ഉദുമ: തകര്‍ന്നുവീഴാറായ ഉദുമ മുല്ലച്ചേരി പാലം പൊളിച്ചുനീക്കി പുതിയത് നിര്‍മ്മിക്കാനുള്ള നടപടിക്രമങ്ങള്‍ വൈകുന്നു. സംസ്ഥാന പാതയില്‍ നിന്ന് ദേശീയപാതയിലേക്ക് എളുപ്പത്തില്‍ എത്തുന്നതാണ് ഉദുമ ചൗക്കി റോഡിലെ മുല്ലച്ചേരി പാലം.
കാല്‍നൂറ്റാണ്ടിലധികം പഴക്കമുള്ള പാലത്തിന്റെ മുക്കാല്‍ ഭാഗവും തകര്‍ന്നു. രണ്ട് ബസുകള്‍ ഉള്‍പ്പടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസേന ഈ പാലത്തിലൂടെ കടന്നുപോകുന്നത്. പാലത്തിന്റെ കൈവരികള്‍ തകര്‍ന്നു. അടിഭാഗത്തെ കോണ്‍ക്രീറ്റ് കമ്പികള്‍ ദ്രവിച്ച് പുറത്തുകാണുന്നു. പാലം ഉറപ്പിച്ചിരിക്കുന്ന രണ്ടുവശങ്ങളിലുള്ള തൂണുകള്‍ക്കും വിള്ളലുണ്ട്.
അപകടാവസ്ഥ തിരിച്ചറിഞ്ഞ പൊതുമരാമത്ത് വകുപ്പ് പാലത്തിന്റെ ഇരുവശത്തും വലിയ വാഹനങ്ങള്‍ ഇതിലൂടെ കടന്നുപേകരുതെന്ന് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ഇതവഗണിച്ച് വാഹനങ്ങള്‍ പാലത്തിലൂടെ കടന്നുപോകുന്നുണ്ട്. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ശബ്ദവും കുലക്കവും അനുഭവപ്പെടുന്നുണ്ട്.
കഴിഞ്ഞവര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ പാലം നിര്‍മിക്കാന്‍ തുകയും അനുവദിച്ചിരുന്നു. പാലം പണിയാന്‍ നബാഡ് മൂന്ന് കോടി അനുവദിച്ചിരുന്നു. നിര്‍മാണപ്രവൃത്തി മാത്രം തുടങ്ങിയില്ല. കഴിഞ്ഞവര്‍ഷം മഴ കുറവായതിനാല്‍ മുല്ലച്ചേരി തോട്ടില്‍ വെള്ളം പൊങ്ങിയിരുന്നില്ല. ഇത്തവണ തോട്ടില്‍ വെള്ളം പൊങ്ങിയാല്‍ പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ തൂണും പാര്‍ശ്വഭിത്തിയും കുത്തൊഴുക്കില്‍ ഒഴുകിപ്പോകുമെന്ന് നാട്ടുകാര്‍ പറയുന്നു.
ഇതിന്റെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി മാസങ്ങള്‍ക്ക് മുന്‍പ് സാങ്കേതിക അനുമതിക്കായി ബന്ധപ്പെട്ടവരുടെ ഓഫീസിലേക്ക് അയച്ചത് മടക്കി അയച്ചിരുന്നു. ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ പരിഹരിച്ച് വീണ്ടും അനുമതിക്കായി സമര്‍പ്പിച്ച് ഇപ്പോള്‍ ടി.എസ്. ആയിട്ടുണ്ട്. ടെണ്ടര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയായികഴിഞ്ഞാല്‍ 14 ദിവസത്തിനുള്ളില്‍ പ്രവൃത്തികള്‍ ആരംഭിക്കണം എന്നാണ് ചട്ടം. മഴക്കാലം അടുത്തതോടെ പാലം പൊളിച്ച് പ്രവൃത്തികള്‍ ആരംഭിച്ചാല്‍ ഒരു പ്രദേശത്തെ ജനങ്ങള്‍ക്ക് ഉദുമയ്ക്ക് എത്താനുള്ള വഴി ഇല്ലാതാവും. കീ.മീ. ചുറ്റി സഞ്ചരിച്ചാലെ ഉദുമയ്ക്കും ദേശീയ പാതയിലേക്കും എത്തിപ്പെടാന്‍ സാധിക്കുകയുള്ളു.
രണ്ടുവര്‍ഷം മുമ്പ് മുല്ലച്ചേരിയില്‍ പുതിയപാലം നിര്‍മിക്കണമെന്നാവശ്യവുമായി നാട്ടുകാര്‍ കര്‍മസമിതി ഉണ്ടാക്കിയിരുന്നു. എത്രയും വേഗത്തില്‍ പാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: