കാസര്‍കോട്: ജില്ലയിലെ പുഴകളില്‍ നിന്നും കൃഷി ആവശ്യത്തിന് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യാന്‍ അനുവാദം വാങ്ങണമെന്ന് ജലസേചന വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അഞ്ച് എച്ച്.പി-ക്ക് മുകളിലുള്ള മോട്ടോറുകള്‍ക്കാണ് അനുമതി വേണ്ടത്. അനുമതിയില്ലാതെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അഞ്ച് എച്ച്.പി-ക്ക് മുകളിലുള്ള എല്ലാ മോട്ടോറുകള്‍ക്കും അനുമതിക്കായി ഉടന്‍ അപേക്ഷ സമര്‍പ്പിക്കണം. പുതിയ മോട്ടോര്‍ കണക്ഷന് സ്ഥാപിക്കുന്നതിനും ജലസേചന വകുപ്പില്‍ നിന്നും അനുമതി വാങ്ങണം. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന മോട്ടോറുകള്‍ക്കുള്ള കണക്ഷന് വിഛേദിക്കാനും അവ പുഴയില്‍ നിന്നും നീക്കം ചെയ്യാനുമുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്. ഇതിനായി ജലസേചനം, കൃഷി, കെ.എസ്.ഇ.ബി, എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിവരുന്നുണ്ട്.
ജില്ലയിലെ പുത്തിഗെ, ഷിറിയ, ഉപ്പള തുടങ്ങിയ പ്രധാന നദികളില്‍ അനുമതിയില്ലാതെ റിംഗുകള്‍ ഉപയോഗിച്ച് കിണര്‍ നിര്‍മ്മിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇവയില്‍ നിന്നും ക്രമാതീതമായി ജലം പമ്പ് ചെയ്യുന്നത് നിമിത്തം പുഴയിലെ ജലവിതാനം വളരെയധികം താഴ്ന്ന് പോയിട്ടുണ്ട് .അനധികൃതമായി നിര്‍മ്മിച്ച ഈ കിണറുകള്‍ അടിയന്തിരമായി നീക്കം ചെയ്യേണ്ടതാണ്. പുഴയുടെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തുന്നതിനും പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇവ കാരണമാകുന്നു. യാതൊരു കാരണവശാലും പുഴയില്‍ കിണര്‍ നിര്‍മ്മിക്കാന്‍ പാടില്ലാത്തതാണ്. ഇത്തരം നിര്‍മ്മിതികള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: