തിരുവനന്തപുരം: കോട്ടയം മറ്റക്കര ടോംസ് കോളേജ് ഓഫ് എന്‍ജിനീയറിംഗിലെ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ ഫീ തിരികെ നല്കാന് ഉത്തരവ്. ഫീ റെഗുലേറ്ററി കമ്മീഷന് ജസ്റ്റിസ് രാജേന്ദ്രബാബു ആണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ടോംസ് കോളേജ് ആക്ഷന്‍കൗണ്‍സില്‍ സേവ് എഡ്യുക്കേഷന്‍ കമ്മിറ്റി സെക്രട്ടറി എം. ഷാജര്‍ഖാനും കണ്‍വീനര്‍ ഇ.വി.പ്രകാശും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കമ്മീഷന് ഉത്തരവ് പ്രകാരം അസല്‍ രസീത് ഹാജരാക്കിയ 29 വിദ്യാര്‍ഥികളുടെ തുക ഒരു മാസത്തിനുള്ളില്‍ തിരികെ നല്‍കണമെന്നാണ് നിര്‍ദേശം. അതില്‍ വീഴ്ചവരുത്തുന്ന പക്ഷം തുകയുടെ 12 ശതമാനം പലിശകൂടി ഉള്‍പ്പെടുത്തി നല്‍കണമെന്നും ഉത്തരവില്‍ ചുണ്ടിക്കാട്ടുന്നുവെന്നും അവര്‍ പറഞ്ഞു. മറ്റ് വിദ്യാര്‍ഥികള്‍ അസല്‍ രസീത് ഹാജരാക്കുന്ന മുറക്ക് അവരുടെ കാര്യത്തിലും ഉത്തരവ് നല്‍കും.
ഒരു മാനദണ്ഡവും പാലിക്കാതെയാണ് വിദ്യാര്‍ഥികളില്‍ നിന്ന് മാനേജ്മെന്റ് ലക്ഷങ്ങള്‍ ഫീ വാങ്ങിയിരിക്കുന്നത്. ചിലരുടെ പക്കല്‍ നിന്ന് വാങ്ങിയ തുകയ്ക്ക് രസീതുപോലും നല്‍കിയിട്ടില്ല. ലിക്വിഡിറ്റി ഡാമേജസ് എന്ന പേരില്‍ മുഴുവന്‍ ഫീസും ഈടാക്കുന്ന എല്ലാ സ്വാശ്രയ മാനേജുമെന്റുകള്ക്കുമുള്ള കനത്ത തിരിച്ചടിയാണ് ഈ ഉത്തരവ്. ഉത്തരവ് നടപ്പാക്കാന്‍ വേണ്ട നിയമസഹായം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: