ശ്രീനഗര്‍: കശ്മീരിലെ പ്രളയത്തില്‍ കുടുങ്ങിയ ലക്ഷക്കണക്കിന് പേരെ രക്ഷപ്പെടുത്തി സൈന്യം ദുരന്തമേഖലയിലെ പ്രവര്‍ത്തന മികവ് ഒരിക്കല്‍ക്കൂടി തെളിയിച്ചു. സൈന്യത്തിന്റെ വിപുലമായ പ്രവര്‍ത്തനങ്ങളെ ഏവരും മുക്തകണ്ഠമായിട്ടാണ് പ്രശംസിക്കുന്നത്. സൈന്യവും ദേശീയ ദുരന്തനിവാരണ സേനയുമാണ് ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഓരോ ഘട്ടവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും വിലയിരുത്തി അപ്പപ്പോള്‍ വേണ്ട നടപടികള്‍ സ്വീകരിച്ച് പോന്നു.
ദുരന്തമേഖലയില്‍ ശുദ്ധജലെമത്തിക്കാനും മറ്റും വിപുലമായ സംവിധാനങ്ങള്‍ തന്നെ ഒരുക്കിയിരുന്നു. വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള 13 ടണ്‍ ഗുളികകള്‍, ഒരു ദിവസം ഒന്നേകാല്‍ ലക്ഷത്തോളം കുപ്പി വെള്ളം ശുദ്ധീകരിക്കാന്‍ സാധിക്കുന്ന ആറ് ജലശുദ്ധീകരണ പ്ലാന്റുകള്‍ എന്നിവ ശ്രീനഗറില്‍ സജ്ജമാക്കിയിട്ടുണ്ട്. വെള്ളം പമ്പ് ചെയ്ത് കളയാന്‍ അതിശക്തമായ മോട്ടോര്‍ പമ്പുകള്‍ വിശാഖപട്ടണത്ത് നിന്നും എത്തിച്ചു. അഴുക്ക് വെള്ളം പമ്പ്ചെയ്ത് കളയാന്‍ 12 സീവേജ് പമ്പുകള്‍ ദല്‍ഹിയില്‍ നിന്നും എത്തിച്ചു.
മൂന്ന് മുതല്‍ അഞ്ച് വരെ കിലോവാട്ട് കപ്പാസിറ്റിയുള്ള 30 ജനറേറ്ററുകളിലൂടെ ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലും തുടര്‍ച്ചയായി വൈദ്യുതി എത്തിക്കുവാനായി. വാര്‍ത്താപ്രക്ഷേപണ വിഭാഗം, സൈന്യം, ബിഎസ്എന്‍എല്‍, സ്വകാര്യ കമ്പനികള്‍ തുടങ്ങിയവയുടെ അശ്രാന്ത പരിശ്രമത്തിലൂടെ വാര്‍ത്ത വിതരണ സംവിധാനം പുന:സ്ഥാപിക്കുവാനായി.
8200 കമ്പിളി പുതപ്പുകളും 1119 കൂടാരങ്ങളും ദുരന്തമേഖലയില്‍ ഒരുക്കിയിരുന്നു. സൈന്യത്തിന്റെ 80 മെഡിക്കല്‍ സംഘങ്ങള്‍ പൂര്‍ണ്ണതോതില്‍ സേവന രംഗത്തുണ്ട്. അവന്തിപ്പൂര്‍, പത്താന്, അനന്തനാഗ്,പഴയ എയര്‍ഫീല്‍ഡ് എന്നിവിടങ്ങളില്‍ നാല് താല്‍ക്കാലിക ആശുപത്രികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഏതാണ്ട് 22,500 ലധികം പേര്‍ക്ക് ചികിത്സ നല്കുകയുണ്ടായി. ഒരു താല്‍ക്കാലിക ആശുപത്രികൂടി ശ്രീനഗറില്‍ ഒരുക്കുന്നുണ്ട്. ദല്‍ഹിയില്‍ നിന്നും 19 ടണ്‍ മരുന്നുകളും മറ്റ് ആരോഗ്യരക്ഷാ സംവിധാനങ്ങളും ജമ്മുകാശ്മീരില്‍ എത്തിച്ച് വിതരണം ചെയ്തു. ഹൈദ്രബാദ്,അഹമ്മദാബാദ്,ദല്‍ഹി,അമൃതസര്‍,ചണ്ഡിഗഡ് എന്നിവിടങ്ങളില്‍നിന്നും കമ്പിളി പുതപ്പുകളും കുപ്പിവെള്ളവും ഭക്ഷണപ്പൊതികളും ദുരന്തമേഖലയില്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: