ന്യൂദല്‍ഹി: കൊച്ചി കപ്പല്‍ശാലയ്ക്ക് നരേന്ദ്ര മോദി സര്‍ക്കാരിന്റെ വമ്പന്‍ സമ്മാനം. 2,700 കോടി രൂപയുടെ പദ്ധതികളാണ് കേരളത്തിന്റെ അഭിമാനമായ ഷിപ്പ്യാര്ഡിന് കേന്ദ്രം അനുവദിച്ചത്. ഷിപ്പിംഗ്- ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി.
ചരിത്രത്തില്‍ ആദ്യമായാണ് കപ്പല്‍ശാലയ്ക്ക് ഇത്രയും വലിയ കേന്ദ്രസഹായം ലഭ്യമാകുന്നത്. ഇതിനു മുന്‍പത്തെ വലിയ ധനസഹായം കൈവന്നത് പത്തു വര്‍ഷങ്ങള്‍ക്കപ്പുറം വാജ്പേയി സര്‍ക്കാരിന്റെ കാലത്തും. കപ്പല്‍ശാലയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാന്‍ ഉതകുന്നതാണ് കേന്ദ്രസഹായം.
രണ്ട് രീതിയിലാണ് കപ്പല്‍ശാലയ്ക്ക് പണം അനുവദിച്ചിരിക്കുന്നത്. ഏതു അത്യാധുനികതരം കപ്പലും പണിയാന്‍ തക്കവണ്ണം കപ്പല്‍ശാലയെ നവീകരിക്കുക അതിലൊന്ന്യ ആ ലക്ഷ്യം നേടാന്‍ 1200 കോടി രൂപ നല്‍കും. ഈ തുക കൊണ്ട് ഡോക്കുകള്‍ മെച്ചപ്പെടുത്താം. ഡ്രൈ ഡോക്ക് നിര്‍മ്മിക്കാം. അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാം.
പ്രകൃതിവാതകം കൊണ്ടുപോകാന്‍ കഴിയുന്നവയടക്കം (എന്‍എന്‍ജി കപ്പല്‍) പുതിയ കപ്പലുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് 1500 കോടിയും നല്കി. മൂന്ന് എല്‍എന്‍ജി കപ്പലുകളാണ് ഭാരതം നിര്‍മ്മിക്കുക.ആയുധങ്ങള്‍ ഉള്‍പ്പെടെ ഭാരതത്തിന് ആവശ്യമുള്ള സകലവസ്തുക്കളും ഇവിടെ നിര്‍മ്മിക്കാന്‍ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ എന്ന പദ്ധതി മോദി സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതില്പ്പെടുത്തിയാണ് കൊച്ചി കപ്പല്ശാലയ്ക്കുള്ള സഹായം.വിദേശരാജ്യങ്ങള്ക്കായും വിദേശ കമ്പനികള്‍ക്കായും ഇവിടെ കപ്പലുകള്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്.
കൂടാതെ രാജ്യത്തിന് ആവശ്യമുള്ള മണ്ണുമാന്തിക്കപ്പലുകളുടെ നിര്‍മ്മാണവും കൊച്ചി കപ്പല്‍ശാലയെ ഏല്‍പ്പിച്ചേക്കും. കൊച്ചിയില്‍ യാത്രാ, ചരക്ക് കപ്പലുകളും നിര്‍മ്മിക്കും. ഇതിന് ഫ്രാന്‍സിന്റെ സഹായം തേടും, ഗഡ്കരി പറഞ്ഞു.
ഇപ്പോള്‍ നാവികസേനയ്ക്കും തീരരക്ഷാസേനയ്ക്കുമുള്ള കപ്പലുകളാണ് കൊച്ചിയില്‍ നിര്‍മ്മിക്കുക. കൂടാതെ ഓയില്‍ റിഗ്ഗുകളുടെയും കപ്പലുകളുടെയും അറ്റകുറ്റപ്പണികളും ഇവിടെ ചെയ്യുന്നുണ്ട്. ഭാരതത്തിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണ ശാലയാണ് കൊച്ചിയിലേത്. 1972ലാണ് സ്ഥാപിച്ചത്. പതിനൊന്ന് ലക്ഷം ടണ്‍ ഭാരമുള്ള കപ്പലുകള്‍വരെ ഇവിടെ നിര്‍മ്മിക്കാം. 81ല്‍ നിര്‍മ്മിച്ച റാണി പത്മിനിയാണ് ഇവിടെ നിന്ന് നീറ്റിലിറക്കിയ ആദ്യ കപ്പല്‍. നാവികസേനയ്ക്കു വേണ്ടി ഐഎന്‍എസ് വിക്രാന്ത് എന്ന പടുകൂറ്റന്‍ വിമാനവാഹിനിക്കപ്പലാണ് ഇപ്പോള്‍ ഇവിടെ നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: