തിരുവനന്തപുരം: കതിരൂരില്‍ ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ. മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. വിജ്ഞാപനം സംസ്ഥാന ആഭ്യന്തരവകുപ്പ് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് അയച്ചു. മനോജിനെ കൊന്നവര്‍ക്ക് അന്തര്‍സംസ്ഥാന ബന്ധമുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് കേസ് സിബിഐയ്ക്ക് കൈമാറാന്‍ തീരുമാനിച്ചതെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. സിബിഐ അന്വേഷണത്തിന് ഡിജിപി ശുപാര്‍ശ ചെയ്ത കാര്യവും വിജ്ഞാപനത്തിലുണ്ട്. സിബിഐ ഡയറക്ടറുടെ അഭിപ്രായം തേടിയശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തുടര്‍ നടപടി സ്വീകരിക്കും.
കേസ് സിബിഐക്കു കൈമാറണമെന്ന് ആര്‍എസ്എസ്-ബിജെപി നേതൃത്വം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഡിജിപി. കെ.എസ്. ബാലസുബ്രഹ്മണ്യത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. കേസിലുള്‍പ്പെട്ടവരുടെ അന്തര്‍ സംസ്ഥാന ബന്ധവും വിദേശബന്ധവും തള്ളിക്കളയാനാവില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായും അത്യന്തം ഗുരുതരമായ ഈ കുറ്റകൃത്യം കണ്ണൂരിലെയും മറ്റു പ്രദേശങ്ങളിലെയും ക്രമസമാധാനനിലയെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നും ഡിജിപി റിപ്പോര്‍ട്ട് നല്കി. ഇതിനു പുറമേ, ഗൂഢാലോചനാ സാധ്യതയും തള്ളാനാവില്ലെന്നും അന്വേഷണം സിബിഐയ്ക്ക് വിടുന്നതാണ് ഉചിതമെന്നും ഡിജിപിയുടെ ശുപാര്‍ശയിലുണ്ട്.
കിഴക്കേ കതിരൂര്‍ സ്വദേശി കെ. മനോജിനെ സപ്തംബര്‍ ഒന്നിനാണു ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയത്. നിലവില്‍ ക്രൈംബ്രാഞ്ച് മേധാവി എസ്. അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിക്കുകയാണ്.
നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകളും ഈ കേസില്‍ പോലീസ് ചുമത്തിയിട്ടുണ്ട്. അതനുസരിച്ച് കേന്ദ്ര ഏജന്‍സിയായ എന്‍ഐഎക്ക് വേണമെങ്കില്‍ കേസന്വേഷണം ഏറ്റെടുക്കാവുന്നതേയുള്ളു. സിബിഐ അന്വേഷണം സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അനുസരിച്ചായിരിക്കും തുടര്‍ നടപടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: