വടക്കാഞ്ചേരി: നിയന്ത്രണം വിട്ട സ്കൂള്‍ വാന്‍ മറിഞ്ഞ് 37 കുട്ടികള്‍ക്ക് പരിക്ക്. ആരുടെയും നില ഗുരുതരമല്ല. വടക്കാഞ്ചേരി ക്ലേവിയ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്കുള്ള കുട്ടികളെയും കൊണ്ടുവന്നിരുന്ന വാനാണ് ഇന്നലെ രാവിലെ ഒമ്പതോടെ ഓട്ടുപാറ വാഴാനി റോഡില്‍ എങ്കക്കാട് പൊതുശ്മശാനത്തിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞത്.
വാനില്‍ നാല്‍പ്പതോളം കുട്ടികളുണ്ടായിരുന്നു. ഡ്രൈവര്‍ രാജേഷിനും പരിക്കേറ്റു. പരിക്കേറ്റ മൂന്നു കുട്ടികളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ വടക്കാഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒന്നു മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളാണ് വാനിലുണ്ടായിരുന്നത്. വണ്ടിയുടെ ടയര്‍ പഞ്ചറായതിനാല്‍ സ്റ്റെപ്പിനി ടയറാണ് ഉണ്ടായിരുന്നതെന്നും ഇത് പൊട്ടിയാണ് അപകടമുണ്ടായതെന്നും സൂചനയുണ്ട്.
നേരം വൈകിയതുകൊണ്ട് സ്കൂളില്‍ സമയത്ത് എത്താനായി വാന്‍ അമിത വേഗതയിലായിരുന്നുവെന്നും പറയപ്പെടുന്നു. മങ്കര സ്വദേശി മണികണ്ഠന്റേതാണ് വാഹനം. സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുവരാനായി ഓടുന്ന സ്വകാര്യവാഹനമാണിത്.
അപകടം നടന്നയുടന്‍ ഓടിയെത്തിയ നാട്ടുകാരും ആര്‍എസ്എസ് പ്രവര്‍ത്തകരും ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് എസ്. രാജുവിന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രവര്‍ത്തകരും ചേര്‍ന്നാണ് പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.
അമീന്(8) നെഹ്ല(10), അന്ന(7) എന്നിവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. വാഹനഡ്രൈവര്‍ എങ്കക്കാട് സ്വദേശി രാജേഷ്(40), വിദ്യാര്‍ത്ഥികളായ ഹനഫാത്തിമ(4), സ്നേഹ(10), രഹല(11), അഞ്ജലി(10), അജ്മല്‍(5). ഷെരിന്‍(12), ഭാവന(12), ഹിബ(5), ഹിബ ഷിഹാബ്(8), ഹിബ(5), ഹിസ(8), റുക്സാന(10), അതുല്‍കൃഷ്ണ(6), ഇഷാന്(4), അപര്‍ണ(5), അമീന്(8), അഹ്സാന(6), അനന്യ(9), അനുപ്രഭ(11), അന്ന(4), ആദിത്യന്(13), അനീവ്(5), ഷിബിന്‍(5), അലി അഷ്കര്‍(7), റസിന(5), മുഹമ്മദ് റഫ്(8), ആഷിക്(4), ഷെറിന് ഷാജു(9), ഷാന്ഷാജു(6), ആസിഫ(7), ഇസ്മയില്‍ (11), ഹെലന്(11), അനീന(7) എന്നിവരാണ് പരിക്ക്പറ്റി ചികിത്സ തേടിയത്.
തലപ്പിള്ളി താലൂക്ക് തഹസീല്‍ദാര്‍ അപകടം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി. ആര്‍ടിഒ വണ്ടിയുടെ രേഖകള്‍ പരിശോധിച്ചു. എതാനും ആഴ്ചകള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് അംഗവുമായ പി.വി. നാരായണ സ്വാമിയുടെ ഉടമസ്ഥതയിലുള്ള അകമല ഭാരതീയ വിദ്യാഭവന്റെ കുട്ടികളെ കൊണ്ടുപോയിരുന്ന ഫിറ്റ്നസ് ഇല്ലാത്ത വാന്‍ മറിഞ്ഞ് നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: