കഴിഞ്ഞ ആഴ്ചയുടെ അവസാനം എറണാകുളത്ത് ദേശീയ മനസ്കര്‍ക്ക് ആഹ്ലാദം പകര്‍ന്ന അവസരം ദാനം ചെയ്തുകൊണ്ട് സര്‍വാദരണീയനായ പരമേശ്വര്‍ജിയുടെ നവതി ആഘോഷ സംഗമങ്ങള്‍ നടന്നു. അതിന്റെ സെമിനാറും, ഞായറാഴ്ച ഭാസ്കരീയത്തില്‍ നടന്ന് ആദരണസഭയുമൊക്കെ ആ മഹാമനീഷിയുടെ മുന്നില്‍ ശിരസ്സു നമിക്കാന്‍ എല്ലാവര്ക്കും അവസരമുണ്ടാക്കി.
അദ്ദേഹം ആയിരം പൂര്ണചന്ദ്രന്മാരെ ദര്‍ശിച്ച വര്‍ഷത്തെ പിറന്നാള്‍ അവസരത്തില്‍, ഇതേപോലെ പരിപാടികള്‍ക്കു സംഘത്തിലെ ഉന്നതാധികാരികള്‍ ശ്രമിച്ചിരുന്നു. അന്ന് വിഷയം അദ്ദേഹത്തിന്റെ മുന്നില്‍ എങ്ങനെ, ആര്, അവതരിപ്പിക്കുമെന്നുപോലും തീരുമാനമായിരുന്നില്ല.
ഇക്കുറി നടന്ന മുഖ്യ പരിപാടി. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളെ മുന്നോട്ടുവക്കുന്ന സെമിനാറുകള്‍ ആയിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ഭാരതത്തിന്റെ ദേശീയത്തനിമയെ വീണ്ടെടുത്ത്, ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഭാരതത്തെ സൃഷ്ടിക്കുന്നതിനുപകരം, ആയിരം വര്‍ഷത്തെ വിദേശ വാഴ്ചക്കാലത്ത് അടിഞ്ഞു കൂടിയ സാംസ്കാരികദാസ്യത്തില് തന്നെ കഴിഞ്ഞുകൂടിയ അവസ്ഥയില്‍ നിന്ന് ആ രാഷ്ട്രത്തെ വീണ്ടെടുക്കാനുള്ള ബൗദ്ധികവും മാനസികവുമായ തയ്യാറെടുപ്പിന്റെ ഭാഗമായിരുന്നു സെമിനാറുകളെന്ന് പറയാം.
സ്വദേശി സമ്പദ്വ്യവസ്ഥയുടെ ആശയാവിഷ്ക്കരണത്തില് മുഖ്യ പങ്കുവഹിച്ച ചിന്തകന്‍ എസ്. ഗുരുമൂര്‍ത്തി, പാശ്ചാത്യ അമേരിക്കന്‍ സാങ്കേതിക വിദ്യാ മേല്ക്കോയ്മക്കറുതി വരുത്തിക്കൊണ്ട് ഭാരതത്തിനു വേണ്ടി ‘പരം’ എന്ന സൂപ്പര്‍ കമ്പ്യൂട്ടര്‍ രൂപകല്പന ചെയ്ത്, അവരെ ഞെട്ടിക്കുകയും രാജ്യത്തിന് അവര്‍ക്കുമുന്നില്‍ തല ഉയര്‍ത്തിപ്പിടിക്കാന്‍ അവസരമുണ്ടാക്കുകയും ചെയ്ത, വിദ്യാഭ്യാസ ചിന്തകന്‍ കൂടിയായ നാളന്ദ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വിജയ ഭട്കര്‍, ദളിതരുടെ സാമൂഹ്യവിഷയങ്ങളില്‍ ചിന്തകനും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. സഞ്ജയ് പാസ്വാന്, പൂനെ ഫര്ഗൂസന് കോളജിലെ ഡോ. പ്രസന്ന ദേശ്പാണ്ഡേ, ഓര്‍ഗനൈസര്‍ വാരിക പത്രാധിപര്‍ പ്രഫുല്ലകേത്കര്‍, പ്രജ്ഞാ പ്രവാഹ് സംയോജകന്‍, ജെ. നന്ദകുമാര്‍, പരിസ്ഥിതി പ്രവര്ത്തകന് ഡോ. വിജയന് തുടങ്ങിയവരാണ് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചത്.
ഓരോ ആളും അതതു വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനം നടത്തി, ദേശീയമായ കാഴ്ചപ്പാടില്‍ അത് അവതരിപ്പിച്ചുവെന്നതാണ് പ്രത്യേകത. ഒരുകാലത്ത് ഇടതുപക്ഷ ബുദ്ധിജീവികളും, കപടമതേതരവാദികളും ഇസ്ലാമിക മൗലികവാദികളും വെവ്വേറെയും പലപ്പോഴും കൂട്ടായും, പാശ്ചാത്യ വീക്ഷണത്തിലൂടെയോ മാര്‍ക്സിസ്റ്റ് വീക്ഷണത്തിലൂടെയോ മാത്രം വിശകലനം ചെയ്ത് യാഥാര്‍ത്ഥ്യങ്ങളെ തമസ്കരിച്ച വിഷയങ്ങളെയെല്ലാം ഭാരതീയ പരിപ്രേക്ഷ്യത്തില്‍ വീണ്ടെടുത്തു പ്രസ്ഥാപിക്കാനുള്ള പ്രയത്നത്തിന്റെ ഭാഗമായിരുന്നു എറണാകുളത്തെ നവതി ആഘോഷ സെമിനാര്‍ എന്നുപറയാം.
അതില്‍ പ്രബന്ധാവതാരകര്‍ നൂറുശതമാനവും വിജയിച്ചുവെങ്കിലും ഈ പ്രക്രിയയെ മുന്നോട്ടു കൊണ്ടുപോകേണ്ട ഭാരിച്ച ഉത്തരവാദിത്തം ബാക്കി കിടക്കുകയാണ്. അവിടെ ചര്‍ച്ചയ്ക്കു വന്നത് പ്രസക്തമായ ഏതാനും അടിസ്ഥാനവിഷയങ്ങളായിരുന്നു. ഇനിയും ധാരാളം വിഷയങ്ങള്‍ കിടക്കുന്നു. അവയുടെയൊക്കെ പ്രായോഗികമായ നിര്‍വഹണത്തിനും ഉപായങ്ങള്‍ ആവിഷ്കരിക്കേണ്ടതുണ്ട്. അതൊക്കെ ഭരണം കൈകാര്യം ചെയ്യുന്നവരുടെ ചുമതലയായിരിക്കും. അങ്ങനെ 60 വര്‍ഷം കൈകാര്യം ചെയ്തവരാണല്ലോ രാജ്യത്തെ കുളത്തിലിറക്കിയത്.
കലൂരിലെ എ.ജെ. ഹാളില്‍ നടന്ന സെമിനാറും ഭാസ്കരീയത്തിലെ സമാദരണ സഭയും പരമേശ്വര്‍ജിയെ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന, അദ്ദേഹത്തിന്റെ സ്നേഹവാത്സല്യങ്ങള്‍ അനുഭവിച്ച ആയിരങ്ങള്‍ക്ക് ഒത്തുചേരാനുള്ള അവസരം കൂടിയായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം അത് തികച്ചും ആഹ്ലാദകരമായി. നേരത്തെ തന്നെ അതു കാത്തുകഴിയുകയായിരുന്നു.
പക്ഷേ ഏതുതരത്തില്‍ ആരൊക്കെ ആ പുനസ്സമാഗമത്തില്‍ ഉണ്ടാകുമെന്ന് പ്രവചിക്കാന്‍ കഴിഞ്ഞില്ല. പരമേശ്വര്‍ജിയുമായി ചിലരെ ബന്ധിപ്പിക്കാന്‍ അവസരം ലഭിച്ചതും ഓര്‍ക്കുന്നു. കേരളത്തിന്റെ നവോത്ഥാനത്തെ ദേശീയമായ പരിപ്രേക്ഷ്യത്തില്‍ അവതരിപ്പിച്ച ആദ്യത്തെ പുസ്തകമാണ് അദ്ദേഹം തയ്യാറാക്കിയ നവോത്ഥാനത്തിന്റെ പ്രവാചകന് എന്ന നാരായണഗുരുവിന്റെ ജീവചരിത്രം.
അത് തയ്യാറാക്കി സംഘത്തിലെ മുതിര്‍ന്നവരുമായി പങ്കുവച്ചത് പന്നിയങ്കരയിലെ മാധവജിയുടെ വീട്ടില്‍വച്ചായിരുന്നു. അതിനുശേഷം അത് പകര്‍ത്തിയെഴുതാന്‍ നല്ല കയ്യക്ഷരമുള്ള ആരെ ഏല്‍പ്പിക്കുമെന്ന ആലോചന വന്നപ്പോള്‍ വണ്ടൂരിലെ കിടങ്ങഴി മനയിലെ കോളജ് വിദ്യാര്‍ത്ഥി സേതുമാധവനെ ഞാന്‍ നിര്‍ദ്ദേശിച്ചു. അയാള്‍ അയച്ച ചില കത്തുകളിലെ കയ്യക്ഷരം പരമേശ്വര്ജിക്കിഷ്ടപ്പെട്ടു.
അങ്ങനെ വണ്ടൂരില്‍ പോയി അത് സേതുവിനെ ചുമതലപ്പെടുത്തി. പൂര്‍ത്തിയാക്കി തിരിച്ചുകൊണ്ടുവന്നപ്പോള്‍ ശ്രീനാരായണഗുരുവെക്കുറിച്ചുണ്ടായിരുന്ന ധാരണകളെല്ലാം തിരുത്തപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. സെമിനാര്‍ കേള്‍ക്കാന്‍ വന്ന സേതുമാധവന് അന്നത്തെ അനുഭവങ്ങള്‍ പലരുമായി പങ്കുവച്ചു. അദ്ദേഹമിന്ന് മഞ്ചേരി കേന്ദ്രമാക്കി പ്രശസ്തമായൊരു സിഎ സ്ഥാപനം നടത്തുകയാണ്.
എന്നെ ഏറ്റവും ആഹ്ലാദിപ്പിച്ചത് ആകസ്മികമായി എജെ ഹാളിന്റെ ലോബികളില്‍ സംഭവിച്ച കോട്ടയം കൂട്ടായ്മയായിരുന്നു. ഞാന്‍ കോട്ടയത്ത് പ്രചാരകനായിരുന്ന അരനൂറ്റാണ്ട് മുന്‍പ് അവിടെ വിദ്യാര്‍ത്ഥി സ്വയംസേവകരായിരുന്ന ഏതാനും പേര്‍ക്ക് ഒരുമിച്ചുവന്ന് ഓര്‍മകള്‍ അയവിറക്കാന്‍ അവിടെ അവസരമുണ്ടായി, നാലുദിവസം മുന്‍പുതന്നെ, ഫാക്ടില്‍ ജോലിയായിരുന്ന പഴയ കോട്ടയം കൂട്ടുകെട്ടിലെ രാജന് വിളിച്ച് സെമിനാറില്‍ കാണാമെന്ന് പറഞ്ഞിരുന്നു. അക്കൂട്ടത്തില്‍ എറണാകുളം പരിസരത്തുള്ളവരില്‍ ചിലരുടെ പേരുകള്‍ സൂചിപ്പിക്കുകയുണ്ടായി.
എ.ജെ.ഹാളില്‍ എത്തിയപ്പോള്‍ത്തന്നെ രാജനെ കണ്ടു. അദ്ദേഹം ബാക്കി പേരെ തെരച്ചില്‍ തുടങ്ങി. കുറെക്കഴിഞ്ഞപ്പോള്‍ രണ്ടുപേര്‍ എന്നെ പിടികൂടി. ഒരാള്‍ പരേതനായ പ്രാന്തീയസേവാപ്രമുഖ് കെ.എന്‍. മേനോന്റെ അനുജന് ബാബുജി, മറ്റേയാള്‍ അക്കാലത്തെ പനയക്കഴപ്പ് രാമചന്ദ്രന്റെ അനുജന് ബാബു. അവരുടെ വീടുകള്‍ കോട്ടയം ടൗണിനു പുറത്ത് മീനച്ചിലാറിന്റെ മറുകരയിലായിരുന്നു. ഒരാളുടെ വീട്ടിലേക്ക് പോകാന്‍ തീവണ്ടിപ്പാളത്തിലെ സ്ലീപ്പറുകള്‍ക്കു മുകളിലൂടെ പോകേണ്ടിയിരുന്നു. മഴക്കാലത്തു വെള്ളം കയറുന്നവയായിരുന്നു ഇരവരുടെയും വീടുകള്‍.
ഞായറാഴ്ച ആയപ്പോഴേക്കും അക്കാലത്ത് തിരുനക്കരശാഖയിലെ സ്വയംസേവകനായിരുന്ന ഗുരുവിനെയും രാജന് വിളിച്ചുവരുത്തി. അതിനിടെ അന്ന് കോട്ടയത്ത് പ്രചാരകനായിരുന്ന തൃശ്ശിവപേരൂരിലെ മാധവനുണ്ണിയും വന്നുകൂടി. വാസ്തവത്തില്‍ മാധവന് ഉണ്ണി കോട്ടയത്ത് അന്ന് നല്ലൊരു വിദ്യാര്‍ത്ഥി സമൂഹത്തെ സംഘത്തിലേക്ക് കൊണ്ടുവന്നു. ചിലരൊക്കെ നേരത്തെ തന്നെ ശാഖയില്‍ വന്നവരാണെങ്കിലും അവരെ ഉറപ്പിച്ചത് ഉണ്ണിയുടെ സഹജമായ ലോകസംഗ്രഹ സ്വഭാവമായിരുന്നു. അക്കൂട്ടത്തില്‍ കോളജ് വിദ്യാര്‍ത്ഥികളായ വേറെയും അനേകരുണ്ട്.
ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, കനകരാജന്, ശ്യാമപ്രസാദ്, രാമചന്ദ്രന്, എറണാകുളം കരാര്കടയിലെ മുരളി, പന്തല്‍ ശിവകുമാര്‍, സഹോദരന്മാര് കുമ്മനം രാജശേഖരനും സഹോദരന്മാരും, ഇപ്പോള്‍ പേരോര്‍മ്മ വരുന്നില്ലെങ്കിലും മുഖം തെളിഞ്ഞുനില്ക്കുന്ന പലരും അതില്‍പ്പെടുന്നു. സിഎംഎസ് കോളജിലെ വിശ്രമവേളകളും സായന്തനങ്ങളും കാര്യാലയത്തിലോ ക്ഷേത്രമൈതാനത്തെ പടികള്‍ക്കു മുകളിലോ ആയി കഴിച്ചുകൂട്ടിയ സൗഹൃദവേളകള്‍ അവിസ്മരണീയങ്ങളാണ്. ജില്ലയുടെ മറ്റു ഭാഗങ്ങളില്‍നിന്ന് ടൗണിലെത്തുന്ന സ്വയംസേവകരും ക്ഷേത്രസമീപത്തെ ആ കൂട്ടായ്മയുടെ സുഗന്ധം അല്‍പ്പനേരമെങ്കിലും ആസ്വദിച്ചേ മടങ്ങുമായിരുന്നുള്ളൂ.
ആ കോളജ് വിദ്യാര്‍ത്ഥികളിലൂടെയാണ് മാധവന് ഉണ്ണി ബസേലിയസ് കോളജിലെ പ്രൊഫ.ഒ.എം. മാത്യുവുമായി പരിചയപ്പെട്ടതും നേരത്തെ തന്നെ ഹൈന്ദവധര്‍മ്മ പ്രേമിയായിരുന്നു സാറിനെ സംഘാനുഭാവിയാക്കിയതും. ജനസംഘത്തിലും ബിജെപിയിലും ഉന്നതചുമതല വഹിച്ച അദ്ദേഹം പരമേശ്വര്‍ജിയുടെ ആരാധകനാണ്. ഇന്ന് ഗാന്ധി സര്‍വകലാശാലയിലെ വിവേകാനന്ദ പീഠത്തിന്റെ തലവനെന്ന ചുമതല വഹിക്കുന്നു. എന്താണെന്നറിഞ്ഞില്ല മാത്യു സാറിനെ എറണാകുളത്തു കണ്ടില്ല. സിഎഎസിലെ ചരിത്രവിഭാഗം മുന്‍ തലവന്‍ സി.എ. ഐസക് സെമിനാറിന്റെ മുഖ്യന്മാരില് ഒരാളായി ഉണ്ടായിരുന്നു. അദ്ദേഹം ഐസിഎച്ച്ആറിലെ അംഗമാണ്.
അങ്ങനെ നവതി പരിപാടികള്‍ക്കിടയില്‍ ആഹ്ലാദം പകര്‍ന്നു കോട്ടയം കൂട്ടായ്മയിലും ചേരാന്‍ കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: