കൊച്ചി: എറണാകുളം മറൈന്‍ഡ്രൈവില്‍ നവംബര്‍ രണ്ടിന് നടത്തുമെന്ന് പറയുന്ന ചുംബന കൂട്ടായ്മ പരിപാടിയുടെ റിഹേഴ്സലിനെത്തിയവരെ നാട്ടുകാര്‍ ഓടിച്ചു. ഒരു ഇംഗ്ലീഷ് ടിവി ചാനലുമായി ഒന്നിച്ചാണ് പ്രവര്‍ത്തകര്‍ മറൈന്‍ഡ്രൈവിലെത്തിയത്. ചുംബന കൂട്ടായ്മയുടെ പ്രചാരണാര്‍ഥമാണ് ചിത്രീകരണത്തിനു പദ്ധതിയിട്ടിരുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ രംഗം സംഘര്‍ഷഭരിതമായി.
പ്ലെക്കാര്‍ഡുകള്‍ പിടിച്ചെത്തിയ സംഘാടകരെയും ക്യാമറയും കണ്ടതോടെ ജനം തടിച്ചുകൂടി. സംഘാടകരുടെ കൈയ്യിലുണ്ടായിരുന്ന പ്ലെക്കാര്‍ഡുകള്‍ പ്രതിഷേധക്കാര്‍ വലിച്ചുകീറി.
സമരത്തെ ഏതു വിധത്തിലും തകര്‍ക്കുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. രംഗം വഷളായതോടെ പോലീസെത്തി. രണ്ടിന് നടക്കാനിരിക്കുന്ന പരിപാടിക്ക് പോലീസ് അനുമതിയില്ലെന്നും അന്നേദിവസം ആക്രമണമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി. അതേത്തുടര്‍ന്നാണ് സംഘാടകര്‍ പിരിഞ്ഞുപോകാന്‍ തയാറായത്. എന്നാല്‍ പോലീസ് അനുമതി നിഷേധിച്ചതിനെക്കുറിച്ച് തങ്ങള്‍ക്കറിയില്ലെന്നും നവംബര്‍ രണ്ടിന് നേരത്തെ നിശ്ചയിച്ചതുപോലെ തന്നെ ചുംബനകൂട്ടായ്മ നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു.
എന്നാല്‍ നവംബര്‍ 2 ന് മറൈന്‍ഡ്രൈവില്‍ കിസ് ഓഫ് ലവ് പരിപാടി നടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് എസിപി ആര്. നിശാന്തിനി പറഞ്ഞു.
ഇത്തരം പരിപാടി സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കാനും യുവജനങ്ങളെ വഴിതെറ്റിക്കാനും മാത്രമേ ഉപകരിക്കൂ എന്ന് വിശ്വഹിന്ദു പരിഷത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മോഹനന് പ്രസ്താവനയില്‍ പറഞ്ഞു. ഇതിനെതിരെ ജനങ്ങളെ ജാഗരൂകരാക്കാനും അവബോധം വളര്‍ത്താനുമുള്ള നടപടികള്‍ വിഎച്ച്പി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടി ബലപ്രയോഗത്തിലൂടെ തടയില്ലെന്നും നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദു സംഘടനകളും രക്ഷകര്‍ത്താക്കളുമടക്കം നിരവധിയാളുകള്‍ പ്രതിഷേധവുമായി എത്തിയതോടൊപ്പം മുസ്ലീംലീഗിന്റെ വനിതാ വിഭാഗവും പ്രതിഷേധവുമായി രംഗത്തെത്തി. ഹിന്ദു ഹെല്‍പ്പ് ലൈനും ബജരംഗദളും അടക്കം വിവിധ സംഘടനകള്‍ മറൈന്‍ഡ്രൈവിലെ പേക്കൂത്ത് തടയുമെന്ന് പ്രഖ്യാപിച്ചിരുന്നു. പരസ്യചുംബന ക്ഷണത്തിന് പിന്നില്‍ മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന തരത്തില്‍ പോസ്റ്ററുകള്‍ വ്യാപകമായിട്ടുണ്ട്. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ ഇത്തരം ആഹ്വാനത്തിനെതിരെ പ്രതിഷേധം പടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: