പള്ളുരുത്തി: ചികിത്സകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഒടുവില്‍ കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്നേഹാ പോള്‍ (11) ലോകത്തോട് യാത്ര പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ 6.55ന് എറണാകുളം അമൃത ആശുപത്രിയിലായിരുന്നു അന്ത്യം.
വൃക്കകളും കരളും തകരാറിലായതിനെത്തുടര്‍ന്ന് വര്‍ഷങ്ങളായി ചികില്‍സയില്‍ കഴിയുകയായിരുന്ന സ്നേഹയുടെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ ആറാം തീയതി നടന്നിരുന്നു. അമ്മ റീമയുടെ കരളാണ് മാറ്റിവെച്ചത്. ഇത്രയും ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന സ്നേഹയെ കഴിഞ്ഞ ദിവസം വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. പെട്ടെന്ന് അസുഖം മൂര്‍ച്ഛിച്ചു.
സ്നേഹയുടെ ചികില്‍സാ സഹായത്തിനായി നാടുമുഴുവന്‍ ഒത്തുചേര്‍ന്ന് നടത്തിയ ധനശേഖരണം കേരളം മുഴുവന്‍ ചര്‍ച്ചയായിരുന്നു. എറണാകുളം ജില്ലയിലെ സ്വകാര്യബസ്സുകള്‍, ഓട്ടോറിക്ഷാ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍ ഒത്തുചേര്‍ന്നു നടത്തിയ ഫണ്ടു ശേഖരണത്തിനൊടുവില്‍ 69 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയിരുന്നു. സെന്റ് പീറ്റേഴ്സ് സ്കൂളിലെ രക്ഷകര്‍ത്താക്കളും അദ്ധ്യാപകരും ഒത്തുചേര്‍ന്നുണ്ടാക്കിയ സഹായ സമിതിയാണ് ചികില്‍സക്കായുള്ള ധനശേഖരണത്തിന് നേതൃത്വം നല്‍കിയത്.
50ലക്ഷം രൂപയാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും രണ്ടാഴ്ചകൊണ്ട് 69 ലക്ഷം ബാങ്കിലേക്ക് എത്തുകയായിരുന്നു. ഒടുവില്‍ ഫണ്ട് പിരിവ് നിര്‍ത്തിവെക്കുകയും ചെയ്തു. കരള്‍ ശസ്ത്രക്രിയക്കുശേഷം കിഡ്നിയും മാറ്റിവെക്കേണ്ടതായിട്ടുണ്ടായിരുന്നതിനാല് അതി തീവ്രപരിചരണവാര്ഡിലായിരുന്നു സ്നേഹയെ പ്രവേശിപ്പിച്ചിരുന്നത്. ഇതിനിടയില്‍ സ്നേഹയുടെ ഹൃദയത്തിനും തകരാറുള്ളതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ഇന്നലെ ഉച്ചയോടെ സ്നേഹയുടെ മൃതദേഹം സ്കൂളിലും വീട്ടിലും പൊതുദര്‍ശനത്തിനുവെച്ചു. ആയിരങ്ങള്‍ അന്ത്യോപചാരം അര്‍പ്പിച്ചു. വൈകിട്ട് കുമ്പളങ്ങി സെന്റ്പീറ്റേഴ്സ് സെമിത്തേരിയില്‍ സംസ്കരിച്ചു. കുമ്പളങ്ങി കുമരോത്ത് കുടുംബാംഗം പോളിന്റേയും റീമയുടേയും മകളാണ് സ്നേഹ. സഹോദരി: ദയ.
ദയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: