ഒറ്റപ്പാലം: വള്ളുവനാടിന്റെ സിരാകേന്ദ്രമായ ഒറ്റപ്പാലത്തെ ബസ് സ്റ്റാന്റ് നിര്‍മ്മാണം ആരംഭിച്ച് പതിറ്റാണ്ട് പിന്നിട്ടിട്ടും എവിടെയും എത്തിയിട്ടില്ല .2005ലാണ് നിര്‍മ്മാണം ആരംഭിച്ചത്.
അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനാണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്. മൂന്നര കോടിരൂപ നിര്‍മ്മാണ ചെലവ് പ്രതീക്ഷിച്ച് ആരംഭിച്ച ബസ് സ്റ്റാന്റ് നിര്‍മ്മാണം ഇരുപതു കോടിയിലേക്ക് എത്തിയിട്ടും, ഇല്ലത്ത് നിന്നും പുറപ്പെടുകയും ചെയ്തു, അമ്മാത്ത് എത്തിയതുമില്ല എന്ന സ്ഥിതിയിലാണ്. ബസ് സ്റ്റാന്റിനോടു ചേര്‍ന്നുള്ള ഷോപ്പിംഗ് കോംപ്ലക്സുകളുടെ പണിപൂര്‍ത്തിയാക്കി വാടകക്ക് കൊടുത്ത് അതിന്റെ വരുമാനത്തില്‍ നിന്നും കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ വായ്പാതുക തിരിച്ചടക്കാമെന്ന വ്യവസ്ഥയിലാണ് ഏകദേശം എട്ട് കോടി രൂപ മുന്‍സിപ്പാലിറ്റി അധികൃതര്‍ വായ്പ എടുത്തത്.
എന്നാല്‍ മന്ദഗതിയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനം കാരണം ഉദ്ഘാടന തീയതി പ്രഖ്യാപിക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല.കരാറുകാരനും നഗരസഭ മുന്‍ സെക്രട്ടറിയും തമ്മിലുണ്ടായ തര്‍ക്കവും പോലീസ് കേസും മന്ത്രിതലചര്ച്ചയെ തുടര്‍ന്നു ഒതുക്കി തീര്‍ത്തെങ്കിലും കാലതാമസം നിര്‍മ്മാണ പ്രവര്‍ത്തനെ ബാധിച്ചു.
ഉന്നത സ്വാധീനം ഉപയോഗിച്ചു പുതിയ ഷെഡ്യൂള്‍ അനുസരിച്ച് കാലാകാലങ്ങളില്‍ കരാര്‍ പുതുക്കിയിട്ടും പലപ്പോഴും ചെറിയ പ്രശ്നങ്ങളാല്‍ തടസ്സപ്പെട്ടിരുന്നു.
ഏറ്റവും അവസാനം കെ.യു.ആര്‍ഡിഎഫ് സിയില്‍ നിന്നും മൂന്നരകോടി രൂപയുടെ അവസാന ഗഡു ലഭിച്ചു. എന്നിട്ടും പണി പൂര്‍ത്തീകരിക്കുവാനോ ഉദ്ഘാടനം നടത്തുവാനോ ഉള്ള ശ്രമം നഗരസഭയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്ന ആക്ഷേപം നിലനില്ക്കുന്നു.ഒറ്റപ്പാലം ബസ് സ്റ്റാന്റില്‍നിന്നും ഒരു മിനിട്ടില്‍ നാലു ബസുകളാണ് വിവിധ ഭാഗങ്ങളിലേക്കായി പുറത്തേക്കു കടക്കുന്നത്.
വളരെ ചെറിയ ബസ് സ്റ്റാന്റിനകത്ത് ഓരോ പ്രദേശത്തേക്കും പോകുന്നതിനുള്ള ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിനു സംവിധാനമില്ല. സ്റ്റാന്റ് വിപുലീകരിച്ചാല്‍ മാത്രമേ അതിനു പരിഹാരം കാണ്ടെത്താല് കഴിയൂ.റെയില്‍വേ സ്റ്റേഷനില്‍നിന്നും സ്റ്റാന്റിലേക്കുള്ള റോഡിന്ഥെ അതീവശോചനീയമാണ്.
രാത്രികാലങ്ങളില്‍ വേണ്ടത്ര വെളിച്ചം ഇല്ലാത്തതു കാരണം സ്റ്റാന്റിനുളളില്‍ അനാശ്യാസ പ്രവര്‍ത്തനങ്ങള്‍ നടക്കാറുണ്ടെന്നും ഇത് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുന്നതായും ആക്ഷേപമുണ്ട്.
കഞ്ചാവ് സംഘങ്ങളുടെയും പെണ്‍വാണിഭക്കാരുടെയും വിഹാരകേന്ദ്രമാണിവിടം പുതിയ സ്റ്റാന്റ് വരുന്നതോടെ ഇതില്‍ നിന്നും മോചനം ലഭിക്കുമെന്നുമാണു നാട്ടുകാര്‍ പറയുന്നത്.
സ്റ്റാന്റിന്റെ ഉദ്ഘാടന സമയം കഴിഞ്ഞിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടുപോകുന്നത് നഗരസഭയുടെ കെടുകാര്യസ്ഥതമൂലമാണെന്നു പ്രതിപക്ഷകൗണ്‍സിലര്‍മാരുടെ അഭിപ്രായം.പണിതിട്ടും പണിതിട്ടും പണിതീരാത്ത വരാഹമൂര്‍ത്തീ ക്ഷേത്രത്തില്‍ പെരുന്തച്ചന് പണി ഉപേക്ഷിച്ചുപോയതുപോലെയാകുമോ ഒറ്റപ്പാലം ബസ് സ്റ്റാന്റ് നിര്‍മ്മാണമെന്നും നാട്ടുകാര്‍ക്കു സംശയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: