തൊടുപുഴ: ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്ര വിരുദ്ധതയുടെ നേര് സാക്ഷ്യമാണ് കാടുംപടലും പിടിച്ച് അനാഥമായിക്കിടക്കുന്ന കുന്നം ഗണപതി ക്ഷേത്രം. വടക്കുംകൂര്‍ രാജഭരണകാലത്ത് നിര്‍മിക്കപ്പെട്ടതാണ് ഈ ക്ഷേത്രം. കാരിക്കോട് ഭഗവതി ക്ഷേത്രത്തിന്റെ ഭാഗമായിരുന്നു കുന്നം ഗണപതിക്ഷേത്രം. തൊടുപുഴ-ഉടുമ്പന്നൂര്‍ പാതയില്‍ പട്ടയംകവലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.്.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള ത്രിക്കാരിയൂര്‍ ഗ്രൂപ്പിനാണു പടിഞ്ഞാറ് ദിശയിലക്ക് ദര്‍ശനം ഉള്ള ഈ ക്ഷേത്രത്തിന്റെ ഭരണ ചുമതല. രണ്ടേമുക്കാല്‍ ഏക്കറോളം ഉണ്ടായിരുന്ന ക്ഷേത്ര ഭൂമി ഇന്ന് 25 സെ
ന്റ് ആയി ചുരുങ്ങിയിരിക്കുന്നു. ദീര്‍ഘകാലമായി ദേവസ്വംബോര്‍ഡ് തിരിഞ്ഞു നോല്‍ക്കാതെ അവഗണിച്ച് കാട് കയറി പൂര്‍ണമായും തകര്‍ന്ന് ചുറ്റുമതില്‍ പോലും അവശേഷിക്കാത്ത അവസ്ഥയിലാണ് ക്ഷേത്രം ഇന്ന്. പൂര്‍ണമായും തകര്‍ന്ന ശ്രീകോവില്‍ മാത്രമേ ഇവിടെ ഇന്ന് അവശേഷിക്കുന്നുള്ളു, ശ്രീകോവിലിനുള്ളില്‍ വലിയൊരു മരവും വളര്‍ന്നു നില്ക്കുന്നു. ചെറിയൊരു കിണറും ഒപ്പം ഗണപതി വിഗ്രഹം താല്കാലികമായി പ്രതിഷ്ഠിച്ചിരിക്കുന്ന കോവിലും മാത്രമാണ് ഇപ്പോഴുള്ളത്. ഇവിടെ നിന്നും കാലങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയ വിഗ്രഹം എടുത്തുമാറ്റുവാന്‍ പോലും ബോര്‍ഡ് അധികാരികള്‍ തയ്യാറായില്ല . നാട്ടുകാര്‍ തന്നെ താല്‍ക്കാലിക ഷെഡ് നിര്‍മിച്ച് അന്ന് വിഗ്രഹം മാറ്റി സ്ഥാപിച്ചിരുന്നു.
2006ല്‍ അഷ്ടദ്രവ്യ ദേവപ്രശ്നം നടത്തുകയും, തുടര്‍ന്ന് ശ്രീകോവില്‍ , തിടപ്പള്ളി, നടപന്തല്‍ മുതലായവയുടെ കണക്ക് എടുത്ത് 14 ലക്ഷം രൂപ അന്ന് അനുവദിക്കുകയും ടെണ്ടര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
പിന്നീട് 2008ല്‍ മാറി വന്ന ബോര്‍ഡ് ഭരണസമിതി ഇത് പൂര്‍ണമായും വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ദേവസ്വം ഓംബുഡ്സ്മാന് ബോര്‍ഡിന് അടിയന്തിരമായി ക്ഷേത്രം നിര്‍മിച്ച് പ്രദേശത്തെ 500 ഓളം വരുന്ന ഭക്ത ജനങ്ങള്‍ക്ക് വിട്ടു കൊടുക്കണം എന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതൊന്നും പാലിക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറായതുമില്ല. അണ്ണായികണ്ണം, ശാരദക്കകവല, ശാസ്താംപാറ, തൊണ്ടിക്കുഴ(ചാലംകോട്), ഇടവെട്ടി, മുതലക്കോടം, പെരുംമ്പിള്ളിച്ചിറ എന്നീ സ്ഥലങ്ങളിലേ ഭക്ത ജനങ്ങളുടെ ഏക ഗണപതി ക്ഷേത്രമാണിത്. എന്നിട്ടും ദേവസ്വം ബോര്‍ഡ് ഈ കാര്യത്തില്‍ കാലവിളംബം വരുത്തുകയും, പലതവണ ആവര്‍ത്തിച്ചു ഓംബുഡ്സ്മാന് നിര്‍ദ്ദേശം കൊടുത്തിട്ടും നാളിതുവരെ യാതൊരുവിധ അനന്തര നടപ്പടികള് എടുക്കുകയും ചെയ്തിട്ടില്ല.
ഒരു കാലത്ത് അഷ്ടഐശ്വര്യത്തില് വാണിരുന്ന ഈ ക്ഷേത്രത്തിന്റെ ഇന്നത്തെ അവസ്ഥ തികച്ചും വേദനാജനകമാണ്. ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ കുന്നം ഗണപതി ക്ഷേത്രം നവീകരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങുകയാണ്. ദേവസ്വം ബോര്‍ഡിലെ ഒരു വിഭാഗം നിരീശ്വര വാദികളാണ് ക്ഷേത്രത്തെ നിത്യനാശത്തിലേക്ക് തള്ളിവിട്ടതെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: