കോഴഞ്ചേരി: കുട്ടികളോടൊത്തുചേരാം, വൃത്തിയുള്ള ലോകം ഒരുക്കാം, എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം, എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് ഗ്രീഷ്മോത്സവം പരിപാടിക്ക് ഇന്ന് തുടക്കം കുറിക്കും. 23,24,25 തീയതികളിലായി ആറന്മുള ജിവിഎച്ച്എസ് സ്കൂളില്‍ നടക്കുന്ന ആഘോഷപരിപാടികള്‍ മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് മാധവശ്ശേരില്‍ ഉദ്ഘാടനം ചെയ്യും. നിര്‍വ്വഹണ സമിതി ചെയര്‍പേഴ്സണ്‍ പ്രഭാ രവീന്ദ്രന് അധ്യക്ഷത വഹിക്കും. ആറന്മുള പോലീസ് സബ് ഇന്‍സ്പെക്ടര്‍ അജിത് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും.
മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് ശുചിത്വമിഷന്റെ സഹായത്തോടെ വിവിധ വകുപ്പുകളെ കൂട്ടിയിണക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒന്നാം ദിവസമായ ഇന്ന് ഉദ്ഘാടനത്തോടൊപ്പം ആറന്മുള സ്കൂളില്‍ നിന്നും മാലിന്യമുക്ത സന്ദേശ യാത്രയും ആരംഭിക്കും.
ഉച്ചക്ക് 2 ന് പ്ലാസ്റ്റിക്കും ആരോഗ്യവും എന്നവിഷയത്തെകുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സ് നടക്കും. രണ്ടാം ദിവസമായ ബുധനാഴ്ച രാവിലെ 9.30 ന് ബാഗുകള്‍, കുടകള്‍, ചെരുപ്പുകള്‍ എന്നിവയുടെ പുനരുപയോഗ ക്ലാസ്സും, പ്രായോഗിക പരിശീലനങ്ങളും, ഉച്ചക്ക് 2 ന് ഷോട്ട് ഫിലിം പ്രസന്റേഷന്, 4 ന് സംവാദവും നടക്കും. മൂന്നാംദിവസമായ ബുധനാഴ്ച 9.30 ന് പ്ലാസ്റ്റിക് തരംതിരിക്കല്‍ , പ്രായോഗിക പരിശീലനം, 12 ന് ഡോ. മിഥുന് രാജിന്റെ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ് ഉച്ചക്ക് 2 ന് നാടന്‍ കളികള്‍, കലാപരിപാടികള്‍, തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാഭാസ്കരന്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ആര്. ഗീതാകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ രാഗിണി വിശ്വനാഥന്, എച്ച്.എം. പ്രസന്നകുമാരി, സിഡിഎസ് ചെയര്‍പേഴ്സണ്‍ ബിന്ദു ടി.വി., മനോജ് ഇ. തോമസ്, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: