തിരുവനന്തപുരം: ദൈവത്തെ പ്രകീര്‍ത്തിക്കുന്ന, ദൈവത്തെക്കുറിച്ച് മനസിലാക്കുന്ന കൃതിയാണ് ദൈവദശകമെന്ന് ശിവഗിരിമഠം ധര്‍മ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ഋതംഭരാനന്ദ. ഭാരതീയവിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ദൈവദശകമന്ത്രശതാബ്ദി ആഘോഷം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഈശ്വരഭക്തി എല്ലാവരിലും എത്തിക്കണമെന്ന് ഗുരു പറഞ്ഞിരുന്നു.
പ്രാര്‍ത്ഥനയുടെ രൂപത്തിലാണ് ദൈവദശകം രചിച്ചത്. ഇന്ന് കവിതകള്‍ എഴുതുന്നവര്‍ ഭാഷയുടെ നിയമം പാലിക്കാറില്ല. ഭാഷയുടെയും സാഹിത്യത്തിന്റെയും എല്ലാ നിയമങ്ങളും പാലിച്ച് അനിഷ്ടുപ്പ് വൃത്തത്തില്‍ രചിച്ചകൃതിയാണിത്. ആരെയാണ് പ്രാര്‍ത്ഥിക്കേണ്ടതെന്നും എങ്ങനെ പ്രാര്‍ത്ഥിക്കണമെന്നും എന്തിന് പ്രാര്‍ത്ഥിക്കണമെന്നും ശ്രീനാരായണഗുരു തന്റെ കൃതികളിലൂടെ വ്യക്തമാക്കുന്നു.
ആരെയാണ് പ്രാര്‍ത്ഥിക്കേണ്ടതെന്ന ചോദ്യത്തിന് ഉത്തരം ആദ്യപദമായ ദൈവമേയില് ഉണ്ട്. എന്തിനു പ്രാര്‍ത്ഥിക്കണം എന്നതിന് പ്രാര്ത്ഥിക്കുന്നതുകൊണ്ടുള്ള ലക്ഷ്യം ആഴണം വാഴണം സുഖം ആണെന്ന് പറയുന്നു. എങ്ങനെ പ്രാര്‍ത്ഥിക്കണം എന്നതിന് അറിവിലുമേറിയറിഞ്ഞിടുന്ന… എന്നുതുടങ്ങുന്ന വരികളിലൂടെ പഞ്ചേന്ദ്രിയങ്ങളും നിയന്ത്രിച്ച് നിരന്തരം വീണുവണങ്ങി പ്രാര്‍ത്ഥിക്കണം (സാഷ്ടാംഗം പ്രണമിക്കണം) എന്ന് വിവരിക്കുന്നു.സാധാരണക്കാരന് മനസിലാകുന്ന ഭാഷയില്‍ രചിച്ച ദൈവദശകം ശിവഗിരിമഠത്തില്‍ വച്ചാണ് രചിച്ചത്.
ദശോപനിഷത്തിനെ പത്തുശ്ളോകത്തില് ഒതുക്കുകയാണ് ശ്രീനാരായണഗുരു ചെയ്തതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ഭാരതീയവിചാരകേന്ദ്രം ജില്ലാ വൈസ് പ്രസിഡന്റ് ഡോ. ബാലശങ്കര്‍ മന്നത്ത് പറഞ്ഞു. ഉപനിഷത്തിന്റെ കാച്ചിക്കുറുക്കിയ പത്ത് ശ്ളോകങ്ങളിലൂടെ അവയുടെ സാരാംശം സാധാരണക്കാരിലെത്തിച്ചു.
ഭാരതീയ ആത്മദര്‍ശനത്തിന്റെ മുത്താണ് ദെവദശകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. കെ.സി.അജയകുമാര്‍. ആര്. സഞ്ജയന്, ഭാരതീയവിചാരകേന്ദ്രം ജില്ലാസെക്രട്ടറി പി. എസ്. പ്രസന്നകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: