ബംഗളൂരു: ഇനി വെറും എട്ടുദിവസം മാത്രം, ഭാരതത്തിന്റെ അഭിമാനമായ ചൊവ്വ ഉപഗ്രഹം മംഗള്യാന് ഈ മാസം 24ന് ചൊവ്വയുടെ അടുത്ത് നിര്‍ദ്ദിഷ്ട ഭ്രമണപഥത്തില്‍ എത്തും. ഇതുവരെ കാര്യങ്ങളെല്ലാം മംഗളമായിത്തന്നെയാണ് നടന്നുവരുന്നത്.
വഴിയാത്രയുടെ 95 ശതമാനവും പിന്നിട്ട ഉപഗ്രഹം ഇപ്പോള്‍ ഭൂമിയില്‍ നിന്ന് 2110 ലക്ഷം കിലോമീറ്റര്‍ അകലെയാണ്. കൃത്യമായ സന്ദേശങ്ങള്‍ നല്‍കുന്നുമുണ്ട്. മംഗള്‍യാനിലെ എല്ല ഉപകരണങ്ങളും നല്ലവണ്ണം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ടെലിമെട്രി സിഗ്നലുകള്‍ വിലയിരുത്തി ശാസ്ത്രജ്ഞര്‍ പറയുന്നു.
2.2 മീറ്റര്‍ വലിപ്പമുള്ള ആന്റിനയാണ് സിഗ്നലുകള്‍ അയക്കാന്‍ ഉപയോഗിക്കുന്നത്. ഇനി ചൊവ്വയിലേക്ക് നാല്പതു ലക്ഷം കിലോമീറ്റര്‍ പോലുമില്ല. ചൊവ്വയുടെ നിഴലില്‍ എത്തുമ്പോഴാണ് പ്രത്യേക രീതിയില്‍ ഉപഗ്രഹത്തെ ഭ്രമണപഥത്തിലേക്ക് കയറ്റിവിടുക. ഈ സമയം സൂര്യനില്‍ നിന്ന് ഉപഗ്രഹത്തില്‍ പ്രകാശം കിട്ടില്ല. അതിനാല്‍ ബാറ്ററി കൊണ്ടാകും ഇതിനുള്ള ഊര്‍ജ്ജം എടുക്കുക.
ഈ മാസം 27ന് രാവിലെ ഏഴരയ്ക്കാകും മംഗള്യാന് ചൊവ്വയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുക. ഉപഗ്രഹത്തെ നിര്‍ദ്ദിഷ്ട ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ദ്രവ ഇന്ധനം ഉപയോഗിക്കുന്ന എഞ്ചിനാകും പ്രവര്‍ത്തിപ്പിക്കുക. കഴിഞ്ഞ 300 ദിവസമായി ഉറക്കത്തിലാണ് ഈ എഞ്ചിന്. മംഗള്യാന് എത്തും മുന്‍പ് ഈ മാസം 21ന് നാസയുടെ മാവന് എന്ന ഉപഗ്രഹം ചൊവ്വയുടെ അടുത്ത എത്തും. ചൊവ്വയെപ്പറ്റിയുള്ള സമഗ്ര പഠനമാണ് മംഗള്‍യാന്റെ ലക്ഷ്യം.
22 തിങ്കളാഴ്ചയാണ് മംഗള്‍യാനെ സംബന്ധിച്ച് സുപ്രധാന ദിവസം. അന്നാണ് ഉപഗ്രഹം ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും മുന്‍പുള്ള അവസാന പരീക്ഷണം. അവസാന ഘട്ട ഭ്രമണപഥ മാറ്റവും പ്രധാനപ്പെട്ട ഉപകരണങ്ങളുടെ പരിശോധനയും എല്ലാം ഈ സമയത്താകും നടക്കുക.
ചൊവ്വയുടെ സമീപത്തുള്ള ഭ്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ തള്ളിവിടാന്‍ പ്രധാന എഞ്ചിനാണ് ഉപയോഗിക്കുക. മുന്‍പ് ഭൂമിയുടെ ആകര്‍ഷണ വലയത്തില്‍ നിന്ന് സൂര്യന്റെ ഭ്രമണപഥത്തിലേക്ക് മാറ്റാനാണ് ഈ എഞ്ചിന് ഉപയോഗിച്ചത്. ഈ എഞ്ചിന് 22 ഉച്ചയ്ക്ക് രണ്ടരയ്ക്ക് നാലു സെക്കന്റ് പ്രവര്‍ത്തിപ്പിച്ചാകും ഉപഗ്രഹത്തെ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് കടത്തുക. ഇവയ്ക്കുള്ള ഒരുക്കങ്ങള്‍ ബംഗളൂരുവിലെ ടെലിമെട്രി ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിലും ഇന്ത്യന്‍ ഡീപ് സ്പേസ് നെറ്റ്വര്‍ക്കിലും പൂര്‍ത്തിയായി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: