍ എന്‍.വി. സാര്‍ പറഞ്ഞത്, നല്ല പ്രയോഗം. ഇത് മലയാളത്തിന് ഒരു സംഭാവനയായി നില്ക്കട്ടെ എന്നായിരുന്നു. ഇത്തരത്തിലുള്ള പ്രോത്സാഹനം എന്റെ എല്ലാ സഹപ്രവര്‍ത്തകരില്‍നിന്നും ലഭിച്ചിട്ടുണ്ട്.’
യാത്രാക്കുറിപ്പുകള്‍ പിന്നീട് നിരവധിയായിരുന്നു. ഓരോ രാജ്യവും കണ്ട്, അതിന്റെ സവിശേഷതകള്‍ വിവരിച്ച്, അവിടുത്തെ ജീവിതങ്ങളെ പകര്‍ത്തി, സംസ്ക്കാരങ്ങളെ അടുത്തറിഞ്ഞ്… അങ്ങനെയായിരുന്നു എഴുത്ത്. സ്വതന്ത്രമായി എഴുതാന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. കയ്യില്‍ കിട്ടുന്ന ചെറിയ നോട്ടീസില്‍ നിന്നുപോലും പുതിയ വാക്കുകള്‍ പഠിക്കണമെന്ന് നിഷ്കര്‍ഷയുണ്ടായിരുന്നു. അതിനാല്‍ വായന, എപ്പോഴും ജീവിതത്തിന്റെ ഭാഗമാണ്. ഓര്‍മ്മകളുടെ മാധുര്യവും വിഷാദവും സ്നേഹസൗഹൃദങ്ങളുടെ അടയാളങ്ങളും രേഖപ്പെടുത്തിയ കണ്ണീര്‍പൂക്കള്‍ എന്ന കൃതി തന്റെ സഹയാത്രികരുടെ ജീവിതാനുഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് വിമല തയ്യാറാക്കിയിരിക്കുന്നത്.
തൂലികത്തുമ്പില്‍നിന്ന്, തൂലികയിലെ തേന്തുള്ളികള് എന്നീ കൃതികളില്‍ പത്രപ്രവര്‍ത്തക എന്ന നിലയില്‍ താനുമായി അനുഭവങ്ങള്‍ പങ്കിട്ടവരുടെ വേദനകള്‍ സമൂഹത്തിലെത്തിക്കുന്നുണ്ട്. വേറിട്ട വിഷയങ്ങള്‍ തികച്ചും വ്യത്യസ്തമായ കോണുകളിലൂടെ സമീപിക്കുന്നതാണ് കുങ്കുമപൊട്ട്, കുങ്കുമച്ചെപ്പ് എന്നീ പുസ്തകങ്ങള്‍. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടെന്ന് വ്രണിത ഹൃദയങ്ങളെ ബോധ്യപ്പെടുത്തുന്ന അനുഭവസമ്പന്നതയാര്ന്ന രചനയാണ് ആഴിയും തിരയും പിന്നെ കാറ്റും, ജീവിതത്തിന്റെ വിവിധ പന്ഥാവിലൂടെ സഞ്ചരിച്ചപ്പോള്‍ വീണുകിട്ടിയ മുത്തുകള്‍ കോര്‍ത്തിണക്കി ഹാരമാക്കിയ കൃതിയാണ് വിരല്‍തുമ്പിനുമപ്പുറം.
ആശയങ്ങളുടെ ഒരു ജുഗല്‍ബന്ദി. അന്‍പത്തിയാറ് മഹേശ്വരസന്നിധികളിലൂടെ നടത്തിയ തീര്‍ത്ഥയാത്രകള്‍ തനിമ ചോരാതെ അവതരിപ്പിക്കുന്ന സത്യം, ശിവം, സുന്ദരം, നൂറ്റിയെട്ട് വൈഷ്ണവക്ഷേത്രങ്ങളിലൂടെയുള്ള യാത്ര വായനക്കാരനും സസൂക്ഷ്മം അനുഭവവേദ്യമാക്കുന്ന എത്രയെത്ര ദേവനാരായണണന്മാര് എന്നീ രചനകള്‍ പകരം വെയ്ക്കാനില്ലാത്തവയാണ്. ക്ഷേത്രസംബന്ധിയായ ഗ്രന്ഥങ്ങള്‍ എക്കാലത്തേയും റഫറന്‍സ് ഗ്രന്ഥമായി അനുഭവപ്പെടുന്നതാണ്.
ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര, ഷണ്മുഖം ശരണം പ്രപദ്യേ, വൈവിധ്യങ്ങളുടെയും വര്‍ണ്ണങ്ങളുടെയും നാട്ടില്‍ എന്നിവയാണ് വിമലയുടെ മറ്റ് രചനകള്‍. ഭര്‍ത്താവും കേരളശബ്ദം മാനേജിങ് എഡിറ്ററുമായ ഡോ. ബി.എ. രാജാകൃഷ്ണന്റെ അനുഗ്രഹാശിസ്സുകളും പിന്‍ബലവും ഏറെയുണ്ട് ഈ രചനകള്‍ക്ക് പിന്നില്‍. ഒരമ്മയായി, സഹോദരിയായി, മകളായി, മാര്‍ഗ്ഗനിര്‍ദ്ദേശകയായി ഒരാള്‍ വഴിതെളിക്കുന്നതായി വിമലയുടെ സഞ്ചാരരചനകളില് ആഴുമ്പോള്‍ വായനക്കാരന് അനുഭവപ്പെടും. ലോകത്തെ ഏറ്റവും വൃത്തിയും വെടിപ്പുമുള്ള ആരാധനാലയം തിരുപ്പതിയാണെന്ന് 67 കാരിയായ വിമല നിസംശയം പറയുന്നു.
ഭക്തര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാ ത്ത അവിടുത്തെ സംവിധാനം ലോകത്തിനുതന്നെ മാതൃകയാണ്. കടപ്പുറത്തിന്റെ സൗന്ദര്യത്തിന് അപ്പുറം നൂറ്റാണ്ടുകളുടെ സംസ്ക്കാരം ഉറങ്ങുന്ന ഭൂമികയാണ് ചെന്നൈ മുതല്‍ ഒറീസവരെയുള്ള കടല്‍തീരം. അതിനെ യഥാവിധി അക്ഷരചെപ്പിലാക്കുകയാണ് വിമലയുടെ അടുത്തലക്ഷ്യം. ചരിത്രശേഷിപ്പുകളുടെ സമ്പന്നതയാണ് ഈ കടല്‍തീരം. ഇതിനെ തിരിച്ചറിയാന്‍ ഭാവിതലമുറയ്ക്കാകണം. കേവലം ഫെയ്സ്ബുക്കിലും വാട്സ് ആപ്പിലും മാത്രമായി ചുരുങ്ങുന്ന ഭാവിതലമുറയ്ക്ക് ശരിയായ ദിശ കാണിച്ചുകൊടുക്കണമെന്നത് വിമലയുടെ വലിയ ആഗ്രഹമാണ്. ക്ഷേത്രങ്ങളെന്നാല്‍ ഹൈന്ദവതയ്ക്കുമപ്പുറം ചരിത്രത്തിന്റെ അടയാളപ്പെടുത്തലുകളാണ്.
രാഷ്ട്രീയസംബന്ധമായ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തോട് വിമലയുടെ പ്രതികരണം ഇങ്ങനെ: രാഷ്ട്രീയത്തോട് യാതൊരു താല്‍പ്പര്യവുമില്ല. ക്ഷേത്ര ആരാധിക ആയതിനാലും കുങ്കുമപ്പൊട്ടും ചന്ദനക്കുറിയും നെറ്റിയില്‍ സമൃദ്ധമായതിനാലും പലരും തന്റെ രാഷ്ട്രീയചായ്വിനെ തെറ്റായി ധരിച്ചിട്ടുണ്ട്. അതില്‍ തെല്ലും വിഷമമില്ല. നരേന്ദ്രമോദിക്ക് കൃത്യമായ ദര്‍ശനമുണ്ട്. അത് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ ഉതകുമെന്ന വിശ്വാസം എല്ലാ സാധാരണക്കാരെയും പോലെ എനിക്കുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: