ന്യൂദല്‍ഹി: ചരിത്രത്തിലാദ്യമായി ഒറ്റയ്ക്ക് മത്സരിച്ച് പശ്ചിമബംഗാള്‍ നിയമസഭയിലേക്ക് ബിജെപി വിജയിച്ചതും ആസാമില്‍ സീറ്റു നേടിയതും ഉപതെരഞ്ഞെടുപ്പ് ഫലത്തെ വേറിട്ടതാക്കി. തെരഞ്ഞെടുപ്പ് നടന്ന 32 നിയമസഭാ സീറ്റുകളില്‍ 13 എണ്ണം ബിജെപി നേടിയപ്പോള്‍ 8 സീറ്റുകളില്‍ സമാജ് വാദി പാര്‍ട്ടിയും 7 എണ്ണത്തില്‍ കോണ്‍ഗ്രസും നാലു സീറ്റുകള്‍ മറ്റുള്ളവരും കരസ്ഥമാക്കി. മൂന്ന് ലോക്സഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി, സമാജ് വാദി പാര്‍ട്ടി, തെലുങ്കാന രാഷ്ട്ര സമിതി എന്നിവര്‍ ഓരോ സീറ്റുകള്‍ നേടി.
ഗുജറാത്തിലെ 9 നിയമസഭാ സീറ്റുകളില്‍ നരേന്ദ്രമോദിയുടെ മുന്മണ്ഡലമായ മണിനഗര്‍ ഉള്‍പ്പെടെയുള്ള 6 സീറ്റുകള്‍ ബിജെപിയും 3 എണ്ണത്തില്‍ കോണ്‍ഗ്രസും വിജയിച്ചു. പശ്ചിമ ബംഗാളിലെ രണ്ട് സീറ്റുകളില്‍, ബിജെപിയും തൃണമൂലും ഓരോ സീറ്റുവീതം വിജയിച്ചു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാസിത്ഘട്ട് ദക്ഷിണിലാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷമിക് ഭട്ടാചാര്യ 1,586 വോട്ടുകള്‍ക്ക് വിജയിച്ചത്. രണ്ടിടത്തും സിപിഎം നാലാമതായി.
ഉത്തര്‍പ്രദേശിലെ 11 നിയമസഭാ സീറ്റുകളില്‍ എട്ടിടത്ത് എസ്.പിയും മൂന്നിടത്ത് ബിജെപിയും വിജയിച്ചു. രാജസ്ഥാനിലെ 4 സീറ്റുകളില്‍ 3 എണ്ണം കോണ്‍ഗ്രസിനും ഒന്ന് ബിജെപിക്കും ലഭിച്ചു. ആസാമിലെ മൂന്നു സീറ്റുകളിലൊന്ന് ബിജെപിക്ക് ലഭിച്ചു. സില്‍ച്ചറില്‍ ദിലീപ് കുമാര്‍ പൗളാണ് ബിജെപി ടിക്കറ്റില്‍ വിജയിച്ചത്. സീമാന്ധ്രയിലെ ഒരു സീറ്റില്‍ ടിഡിപി സ്ഥാനാര്‍ത്ഥി വിജയിച്ചു.
ലോക്സഭയിലേക്ക് നരേന്ദ്രമോദി ഒഴിഞ്ഞ വഡോദര സീറ്റില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി രഞ്ജന്‍ ഭട്ട് 3,29,507 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി. മുലായം സിങ് യാദവ് ഒഴിഞ്ഞ ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ലോക്സഭാ സീറ്റില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും മുലായത്തിന്റെ മരുമകനുമായ തേജ് പ്രതാപ് സിങിന് വിജയം ലഭിച്ചപ്പോള്‍ തെലങ്കാനയിലെ മേദക്കില്‍ തെലുങ്കാന രാഷ്ട്ര സമിതിയുടെ കെ. പ്രഭാകര്‍ റെഡ്ഡി വിജയിച്ചു. മൂന്ന് ലോക്സഭാ സീറ്റുകളിലൊന്നുപോലും കോണ്‍ഗ്രസിന് ലഭിച്ചില്ല.
പ്രാദേശിക വിഷയങ്ങളിലൂന്നി നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ദേശീയ രാഷ്ട്രീയം വിഷയമായിരുന്നില്ലെന്ന് ഉപതെരഞ്ഞെടുപ്പ് ഫലത്തോട് ബിജെപി പ്രതികരിച്ചു. ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പ് നടന്ന മിക്ക പ്രദേശങ്ങളിലും പ്രചാരണം നടത്താന്‍ പോലും ബിജെപി നേതാക്കളെ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ലെന്ന് ഗോരഖ്പൂര്‍ എംപി യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: