കാഞ്ഞങ്ങാട്: കനത്ത ചൂടില്‍ ആശ്വസമായി പെയ്തിറങ്ങിയ വേനല്‍ മഴ ജില്ലയില്‍ വ്യാപകമായി കനത്ത നാശനഷ്ടം വിതച്ചു. കഴിഞ്ഞ രാത്രി പന്ത്രണ്ടരയോടെയാണ് കനത്ത ഇടിമിന്നലോടു കൂടി കനത്ത മഴ പെയ്തത്. മരങ്ങളും തെങ്ങും പൊട്ടിവീണ് നിരവധി വീടുകള്‍ തകര്‍ന്നു. ടെലഫോണ്‍ വൈദ്യുതി ബന്ധങ്ങളും താറുമാറായി. വേലാശ്വരം സ്കൂളിന് സമീപത്ത് അത്തിക്കാല്‍ അമ്പുവിന്റെ വീട് ഇടിമിന്നലില്‍ തകര്‍ന്നു. ഭാര്യ കല്യാണി(60)ക്ക് തലക്ക് സാരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍മ്മാണത്തിലിരിക്കുന്ന വീടും ഇവര്‍ താമസിച്ച പഴയ വീടുമാണ് തകര്‍ന്നത്. അമ്പുവും കുടുംബവും പഴയ വീട്ടിലായിരുന്നു കിടന്നുറങ്ങിയത്. മക്കളായ സുരേഷ്, വിജയന്, അജയന്, വിജയന്റെ ഭാര്യ മമത, മൂന്ന് വയസ്സുള്ള കുട്ടി എന്നിവരും വീട്ടിലുണ്ടായിരുന്നുവെങ്കിലും ഇവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഏതാണ്ട് അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മടിക്കൈ ചാളക്കടവിലെ ബാലാമണി വിജയന്റെ വീടിന്റെ അടുക്കള ഭാഗം തെങ്ങ് കടപുഴകി വീണ് ഭാഗികമായി തകര്‍ന്നു. പാരപ്പറ്റ്, സണ്‍സൈറ്റ്, അടുക്കളയുടെ ഒരു ഭാഗം എന്നിവയാണ് തകര്‍ന്നത്. അരലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നഗരസഭാ കൗണ്‍സിലര്‍ അജയ്കുമാര്‍ നെല്ലിക്കാട്ടിന്റെ നെല്ലിക്കാട്ടുള്ള തറവാട് വീടും തെങ്ങ് കടപുഴകി വീണ് ഒരു ഭാഗം തകര്‍ന്നു. കാഞ്ഞങ്ങാട് നഗരസഭ, മടിക്കൈ, കിനാനൂര്‍ കരിന്തളം പഞ്ചായത്തുകളില്‍ വ്യാപകമായി കൃഷിനാശം ഉണ്ടായി. നഗരസഭയിലെ അബൂബക്കര്‍, ഇ.എല്‍.നാസര്‍, മുനീര്‍, അന്തു, രാജു, മധു, നാരായണന്, ഇക്ബാല്‍, ശോഭ, പി.കെ. കാര്‍ത്ത്യായനി, പി.കെ.സന്തോഷ്, പി.ശോഭ, ബി.നാരായണി, ടി.പുഷ്പ, ബേബി എന്നിവരുടെ വാഴകൃഷി പൂര്‍ണ്ണമായും നശിച്ചു. മടിക്കൈ പഞ്ചായത്തിലെ ബങ്കളം, ആലമ്പാടി, ആലയി, കീക്കാംകോട്ട്, മണക്കടവ്, പളളത്തുവയല്, കക്കാട്ട്, മലപ്പച്ചേരി ഭാഗങ്ങളില്‍ നിരവധി വാഴകള്‍ കാറ്റില്‍ തകര്‍ന്നുവീണു. മൂപ്പെത്താറായ നേന്ത്രക്കുലകളാണ് കാറ്റില്‍ തകര്‍ന്നുവീണത്. മടിക്കൈയില്‍ മാത്രം ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ബാങ്ക് ലോണെടുത്തും മറ്റുമാണ് കര്‍ഷകര്‍ ഇവിടെ നേന്ത്രവാഴ കൃഷി നടത്തിയിരുന്നത്. ബാങ്ക് ലോണെടുത്ത് കൃഷി ചെയ്തവരില്‍ 350 ലധികം വാഴകള്‍ നശിച്ചവരും ഇതിലുള്‍പ്പെടുന്നു. വാഴക്കൃഷിയില്‍ മാത്രം 25 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായി കരുതപ്പെടുന്നു. നാശനഷ്ടമുണ്ടായ സ്ഥലങ്ങള്‍ ജില്ലാ കലക്ടര്‍ ജീവന്‍ബാബു, പഞ്ചായത്ത് പ്രസിഡന്റ് സി.പ്രഭാകരന്, കൃഷി ഓഫീസര്‍ ബൈജു, ശശീന്ദ്രന് മടിക്കൈ എന്നിവര്‍ സന്ദര്‍ശിച്ചു. കടുത്ത വരള്‍ച്ചക്കിടയിലും പ്രയാസപ്പെട്ടാണ് നേന്ത്രവാഴകള്‍ക്ക് ജലസേചനം നടത്തിയിരുന്നത്. ഓര്‍ക്കാപ്പുറത്തുണ്ടായ ഇടിമിന്നലും മഴയും കര്‍ഷകരുടെ പ്രതീക്ഷയാകെ തകര്‍ത്തിരിക്കുകയാണ്. കിനാനൂര്‍ കരിന്തളത്തും വ്യാപക നഷ്ടമുണ്ട് നിരവധി റബ്ബര്‍ മരങ്ങളും കാര്‍ഷിക വിളകളും കാറ്റില്‍ തകര്‍ന്നു. ഒടയംചാല്‍, ചിറ്റാരിക്കാല്‍, വെളളരിക്കുണ്ട് മേഖലകളിലും വന്‍ തോതില്‍ മരം പൊട്ടിവീണ് വൈദ്യുതി ബന്ധങ്ങളും റോഡ് ഗതാഗതവും താറുമാറായിട്ടുണ്ട്. ഇടിമിന്നലില്‍ നിരവധി സ്ഥലങ്ങളില്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങളും നശിച്ചിട്ടുണ്ട്. മാവുങ്കാല്‍ 33 കെ വി സബ് സ്റ്റേഷനില്‍ നിന്നുളള തകരാറുമൂലം നീലേശ്വരം, കാഞ്ഞങ്ങാട്, ചിത്താരി, പടന്നക്കാട്, ചോയ്യങ്കോട് എന്നിവിടങ്ങളില്‍ വൈദ്യുതി ബന്ധം താറുമാറായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: