കടവന്ത്ര: ചിലവന്നൂര്‍ കായല്‍ പായല്‍ കയ്യേറിയതിനാല്‍ പരമ്പരാഗതമായി ചീനവല ഉപയോഗിച്ച് മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍. ഇരുപതോളം ചീനവലകളാണ് ഇവിടെ ഉണ്ടായിരുന്നത്. അതില്‍ ആറെണ്ണം ഒഴികെ ബാക്കി എല്ലാം പായല്‍ കയറിയതിനാല്‍ നശിച്ചു കൊണ്ടിരിക്കുകയാണ്. ബണ്ട് റോഡിലെ പുതിയ പാലം പണിതപ്പോള്‍ പഴയ പാലത്തിന്റെ പില്ലറുകള്‍ മാറ്റാത്തതിനാല്‍ പായലുകള്‍ക്ക് ഒഴുകി പോകാന്‍ കഴിയുന്നില്ല. പഴയ പില്ലറുകള്‍ എടുത്ത് മാറ്റണമെന്ന് നാട്ടുകാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നു.
മത്സ്യത്തൊഴലാളികളുടെ ആവലാതികേള്ക്കാന് ഒരധികാരികളും ഇവിടെ എത്താറില്ലെന്നും പരാതികൊടുത്ത് മടുത്തെന്നും മത്സ്യതൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞ ഇരുപത്തിയെട്ട് വര്‍ഷമായി ഇവിടെ ചീനവല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന ആന്റണി ഉള്‍പ്പെടെയുള്ളവര്‍ ഒരു ലക്ഷം രൂപയോളം ചിലവഴിച്ചാണ് ചിലവല നിര്‍മ്മിച്ചത്. വര്‍ഷങ്ങളായി അധികാരികള്‍ക്ക് മുമ്പില്‍ ലൈസന്‍സിനായി അപേക്ഷയുമായി നടക്കുകയാണ്. പക്ഷേ അപേക്ഷകള്‍ ഇന്നേവരെ പരിഗണിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സാമ്പത്തികസഹായമോ ബാങ്ക് വായ്പകളോ ഇന്‍ഷുറന്‍സ് പരിരക്ഷയോ ഞങ്ങള്‍ക്കു ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളിയായ ആന്റണി പറയുന്നു.
ഒരു വര്‍ഷത്തില്‍ ഇരുപതിനായിരത്തോളം രൂപ അറ്റകുറ്റപണികള്‍ക്കായി ചീനവലയ്ക്ക് വേണ്ടി വരും. ചീനവലകളെ സംരക്ഷിക്കുവാന്‍ ചൈന കോര്‍പ്പറേഷനുമായി സഹകരിക്കുമെന്ന് വാര്‍ത്ത വന്നിരുന്നു എന്നാല്‍ അതിനുശേഷം അതിനെക്കുറിച്ച് യാതൊരറിവുമില്ലെന്നും ഇക്കൂട്ടര്‍ പറയുന്നു. ചീനവല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തി ജീവിക്കുന്ന നൂറോളം കുടുംബങ്ങളാണ് ചിലവന്നൂര്‍ കായല്‍ പരിസരത്തുള്ളത്. മാധ്യമങ്ങളിലൂടെ ഞങ്ങളുടെ ദുരിതമറിഞ്ഞ് സര്‍ക്കാര്‍ ഞങ്ങളെ സഹായിക്കുമെന്ന് പ്രതീക്ഷയിലാണെന്നും ആന്റണി പറഞ്ഞു.
ജനുവരി മാസത്തില്‍ ചീന വലയിലൂടെ ചെമ്മീന്‍ കിട്ടുന്ന സീസനാണ്. എന്നാല്‍ ഇപ്പോള്‍ കയറിയിരിക്കുന്ന പായല്‍ ജനുവരി മാസം ആകുമ്പോഴേക്കും അഴുകി കായലില്‍ തന്നെ വീഴുന്നതിനാല്‍ ഇത്തവണത്തെ ചെമ്മീന്‍ സീസണും ഈ മത്സ്യ തൊഴിലാളികള്‍ക്ക് നഷ്ടമാകും. പഴയ പാലത്തിന്റെ പില്ലറുകള്‍ നീക്കി പായലുകള്‍ ഒഴുക്കി വിടുവാന്‍ ഉള്ള നടപടി ഉണ്ടാകണമെന്ന് മത്സ്യതൊഴിലാളികള്‍ ആവശ്യപ്പെട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: