ആറന്മുള അഷ്ടമിരോഹിണിസദ്യ
കോട്ടയം: ആറന്മുള പാര്‍ത്ഥസാരഥിയുടെ ജന്മനാളായ അഷ്ടമിരോഹിണി ദിവസം നടക്കുന്ന വള്ളസദ്യയ്ക്കാവശ്യമായ പാളത്തൈര് സമര്‍പ്പിക്കുന്ന ഘോഷയാത്ര ഇന്ന് കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ചേനപ്പാടിയില്‍ നിന്നും പുറപ്പെടും.
52 കരകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന അഷ്ടമിരോഹിണിനാളിലെ വള്ളസദ്യയിലെ പ്രധാന വിഭവങ്ങളിലൊന്നാണ് ചേനപ്പാടി പാളത്തൈര്. കരക്കാര് പ്രത്യേകം ശ്ലോകങ്ങള്‍ ഉപയോഗിച്ച് വിഭവങ്ങള്‍ വിളിച്ചു ചോദിക്കുന്നതിനൊപ്പം ഇതും ആവശ്യപ്പെടുക പതിവാണ്.
”ചേനപ്പാടി രാമച്ചാരുടെ ഓളപ്പൈയില് പാളത്തൈരേയ്… അതുകൊണ്ടുവാ” എന്ന് വിളിച്ചു ചോദിക്കുമ്പോള്‍ അത് പള്ളിയോടക്കരക്കാരുടെ ഇലയിലെത്തിക്കുവാന് ഇക്കുറി വ്രതശുദ്ധിയോടെ ആയിരം ലിറ്റര്‍ തൈരാണ് തയ്യാാക്കിയിരിക്കുന്നത്.
വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തില്‍ നിന്നാണ് തൈര് സമാഹരിച്ചിരിക്കുന്നത്. കൂടാതെ ഭക്തജനങ്ങള്‍ ശുദ്ധമായ തൈര് പാളകളില്‍ തയ്യാറാക്കിയും സമര്‍പ്പിക്കും. പാളത്തൈരും വഹിച്ചുകൊണ്ടുള്ള വാഹനഘോഷയാത്ര ഇന്ന് രാവിലെ 8 ന് ചേനപ്പാടി കിഴക്കേക്കര ശ്രീശിവപാര്‍വ്വതി ക്ഷേത്ര ത്തില്‍ നിന്നും പുറപ്പെടും.
ചേനപ്പാടി എസ്എന്‍ഡിപി യോഗം ശാഖ, പരുന്തന്മല ശ്രീദേവിവിലാസം കാണിക്കമണ്ഡപം, വിഴിക്കിത്തോട് ഭജനസമിതി തുടങ്ങിയ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന പാളത്തൈര് സമര്പ്പണഘോഷയാത്രയ്ക്ക് വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: