ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ വ്യവസായ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ഫൈബര്‍ ബ്രിക്കറ്റിങ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടുകൂടി തീപിടുത്തം ഉണ്ടായി. അറക്കപ്പൊടി, കാപ്പിത്തൊണ്ട് തുടങ്ങിയ മിശ്രിതങ്ങള്‍ ഉപയോഗിച്ച് ഗ്രീന്‍ ഫൈബര്‍ ബ്രിക്കറ്റ് ഉത്പാദിപ്പിക്കുന്ന സ്ഥാപനമാണിത്. ബോയിലറുകള്‍ക്ക് വിറകിനു പകരം ഉപയോഗിക്കുന്ന ഉത്പന്നമാണ് ഈ ബ്രിക്കറ്റുകള്‍. കുറുപ്പന്തറ സ്വദേശികളായ ജോജി, റോബിന് എന്നിവരുടെ സംരംഭമാണ് ഇത്. തീ കത്തുന്നത് കണ്ട് ഇത് കെടുത്താന്‍ ശ്രമിച്ച് ആസാം സ്വദേശി സല്മാന് (23)ന് പൊള്ളലേറ്റു. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ഏറ്റുമാനൂര്‍ പോലീസും കോട്ടയത്തുനിന്നുള്ള രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തീ അണയ്ക്കുന്നതിന് നേതൃത്വം നല്കി. ഫയര്‍ സ്റ്റേഷന് ഓഫീസര്‍ എസ്.കെ. ബിജുമോന്, ലീഡ് ഫയര്മാന് സുരേഷ് കുമാര്‍, ഫയര്മാന്മാരായ പി.എസ്. അരുണ്‍, സജിത്, സനല്‍ ശ്യാം, ടി.എന്‍. ഷാജി, പി.ആര്. ഭാസ്കരന്, പി.സി. പ്രഭാകരന് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. അമ്പതോളം വരുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന വ്യവസായമേഖലയില്‍ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ നിലവിലില്ലായെന്നതും ശ്രദ്ധേയമാണ്. പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനം ലഭ്യമാക്കാന്‍ താമസം നേരിട്ടതായി ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: