തിരുവനന്തപുരം: കേരള വിശ്വകര്‍മ്മസഭയുടെ സംസ്ഥാന സമ്മേളനത്തോടനമുബന്ധിച്ച് നടന്ന ശക്തിപ്രകടനം തലസ്ഥാന നഗരത്തെ ജനസാഗരമാക്കി. വൈകിട്ട് നാല് മണിയോടെ ആരംഭിച്ച ഘോഷയാത്ര മണിക്കൂറുകളോളം നീണ്ടു. സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി ഗതാഗതക്കുരുക്കില്‍ രണ്ടുമണിക്കൂറോളം പെട്ടു. ഇത് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറയുകയും ചെയ്തു. വിശ്വകര്‍മ്മ സഭയുടെ ശക്തി തെളിയിക്കുന്ന തരത്തിലാണ് പ്രകടനം നടന്നത്.
തലസ്ഥാന നഗരം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രകടനം. വിശ്വകര്‍മ്മജരുടെ ആവശ്യങ്ങള്‍ എന്തെന്ന് തിരിച്ചറിയാന്‍ സര്‍ക്കാരിന് അവസരം ലഭിച്ചു. ഉന്നതവിദ്യാഭ്യാസ രംഗത്ത് വിശ്വകര്‍മ്മജര്‍ക്ക് പ്രത്യേക സംവരണം വേണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. സ്ഥലം ലഭ്യമാക്കുന്ന മുറയ്ക്ക് കോളേജ് സ്ഥാപിക്കാനുള്ള തീരുമാനവും ഉണ്ടാകും. അത് ആരുടേയും ഔദ്യാര്യമല്ല. അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വകര്‍മ്മജര്‍ക്ക് പെന്ഷന് അനുവദിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ അത് ലഭിച്ചില്ലെന്നു പറഞ്ഞാല്‍ അതിനെ കുറിച്ചറിയില്ലെന്ന് ആശംസാ പ്രസംഗം നടത്തിയ ധനമന്ത്രി കെ.എം. മാണി പറഞ്ഞു.
ബജറ്റില്‍ പ്രഖ്യാപിക്കുകയും അതിനായി ഫണ്ട് മാറ്റിവെയ്ക്കുകയും ചെയ്തു. ഇത്രയുമാണ് ധനമന്ത്രിയെന്ന നിലയില്‍ ചെയ്യാന്‍ കഴിയുന്നത്. എന്നാല്‍, പെന്ഷന് ഇതുവരെ കിട്ടിയില്ലെന്നു പറയുന്നത് തന്റെ കുറ്റമല്ല. ഇനി എന്തെങ്കിലും തരത്തില്‍ തടസ്സം സംഭവിച്ചിട്ടുണ്ടെങ്കില്‍ അതന്വേഷിക്കാമെന്നും മന്ത്രി ഉറപ്പു നല്കി. ചടങ്ങില്‍ ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല പ്രസിദ്ധ കലാകാരന്മാര്ക്ക് പ്രതിഭാ പുരസ്ക്കാരം വിതരണം ചെയ്തു. വിശ്വകര്‍മ്മസഭ പ്രസിഡന്റ് പി.ആര്. ദേവദാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ബിജെപി മുന്‍ ദേശീയസെക്രട്ടറി പി.കെ. കൃഷ്ണദാസ്, ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് എ.എന്‍. രാജന്‍ബാബു, കേവിഎസ് നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു. ഇന്ന് പ്രതിനിധി സമ്മേളനം നടക്കും. പുതിയ ഭാരവാഹികളെയും സമ്മേളനം തെരഞ്ഞടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: