ന്യൂദല്‍ഹി: പുരാതനകാലം മുതലുള്ള ഭാരത-ചൈന ബന്ധത്തില്‍ പുതുഅദ്ധ്യായം രചിക്കാന്‍ ത്രിദിന സന്ദര്‍ശനത്തിനായി ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ് ഇന്നു ഭാരതത്തിലെത്തും. ഉച്ചയ്ക്ക് 2.30ന് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്ന അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി സ്വീകരിക്കും. രാജ്യതലസ്ഥാനത്തിന് പുറത്ത് വിദേശ രാഷ്ട്രത്തലവനെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി പോകുന്നത് ഇതാദ്യമാണ്. രാജ്യതലസ്ഥാനത്തിന് പുറത്ത് സുപ്രധാന കരാറുകളൊപ്പിടുന്നതും ഇതാദ്യമായാണ്.
ഭാരത- ചൈന ബന്ധം ചരിത്രപരമാണ്, പരസ്പരമുള്ള സാംസ്ക്കാരികവിനിമയത്തില് അധിഷ്ഠിതമായതുമാണ്- ചൈനീസ് പ്രസിഡന്റിന്റെ ഭാരത സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
പ്രസിഡന്റിന്റെ ഭാര്യ പെങ് ലിയാന്, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗങ്ങളായ ലീ ഷാന്‍ ഷന്, വാങ് ഹുനിംഗ്, അതിര്‍ത്തികാര്യ ചുമതലയുള്ള പ്രതിനിധി യാംഗ് ജി ചിന് എന്നിവരോടൊപ്പം വ്യവസായികളുടെ പ്രതിനിധി സംഘവും പ്രസിഡന്റിനൊപ്പം എത്തുന്നുണ്ട്.
അഹമ്മദാബാദിലെ ഹോട്ടല്‍ ഹയാത്തില്‍ 4.30 ന് ഇരു രാഷ്ട്ര തലവന്മാരും സുപ്രധാന കരാറുകളില്‍ ഒപ്പുവെക്കും. തുടര്‍ന്ന് 5 മണിയോടെ സബര്‍മതി ആശ്രമം സന്ദര്‍ശിക്കുന്ന ചൈനീസ് പ്രസിഡന്റ് നാടന്‍ കലാരൂപങ്ങളുടെ പ്രദര്‍ശനവും വീക്ഷിക്കും. സബര്‍മതി നദീതീരത്തൊരുക്കിയ കൂടാരത്തില്‍ ചൈനീസ് നേതാക്കള്‍ക്ക് മോദി രാത്രിവിരുന്ന് നല്‍കും. തുടര്‍ന്ന് ന്യൂദല്‍ഹിയിലേക്ക് തിരിക്കുന്ന ചൈനീസ് പ്രസിഡന്റിന് നാളെ രാവിലെ 9 ന് രാഷ്ട്രപതിഭവനില്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്. ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടും സീ ജിന്‍പിങ് സന്ദര്‍ശിക്കും. വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായുള്ള കൂടിക്കാഴ്ചക്കുശേഷം ഹൈദരാബാദ് ഹൗസില്‍ രാവിലെ 11 മണി മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള സീ ജിന്‍പിങിന്റെ ചര്‍ച്ച ആരംഭിക്കും.
വെള്ളിയാഴ്ച ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്, യുപിഎ ചെയര്‍പേഴ്സണ്‍ സോണിയാഗാന്ധി എന്നിവരേയും ചൈനീസ് പ്രസിഡന്റ് കാണും. അന്ന് ഉച്ചയോടെ സീ ജിന്‍പിങ് മടങ്ങും.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: