ന്യൂദല്‍ഹി: നിതാരി കൂട്ടക്കൊല കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സുരീന്ദര്‍ കോലിയുടെ ശിക്ഷ നടപ്പാക്കുന്നതിനുള്ള സ്റ്റേ സുപ്രീംകോടതി വീണ്ടും നീട്ടി. ഒക്ടോബര്‍ 29വരെ ശിക്ഷ നടപ്പാക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്. പുനഃപരിശോധനാ ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന സുപ്രീംകോടതിയുടെ സമീപകാല ഉത്തരവ് പ്രകാരം മൂന്നംഗ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കോലിയുടെ വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത കോടതി ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. കഴിഞ്ഞ എട്ടിന് രാവിലെ മീററ്റ് ജയിലില്‍ വധശിക്ഷ നടപ്പാക്കാനിരിക്കെ പ്രതിയുടെ അഭിഭാഷക ഇന്ദിര ജയ്സിങ് മുഖേനെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ശിക്ഷ സ്റ്റേ ചെയ്യുകയായിരുന്നു.
സുരീന്ദര്‍ കോലിയുടെ ദയാഹര്‍ജി ജൂലൈ 27ന് രാഷ്ട്രപതി തളളിയിരുന്നു. തുടര്‍ന്ന് ഈ മാസം 12നകം ശിക്ഷ നടപ്പാക്കുന്നതിനായി ഗാസിയാബാദ് സെഷന്‍സ് കോടതി മരണവാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. 2005 നും 2006നും ഇടയില്‍ ദല്‍ഹിയിലെ നോയിഡയിലെ നിതാരിയില്‍ വ്യവസായി മോനീന്ദര്‍ സിംഗ് പാന്തറിന്റെ വീട്ടില്‍ വെച്ച് നിരവധി കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊന്നു തള്ളിയെന്നാണ് സുരേന്ദര്‍ കോലിക്കെതിരായ കേസ്.
തുടര്‍ന്ന് കാണാതായ നിരവധി കുട്ടികളെയും ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. 16 കേസുകളാണ് 42കാരനായ കോലിക്കെതിരെ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: