തിരുവനന്തപുരം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. സംസ്ഥാനത്ത് ആവശ്യവസ്തുക്കളുടെ വില കുത്തനേ വര്‍ദ്ധിച്ച സാഹചര്യം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. എന്നാല്‍ പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിക്കുകയായിരുന്നു.
സംസ്ഥാനത്ത് വിലക്കയറ്റം മൂലം സാധാരണക്കാര്‍ പൊറുതിമുട്ടിയെന്ന് അടിയന്തരപ്രമേയത്തിന് അനുമതി നേടിയ എം.ഉമ്മര്‍ ആരോപിച്ചു. കേന്ദ്രത്തില്‍ നിന്നും ആവശ്യത്തിനുള്ള അരി നേടിയെടുക്കുന്നതില്‍ പോലും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. വരള്‍ച്ച മുന്നില്‍ കണ്ട് നേരിടാന്‍ മറ്റ് സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികള്‍ പോലും ഇവിടെ സ്വീകരിച്ചില്ല. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
അതേസമയം, വിപണിയില്‍ അരിവില വര്‍ധിച്ചിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന് സമ്മതിച്ചു. ബ്രാന്‍ഡഡ് അരികള്‍ക്കാണ് വിപണിയില്‍ വില വര്‍ധിച്ചിരിക്കുന്നത്. വില വര്‍ധന തടയാല്‍ ബജറ്റില്‍ 150 കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റിവെച്ചിയിരിക്കുന്നത്.വിലക്കയറ്റം നേരിടാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. 21 ശതമാനം വരെ അരിക്ക് വില കൂടിയിട്ടുണ്ടെന്നും മന്ത്രി സമ്മതിച്ചു.
വില വര്‍ധിച്ച ഓരോ അരിയുടേയും വിവരങ്ങള്‍ പ്രതിപക്ഷം സഭയില്‍ വായിച്ചു കേള്‍പ്പിച്ചു. വരള്‍ച്ചയില്‍ സര്‍ക്കാരിനെ കുറ്റം പറയാന്‍ സാധിക്കില്ല. പക്ഷേ ഫലപ്രദമായി സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. സര്‍ക്കാരിന് ഉഴപ്പന് മട്ടാണെന്നും പ്രതിപക്ഷം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: