തിരുവനന്തപുരം: ദുഃഖകരമായ ദേശീയ ദുരന്തമാണ് ജമ്മു കശ്മീരില്‍ സംഭവിച്ചിരിക്കുന്നതെന്നും കേരള സര്‍ക്കാരും ജനങ്ങളും ജമ്മുകശ്മീരിന് ഈ അവസരത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജമ്മുകശ്മീരിലെ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്ക് അയച്ച കത്തില്‍ അറിയിച്ചു. പ്രളയ ദുരന്തത്തില്‍ കാശ്മീരിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വിവരണാതീതമാണ്. കശ്മീര്‍ ജനതയുടെ ഈ ദുഃഖത്തില്‍ മുഴുവന്‍ കേരളജനതയും പങ്കുചേരുന്നു.
കേരളത്തില്‍ നിന്നുള്ള അഞ്ഞൂറിലധികം വിനോദ സഞ്ചാരികള്‍ ശ്രീനഗറില്‍ കുടുങ്ങിയിരുന്നതായും സംസ്ഥാന സര്‍ക്കാരിന്റെയും പട്ടാള ഉദ്യോഗസ്ഥരുടെയും സമയോചിതമായ ഇടപെടലുകളിലൂടെ പകുതിയിലധികം പേര്‍ക്ക് നാട്ടിലെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അവശേഷിക്കുന്നവര്‍ സഹായാഭ്യര്‍ത്ഥനയുമായി തന്നെ നിരന്തരം ബന്ധപ്പെടുകയാണെന്നും മുഖ്യമന്ത്രിയുടെ കത്തിലുണ്ട്. അവരെക്കൂടി ശ്രീനഗര്‍ വിമാനത്താവളത്തിലെത്തിക്കാന്‍ സാധ്യമായതൊക്കെ ചെയ്യുമെന്ന് പ്രത്യാശിക്കുന്നതായും, അവിടെ വിമാനത്താവളത്തിലെത്തുന്ന മലയാളികളെ സഹായിക്കാനായി കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അവര്‍ സദാ സേവന സന്നദ്ധരായായിരിക്കും.
ജമ്മുകശ്മീരിന് കേരളത്തിന്റെ അടിയന്തര സഹായമായി ആദ്യഘട്ടത്തില്‍ രണ്ട് കോടി രൂപ നല്കാന് തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ഒമര്‍ അബ്ദുള്ളയുടെ കാര്യക്ഷമമായ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ ജമ്മു കശ്മീരിന് ഈ അത്യാഹിതത്തെ മറികടക്കാന്‍ എത്രയും വേഗം കഴിയട്ടേയെന്നും മുഖ്യമന്ത്രി ആശംസിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: