തലശ്ശേരി/പാനൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ കെ.മനോജ് വധക്കേസിലെ മുഖ്യപ്രതി സിപിഎം പ്രവര്‍ത്തകനായ വിക്രമനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച പ്രതിയെ കോടതി റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസം അറസ്റ്റിലായ സിപിഎം നേതാവും പാട്യം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ആയുര്‍വേദ ഫാക്ടറി പ്രസിഡന്റുമായ ചപ്ര പ്രകാശനെ(52)യാണ് തലശ്ശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്നലെ വൈകുന്നേരം 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്.
സിപിഎം ജില്ലാ കമ്മറ്റി സൊസൈറ്റിക്ക് നല്കിയ കെഎല്‍ 58 സി 1717 നമ്പര്‍ ബൊലേറോ വാഹനവും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. കൊലപാതകം നടത്തിയ ശേഷം വിക്രമന് കണ്ണൂരിലും പയ്യന്നൂരില്‍ ആശുപത്രിയില്‍ ചികിത്സ തേടാനും എത്തിയ വാഹനത്തിന് അകമ്പടിയായി പ്രകാശന് സഞ്ചരിച്ചത് ഈ വാഹനത്തിലായിരുന്നു. വിക്രമന് സഞ്ചരിച്ച ഇന്നോവ കാറും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സൊസൈറ്റി വാഹനത്തിന്റെ ഡ്രൈവറായ വിനീഷിനെ അന്വേഷണസംഘം വിളിപ്പിച്ചെങ്കിലും ഇയാള്‍ ഹാജരായിട്ടില്ല. കോടതി റിമാന്റ് ചെയ്ത പ്രകാശനെതിരെ യുഎപിഎ, തെളിവ് നശിപ്പിക്കല്‍, ഐപിസി 212, 201 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
പാട്യം ലോക്കല്‍ കമ്മറ്റിയംഗം രാമചന്ദ്രന് എന്ന മുച്ചിറിയന്‍ രാമന്റെ നിര്‍ദ്ദേശാനുസരണമാണ് വിക്രമനെ കണ്ണൂരിലെത്തിക്കാന് താന്‍ സഹായിച്ചതെന്നാണ് പ്രകാശന് മൊഴി നല്‍കിയിരിക്കുന്നത്. രാമചന്ദ്രന് വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. രാമചന്ദ്രനെ പിടിച്ചാലേ ഗൂഡാലോചന പുറത്ത് കൊണ്ടുവരാന്‍ സാധിക്കൂ. സിപിഎമ്മിന്റെ ജില്ലയിലെ ഉന്നത നേതാവിന്റെ അടുത്ത അനുയായിയായ രാമചന്ദ്രന് നിരവധി കേസുകളില്‍ പ്രതിയാണ്. കിഴക്കേ കതിരൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാല് സൊസൈറ്റി നടത്തിപ്പുകാരന് കൂടിയാണ് ഇയാള്‍.
14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ട വിക്രമനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൂടുതല്‍ പ്രതികള്‍ അടുത്ത ദിവസം തന്നെ പിടിയിലാവുമെന്ന് സൂചനയുണ്ട്. കൊല നടത്തിയ ശേഷം വിക്രമനെ ഗ്രാമം വിടാനും പരിക്ക് ചികിത്സിക്കാന്‍ പ്രകാശന്റെ അകമ്പടിയോടെ സിപിഎം ഭരിക്കുന്ന പയ്യന്നൂരിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചതിനും ഒളിവില്‍ കഴിയാന്‍ സഹായിച്ചതിലും പയ്യന്നൂര്‍ ഏരിയാ കമ്മറ്റിയും ഡിവൈഎഫ്ഐ-എസ്എഫ്ഐ ജില്ലാ നേതാക്കളായ രണ്ടു പയ്യന്നൂര്‍ സ്വദേശികള്‍ക്കും പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
വിക്രമന്റെ യാത്രകള്‍ക്കുളള സൗകര്യം ഏര്‍പ്പെടുത്തിയത് പ്രകാശനാണെന്ന് പോലീസ് പറയുന്നു. ഇതിന് ജില്ലാ കമ്മറ്റിയുടെ വാഹനം ഉള്‍പ്പെടെ നല്കി സഹായിച്ചതായും പോലീസ് തിരിച്ചറിഞ്ഞിരുന്നു. കീഴടങ്ങിയതിന്റെ തലേന്ന് വിക്രമന് താമസിക്കാന്‍ കണ്ണൂര്‍ നഗരത്തില്‍ ആളൊഴിഞ്ഞ വീട് ഏര്പ്പാടാക്കിയതിനും ഈയടുത്ത കാലത്ത് ഡിവൈഎഫ്ഐയില്‍ എത്തിയ ഏതാനും സഖാക്കളും അടുത്ത ദിവസം പിടിയിലാകുമെന്നാണ് പോലീസ് നല്കുന്ന സൂചന. അറസ്റ്റിലായ വിക്രമന്, പ്രകാശന് തുടങ്ങിയവരുള്‍പ്പെടെ കേസിലെ മുഴുവന്‍ പ്രതികള്‍ക്കും യുഎപിഎ ബാധകമാകുന്നതിനാല്‍ വരും നാളുകളില്‍ പിടിക്കപ്പെടുന്ന പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും വിചാരണ കൂടാതെ മാസങ്ങളോളം ജയിലില്‍ കിടക്കേണ്ടിവരും.
രാമചന്ദ്രനും സംഭവത്തില്‍ പങ്കാളിയാണെന്ന് അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. വിക്രമന്റെ അടുത്ത അനുയായിയും നിരവധി കേസുകളില്‍ പ്രതിയുമായ ഇയാളെ ചോദ്യംചെയ്യാന്‍ വിളിച്ചെങ്കിലും ഹാജരായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: