വേനല്‍മഴ വഴിമാറിയ മേടമാസത്തിലെ കത്തിജ്വലിക്കുന്ന സൂര്യന് താഴെ, വരണ്ടുണങ്ങിയ ഭൂമിയില്‍ വിഷുക്കൊന്നയ്ക്ക് പൂക്കാലം. അയ്യപ്പപ്പണിക്കരുടെ കവിതയിലെ കൊന്നപ്പൂവിന് കടുത്ത വേനലിലും വറുതിയിലും പൂക്കാതിരിക്കാനാവുന്നില്ല. ‘കണിക്കൊന്നയല്ലെ വിഷുക്കാലമല്ലെ പൂക്കാതിരിക്കാന്‍ എനിക്കാവതില്ല’ എന്ന കണക്കെ പതിവുപോലെ പഞ്ചഭൂതങ്ങളുടെ പുണ്യമായി കണിക്കൊന്ന പറമ്പിലും പാതയോരങ്ങളിലും പൂത്തുലഞ്ഞു.
കാര്‍ഷിക സമൃദ്ധിയുടെ കണി ദര്‍ശനമൊരുക്കാന്‍ ഈ കലികാലത്തിലും മലയാളികള്‍ കാത്തിരിക്കുന്നു. തേച്ചുമിനുക്കിയ ഓട്ടുരുളിയിലെ നിറസമൃദ്ധി, കനക കിങ്ങിണിയും വളയും മോതിരവുമണിഞ്ഞ് സ്മാര്‍ട്ടായ അമ്പാടിക്കണ്ണന്റെ സാന്നിദ്ധ്യത്തില്‍ കണികാണാന്‍ മലയാളികള്‍ മേടപ്പുലരിയില്‍ മിഴിതുറക്കുന്നു. ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും ഉത്സവമായ വിഷുവിനെ വരണ്ടുണങ്ങിയ കേരളമാണ് ഈ വര്‍ഷം വരവേല്‍ക്കുന്നത്. വിഷുവുമായി ബന്ധമുള്ള ഒന്നാണ് കണിക്കൊന്ന. കൊന്ന വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നില്കുന്നത് ഹൃദ്യമായ കാഴ്ചയാണ്. മൂന്നിതളില്‍ വിരിയുന്ന മഞ്ഞപ്പൂക്കളാണ് കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പവും കൂടിയായ കൊന്നപ്പൂവ്.
മരത്തണലുകള്‍ അകലുന്ന പാതയോരങ്ങളെ മഞ്ഞപ്പട്ടുടുപ്പിക്കുന്നു, മേടമാസത്തില്‍ മാത്രം പൂക്കുന്ന ഈ കൊന്നമരങ്ങള്‍. കാര്‍ഷികോത്സവമായ വിഷു മലയാള മാസം മേടം ഒന്നിനാണ് സാധാരണയായി ആഘോഷിക്കുന്നത്. കേരളത്തില്‍ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളില്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഒപ്പം ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങള്‍ വിവിധ പേരുകളില്‍ നടത്തി വരുന്നു. കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ് വിഷുവും ഓണവും. ഓണക്കാലത്തെ കൃഷി നെല്ലിനും വാഴയ്ക്കും മഴക്കാല പച്ചക്കറികള്‍ക്കും പ്രാധാന്യം നല്കുമ്പോള് വിഷുക്കാല കൃഷികള്‍ വേനല്‍ പച്ചക്കറി വിളകള്‍ക്കാണ് ഊന്നല്‍ കൊടുക്കുന്നത്.
വിഷുക്കണി
വിഷുവാരങ്ങള് വ്യത്യസ്തമാണ്. കണിയാണ് ഏറ്റവും പ്രധാനപ്പെട്ടത്. വിഷുക്കൈനീട്ടം, വിഷുസദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്.
കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുക്കണി ഒരുക്കുവാനും കാണിക്കുവാനുമുള്ള ചുമതല. കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കിന്റെ നിറഞ്ഞ വെളിച്ചത്തില്‍ ഓടക്കുഴലൂതി നില്ക്കുന്ന കൃഷ്ണ വിഗ്രഹത്തിന്റെ മുമ്പിലാണ് വിഷുക്കണി ഒരുക്കുന്നത്. തേച്ചുമിനുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും പാതിയോളം നിറയ്ക്കുന്നു. കണിവെള്ളരിയും, പഴുക്കടയ്ക്കയും വെറ്റിലയും, ഉടച്ച നാളികേരവും വിളഞ്ഞ ചക്കയും വിരിഞ്ഞു നില്ക്കുന്ന കര്‍ണ്ണികാര പൂവും, കണ്ണിമാങ്ങയും കേരളത്തിന്റെ കാര്‍ഷിക സമൃദ്ധിയുടെ വിഷുക്കണിയാണ്.
കിണ്ടിയിലെ വെള്ളവും, അലക്കിയ കസവു മുണ്ടും, വാല്‍ക്കണ്ണാടിയും, കണ്മഷിയും, ചാന്തും, സ്വര്‍ണ്ണനാണയങ്ങളും വിഷുക്കണിയെ വിശിഷ്ടമാക്കുന്നു. വിഷുക്കണിയില്‍ ചക്കയാണ് താരം. മുന്‍കാലങ്ങളില്‍ വിഷു ആഘോഷം ആരംഭിക്കുന്നത് ഗൃഹനാഥന് പനസം വെട്ടുന്നതോടെയാണ്. വിഷുവിന് നിര്‍ബന്ധമായും ഉപയോഗിക്കുന്ന ഒന്നാണ് വരിക്കച്ചക്ക. വിഷു ദിവസം ചക്കയ്ക്ക് പനസം എന്നു മാത്രമേ പറയാവൂ എന്നാണ് വിശ്വാസം.
രാത്രിമുഴുവന്‍ തന്റെ കണിയൊരുക്കല് കൗശലത്തില്‍ മുഴുകുന്ന വീട്ടമ്മ പുലര്‍ച്ചെ എഴുന്നേറ്റ് കണികണ്ട്, മറ്റുള്ളവരെ കണികാണിക്കുക എന്നതാണ് പതിവ്. ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി, കണ്ണുപൊത്തി കൊണ്ടുപോയാണ് കുടുംബാംഗങ്ങളെ കണികാണിക്കുന്നത്. കുടുംബാംഗങ്ങള്‍ എല്ലാവരും കണികണ്ടാല്‍ പിന്നെ വീടിന്റെ കിഴക്കുവശത്ത് കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു. ഇതാണ് പരമ്പരാഗത രീതി. പ്രകൃതിയുമായുള്ള പാരസ്പര്യത്തിന്റെയും, സഹജീവികളോടുള്ള സഹവര്‍ത്തിത്വത്തിന്റെയും സ്വര്‍ണ്ണത്തിളക്കമാണ് ഈ ആചാരങ്ങള്‍ക്കുള്ളത്.
കണി കണ്ടതിനുശേഷം ഗൃഹനാഥന് കുടുംബാംഗങ്ങള്‍ക്ക് വിഷുക്കൈനീട്ടം നല്കുന്നു. ആദ്യകാലങ്ങളില്‍ സ്വര്‍ണ്ണം, വെള്ളി എന്നിവയില്‍ ഉണ്ടാക്കിയ നാണയങ്ങള്‍ ആയിരുന്നു നല്‍കിയിരുന്നത്. വര്‍ഷം മുഴുവനും സമ്പല്‍ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം. നല്‍കുന്നത്. പ്രായമായവര്‍ പ്രായത്തില്‍ കുറവുള്ളവര്‍ക്കാണ് സാധാരണ കൈനീട്ടം നല്‍കുന്നത് എങ്കിലും ചില സ്ഥലങ്ങളില്‍ പ്രായം കുറഞ്ഞവര്‍ മുതിര്‍ന്നവര്‍ക്കും കൈനീട്ടം നല്‍കാറുണ്ട്. ഭാവിയെ എന്നും ആകാംക്ഷയോടെ വീക്ഷിക്കുന്ന മലയാളികള്‍ കണി ദര്‍ശനത്തിന് ശേഷം ജ്യോതിഷികളില്‍ നിന്ന് വിഷുഫലമറിയാന് കാതോര്‍ക്കുന്നു. ഒരു വര്‍ഷത്തെ കാര്‍ഷിക വൃത്തിയുടെ ഗുണഫലങ്ങള്‍ കൂടിയാണ് വിഷുഫലത്തില്‍ തെളിയുന്നത്. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍ അടുത്ത ഒരു കൊല്ലക്കാലം നിലനില്ക്കുന്നു എന്നാണ് വിശ്വാസം.
സ്വാദും സുരക്ഷയും
പരിസ്ഥിതി സൗഹൃദവും ആരോഗ്യപ്രദവുമായ കാര്‍ഷിക വിഭവങ്ങളായ ചക്കയും, പച്ചമാങ്ങയും, കണിവെള്ളരിയും, പച്ചത്തേങ്ങയും ഒക്കെയാണ് കണിയൊരുക്കാന്‍ നാം ഉപയോഗിക്കുന്നത്. ഇവ ഉപയോഗിച്ചുണ്ടാക്കുന്ന വിഷു വിഭവങ്ങളും വിശേഷപ്പെട്ടതാണ്.
വിഷു വിഭവങ്ങളില്‍ ചക്ക എരിശ്ശേരി, ചക്ക വറുത്തത് തുടങ്ങിയവയാണ് മുഖ്യം. എരിശ്ശേരിയില്‍ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേര്‍ത്തിരിക്കും. ഒരു മുഴുവന്‍ ചക്കച്ചുള, തൊലിയോട് കൂടിയ ചക്കക്കുരു, ചക്കയുടെ കൂഞ്ഞ്, ചക്ക മടല്, ചക്കയുടെ ഏറ്റവും പുറത്തേ മുള്ള് എന്നിവയും എരിശ്ശേരിയില്‍ ചേര്‍ത്തിരിക്കും. ഇത്തരം പരമ്പരാഗത പാചകരീതികള്‍ ആഹാരത്തിന്റെ പൂര്‍ണതയും പോഷക സമൃദ്ധിയും സംരക്ഷിക്കുന്നു.
കഞ്ഞി കേരളത്തിന്റെ സ്വന്തം പോഷകാഹാരമാണ്. വള്ളുവനാട് പ്രദേശങ്ങളില്‍ വിഷു ദിവസം കഞ്ഞി സദ്യയായിരിക്കും പ്രധാനം. വാഴപ്പോള വൃത്താകൃതിയില്‍ ചുരുട്ടി അതില്‍ വാഴയില വച്ച് പഴുത്ത പ്ലാവിലകൊണ്ടാണ് തേങ്ങ ചിരകിയിട്ട് കഞ്ഞി കുടിക്കുന്നത്. ഇതിനു കൂടെ കഴിക്കാന്‍ ചക്ക എരിശ്ശേരിയും ചക്ക വറുത്തതും ഉണ്ടായിരിക്കും. കര്‍ഷകന്റെ ഇഷ്ടവിഭവമാണ് കഞ്ഞിയും പുഴുക്കും, ചുട്ട ചമ്മന്തിയും ചക്കപുഴുക്കും കപ്പ, കാച്ചില് ചേന ചേമ്പ് എന്നീ കിഴങ്ങു വര്‍ഗ്ഗങ്ങളുടെ പുഴുക്കും കേരളത്തിന്റെ സ്വന്തം വിഭവമാണെന്ന കാര്യം മലയാളികള്‍ മറന്നു തുടങ്ങിയിരിക്കുന്നു.
വിഷുക്കഞ്ഞി ആരോഗ്യദായകവും ആദായകരവുമാണ്. ചക്കയും മാങ്ങയും, കൈതച്ചക്കയും, കുമ്പളങ്ങയും, മത്തനുമൊക്കെയാണ് പ്രധാനമായും വിഭവങ്ങളില്‍ ഉള്‍പ്പെടുത്തുന്നത്. കേരളത്തിലെ ചില ഭാഗങ്ങളില്‍ ഓണസദ്യയുടേതു പോലെയുള്ള വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും. ഇവയൊക്കെ പൂര്‍ണാരോഗ്യത്തിന്റെ പാഠങ്ങളും കൂടിയാണ്. ശരാശരി മലയാളിയുടെ ഭക്ഷണ ചെലവും, മെഡിക്കല്‍ ബില്ലും കൂടിവരുന്ന സാഹചര്യത്തില്‍് വിഷുക്കഞ്ഞി നല്കുന്ന സമൃദ്ധിയുടേയും സമാരോഗ്യത്തിന്റേയും സന്ദേശം നാം ഉള്‍ക്കൊള്ളേണ്ടതാണ്. പണച്ചിലവ് കുറഞ്ഞതും പോഷകമൂല്യം കൂടിയതുമായ ആഹാരവസ്തുക്കളാണ് ആരോഗ്യത്തിനാവശ്യം.
ആവിയില്‍ വേവിച്ച തേങ്ങാപ്പാല്‍ ചേര്‍ത്ത പലഹാരമാണ് പ്രാതലിന് അഭികാമ്യം. വിഷുദിനങ്ങളില്‍ രാവിലെ പ്രാതലിന് ചിലയിടങ്ങളില്‍ വിഷുക്കട്ട എന്ന വിഭവം വിശേഷപ്പെട്ടതാണ്. നാളികേരപ്പാലില്‍ പുന്നെല്ലിന്റെ അരി വേവിച്ച് ജീരകം ചേര്‍ത്ത് വറ്റിച്ചാണ് വിഷുക്കട്ട ഉണ്ടാക്കുന്നത്. വിഷുക്കട്ടക്ക് മധുരമോ ഉപ്പോ ഉണ്ടാവാറില്ല. ശര്‍ക്കര പാനിയോ പച്ചമത്തനും പയറും കൊണ്ടുള്ള കറിയോ ഉപയോഗിച്ചായിരിക്കും ഇത് കഴിക്കുക. സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരില്‍ വിഷുവിന് വിഷുക്കട്ട നിര്‍ബന്ധമാണ്.
ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യ. സദ്യയില്‍ മാമ്പഴ പുളിശ്ശേരി നിര്‍ബന്ധം. ചക്ക എരിശ്ശേരി വിശിഷ്ടമാണ്, ചക്കപ്രഥമനാണ് വിഷു സദ്യയില്‍ പ്രഥമ സ്ഥാനം. ഇത്തരം കാലികമായ ഭക്ഷ്യവിഭവങ്ങളുടെ സാന്നിദ്ധ്യമാണ് വിഷു സദ്യയെ വ്യത്യസ്തമാക്കുന്നത്. ചക്കയുടെയും മാങ്ങയുടെയും സമൃദ്ധിയിലാണ് നാം മേടമാസം വിഷുവാഘോഷിക്കുന്നത്. ഋതുഭേദങ്ങളുടെ പാരിതോഷിതങ്ങളാണ് ചക്കയും, മാങ്ങയും, തണ്ണിമത്തനും, കര്ണ്ണികാരവുമൊക്കെ.
വിഷുവിപണി
വറുതിയും വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടുന്ന സാഹചര്യത്തിലാണ് മലയാളി ഈ വര്‍ഷം വിഷുവാഘോഷിക്കുന്നത്. എല്ലാം ശരിയാകും എന്ന വാഗ്ദാനവുമായി ഭരണത്തിലേറിയ ഇടത് സര്‍ക്കാരിനെ കാത്തിരിക്കുന്നത് വിലക്കയറ്റത്തിന്റെ വിഷുക്കണിയാണ്. മേടച്ചൂടിനെക്കാളും പൊള്ളുന്നതാണ് കമ്പോളത്തിലെ സാധനവില. വാചകമടിയും, മറ്റുള്ളവരെ കുറ്റപ്പെടുത്തലുമല്ലാതെ വില നിയന്ത്രിക്കാനുള്ള കര്‍മ്മപദ്ധതികളൊന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കാണുന്നില്ല.
വിഷുവിപണിയിലെ വിലനിയന്ത്രിക്കാനുള്ള നടപടികളൊന്നും തന്നെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അരിയൊഴിഞ്ഞ റേഷന്‍ കടകള്‍ വഴി പാഷാണം വിതരണം ചെയ്യേണ്ട ഗതികേടിലാണ് സര്‍ക്കാര്‍ വന്നു പെട്ടിരിക്കുന്നത്. പച്ചക്കറിക്കും പലവ്യഞ്ജനങ്ങള്‍ക്കും പടക്കങ്ങള്ക്കുമൊപ്പം വസ്ത്ര വ്യാപാര രംഗത്തും വര്‍ദ്ധിച്ച വിലക്കുതിപ്പാണ് ഈ വിഷുക്കാലത്ത് ഉണ്ടായിരിക്കുന്നത്.
എന്നാല്‍ വിലക്കയറ്റത്തിന്റെ ഈ നാളുകളിലും വഴിവാണിഭം സജീവമാണ്. വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന വസ്തുക്കള്‍ വിഷു വിപണിയില്‍ ലഭ്യമാണ്. കണിക്കൊന്നയ്ക്കും, കണിവെള്ളരിക്കും ഒപ്പം കൃഷ്ണവിഗ്രഹങ്ങളും ധാരാളമായി വിറ്റഴിക്കപ്പെടുന്നു. കടുത്ത വരള്‍ച്ച അനുഭവിക്കുന്ന കേരളത്തില്‍ പച്ചക്കറിക്ക് പതിവിലേറെ വിലവര്‍ദ്ധനവാണ് അനുഭവപ്പെടുന്നത്.
പച്ചക്കറിക്കും പൂക്കള്‍ക്കും നാമേറെ ആശ്രയിക്കുന്ന സമീപ സംസ്ഥാനങ്ങളിലും വരള്‍ച്ച കാരണം പച്ചക്കറിയുടെ ഉത്പാദനം കുറഞ്ഞത് കൂനിന്മേല് കുരുവായി. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ പച്ചക്കറികള്‍ സംസ്ഥാനത്ത് തന്നെ ജൈവരീതിയില്‍ ഉത്പാദിപ്പിക്കാനുള്ള സര്‍ക്കാര്‍-സര്‍ക്കാരിതര ശ്രമങ്ങളും പാളിയമട്ടാണ്. രാഷ്ട്രീയമായ തിരിച്ചടികല്ക്കൊപ്പം കാലാവസ്ഥ പോലും കമ്മ്യൂണിസ്റ്റ് സര്‍ക്കാരോട് പിണങ്ങിയെന്നു വേണം കരുതാന്‍. കെടുകാര്യസ്ഥതയുടെ കൂടരത്തില്‍ മോദിവിരോധത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍ ഈ സര്‍ക്കാരിന് എത്രകാലം സുരക്ഷിതമായിരിക്കാന്‍ സാധിക്കും എന്നാണ് സാധാരണക്കാരുടെ ചോദ്യം.
വിപണിയില്‍ നേട്ടം കൊയ്യുന്നത് അന്യസസ്ഥാന കച്ചവടക്കാരും അന്താരാഷ്ട്ര കമ്പനികളുമാണ്. ഗ്രീന്‍ ചന്തകളും, ജൈവ സംരംഭങ്ങളും, സര്‍ക്കാര്‍ സംവിധാനങ്ങളും കുടുംബശ്രീ തുടങ്ങിയ സര്‍ക്കാരിതര സംവിധാനങ്ങളും വിഷുവിപണിയില്‍ നിര്‍ജീവമാണ്. പച്ചക്കറി വിപണനത്തിലും വസ്ത്രവ്യാപാരത്തിലും, പടക്കവിപണിയിലും ചെന്നൈ മുതല്‍ ചൈനവരെയുള്ള കച്ചവടക്കാര്‍ക്കാണ് മുന്‍തൂക്കം. ചൈനീസ് നിര്‍മിത പടക്കങ്ങള്‍ക്കാണ് മാര്‍ക്കറ്റില്‍ വില്പന സാധ്യത. വിലയും തുച്ഛം ഗുണവും മെച്ചം. വിഷുക്കാലത്ത് കേരളീയര്‍ മത്സരിച്ച് പൊട്ടിച്ചു തീര്‍ക്കുന്ന പടക്കത്തിന് ശതകോടികളുടെ കമ്പോള സാധ്യതയാണെന്ന് സര്‍ക്കാര്‍ തിരിച്ചറിയാതെ പോകുന്നു. വിഷമടിച്ചതാണെങ്കിലും കേരള കമ്പോളത്തില്‍ വിറ്റഴിക്കപ്പെടുന്നത് അന്യസംസ്ഥാന പച്ചക്കറികളാണ്.
പൈതൃകസ്വത്തായ ആറന്മുളക്കണ്ണാടിയുടെ ഉത്പാദനം കേരളത്തില്‍ അന്യം നില്ക്കുമ്പോള് വിഷുവിനാവശ്യമായ വാല്‍ക്കണ്ണാടിയും കൃഷ്ണവിഗ്രഹവും കൊന്നപ്പൂക്കളും വരെ വിദേശനിര്‍മ്മിത വസ്തുക്കളായി ഇവിടെ എത്താനുള്ള സാധ്യതയാണ് ഇന്നുള്ളത്.
വിഷുവെത്തും മുമ്പെ വിഷുവിപണിയിലെ വിലനിലവാരം നിയന്ത്രിക്കാനുള്ള ഒരു ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല. റംസാന് നാളുകളിലെ സര്‍ക്കാരിന്റെ ഇടപെടല്‍ പോലുള്ള ഒരു ഇടപെടല്‍ വിഷു വിപണിയില്‍ ഇല്ലാതെ പോയത് ഇടത് പക്ഷ മതേതതര സമീപനമായി വേണം കണക്കാക്കാന്‍. എല്ലാം ശരിയാകും എന്ന വാഗ്ദാനവുമായി അധികാരത്തിലേറിയ സര്‍ക്കാര്‍ കേരളത്തിലെ ഹിന്ദുവിഭാഗത്തിനായി ഈ വര്ഷമൊരുക്കിയത് വില വര്‍ധനവിന്റെ വിഷുക്കണിയാണ്.
(കൊച്ചിന് സര്‍വ്വകലാശാല മാനേജ്മെന്റ് വിഭാഗത്തിലെ മുന്‍ പ്രഫസറും, ദല്‍ഹി ആസ്ഥാനമായ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഇന്സക്ടിസൈഡ് ലിമിറ്റഡിന്റെ (HIL) ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടറുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: