ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരുടെ ദേഹവിയോഗം കേരളത്തിലെ മാത്രമല്ല, ഭാരതത്തിന്റെയും ‘നീതിസൂര്യ’ന്റെ അസ്തമയമാണ്.
ഞാന്‍ ഇന്ത്യന്‍ എക്സ്പ്രസ്സില്‍ റിപ്പോര്‍ട്ടറായിരുന്ന കാലംമുതല്‍ അദ്ദേഹത്തെ പലപ്രാവശ്യം അഭിമുഖത്തിനായി സമീപിക്കുകയും പലപ്പോഴും പല വിഷയങ്ങളിലും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്കായി വിളിക്കുകയും ചെയ്യുമായിരുന്നു. എപ്പോഴും ഏത് വിഷയത്തിലും വളരെ ഗഹനമായിരുന്നു പ്രതികരണങ്ങള്‍.
ഒരിക്കല്‍ അദ്ദേഹത്തിന്റെ ഒരു കമന്റ് ഇന്ത്യന്‍ എക്സ്പ്രസ്സില്‍ മാത്രം വന്നപ്പോള്‍ ”അത് എന്താണ് ഞങ്ങള്‍ക്ക് തരാതിരുന്നത്” എന്ന മറ്റു പത്രക്കാരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: ”നിങ്ങള്‍ ചോദിച്ചില്ല- ഞാന്‍ പറഞ്ഞതുമില്ല. ലീലാമേനോന് എന്റെ കമന്റ് എന്താണെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു”.
ദല്‍ഹി ഇന്ത്യന്‍ എക്സ്പ്രസ്സില്‍ ഞാന്‍ ജോലിചെയ്തിരുന്നപ്പോള്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ സുപ്രീംകോടതി ജസ്റ്റിസായിരുന്നു. അന്ന് അദ്ദേഹത്തിന്റെ പല വിധികള്‍ക്കുവേണ്ടി ന്യൂസ്ഡെസ്ക്കിലുള്ള ഞങ്ങള്‍ കാത്തിരിക്കുമായിരുന്നു. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ കൃഷ്ണയ്യര്‍ എന്തുപറയുമെന്നായിരുന്നു മാധ്യമങ്ങള്‍ ഉറ്റുനോക്കിയത്. ആ കേസ് വന്നത് അദ്ദേഹത്തിന്റെ ബെഞ്ചിലായിരുന്നു.
ഇന്ത്യയില്‍/കേരളത്തില്‍ ഏത് വിഐപി വന്നാലും പാര്‍ട്ടിഭേദമെന്യേ ജസ്റ്റിസ് കൃഷ്ണയ്യരെ സന്ദര്ശിച്ചതുതന്നെ അദ്ദേഹത്തിന്റെ സാമൂഹ്യപദവി വ്യക്തമാക്കുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് കേരളത്തില്‍ വന്നപ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. എറണാകുളത്തെ ഏത് പ്രശ്നത്തിലും അദ്ദേഹം ഇടപെട്ടിരുന്നു. എറണാകുളത്ത് കാന്‍സര്‍ ഹോസ്പിറ്റല്‍ വേണമെന്ന ആവശ്യം അദ്ദേഹം ഉയര്‍ത്തിയപ്പോള്‍ കാന്സര്മരണത്തില്നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഞാനും കൂടെയുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ശാരദാ കൃഷ്ണയ്യര്‍ എന്റെ സുഹൃത്തായിരുന്നു. വിമന്‍സ് ക്ലബില്‍ ഷട്ടില്‍ കളിക്കാന്‍ ദിവസവും ശാരദ വരുമായിരുന്നു. ഞാനും അവരും ഒരുമിച്ച് ഷട്ടില്‍ കളിച്ചിരുന്നു. ശാരദയുടെ മരണം കൃഷ്ണയ്യരെ വല്ലാതെ ഉലച്ചു. അപ്പോഴാണ് അദ്ദേഹം ‘മീഡിയം’ വഴി ശാരദയുമായി സംസാരിച്ചു എന്നുപറഞ്ഞത്. അപ്പോള്‍ ഞാന്‍ ചോദിച്ചു ”മരിച്ചുകഴിഞ്ഞ് ചെന്നെത്തുന്ന ലോകം എങ്ങനെയാണ്?” ”ഇവിടത്തെപ്പോലെതന്നെ” എന്നവള്‍ പറഞ്ഞു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ശാരദയുമായി സംസാരിക്കാന്‍ അദ്ദേഹം ഇംഗ്ലണ്ടിലുള്ള മീഡിയത്തെയാണ് ആദ്യം സമീപിച്ചിരുന്നത്. ഇടയ്ക്കിടയ്ക്ക് ഇംഗ്ലണ്ടില്‍ പോയിരുന്നു. പിന്നീട് മുംബൈയിലെ ഒരു മീഡിയത്തില്‍ക്കൂടി അദ്ദേഹം ഭാര്യയുമായി സംസാരിച്ചു.
അദ്ദേഹം വലിയ കലാസ്നേഹിയായിരുന്നു. ആരോഗ്യവാനായിരുന്നപ്പോള്‍ ഫൈന്‍ ആര്‍ട്സ് ആര്‍ട്സിലെ എല്ലാ സംഗീത-നൃത്ത പരിപാടിക്കും അദ്ദേഹത്തെ മുന്‍നിരയില്‍ കാണുമായിരുന്നു.
ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തോട് ശാരദ വീണ വായിച്ചിരുന്നതിനെപ്പറ്റി പറഞ്ഞപ്പോള്‍ അദ്ദേഹം തന്റെ ആല്‍ബം എടുപ്പിച്ച് അതില്‍ താന്‍ വീണവായിക്കുന്ന ഫോട്ടോ കാണിച്ചുതന്നു. ”സാറും വീണവായിക്കുമായിരുന്നു അല്ലേ?” എന്ന് ചോദിച്ചതിന് മറുപടി ഒരു വിടര്‍ന്ന ചിരിയായിരുന്നു.
വളരെ സഹൃദയനും നീതിപൂര്‍വം മാത്രം വിധി എഴുതുന്നയാളും പാവങ്ങള്‍ക്കുവേണ്ടി വാദിച്ചിരുന്നയാളുമായിരുന്നു അദ്ദേഹം. ”കേരളത്തിലെ ഭൂപരിഷ്കരണ ബില്‍ തയ്യാറാക്കിയത് ഞാനാണ്. ഗൗരിയമ്മ അത് അവതരിപ്പിച്ചു എന്നുമാത്രം” എന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറയുമായിരുന്നു. ജനകീയ പ്രശ്നങ്ങളിലും നീതിനിഷേധത്തിനെതിരെയും അദ്ദേഹം നിരന്തരം ഇടപെട്ടു.
കൃഷ്ണയ്യരുടെ വസതിയായ ‘സദ്ഗമയ’യില്‍ പല ആവശ്യങ്ങള്‍ക്കുമായി എനിക്ക് പോകേണ്ടിവന്നിട്ടുണ്ട്. ‘സദ്ഗമയ’ ഒരു നീതിപീഠംതന്നെയായിരുന്നു. ഒരു തീര്‍ത്ഥാടനകേന്ദ്രവും. പുസ്തകപ്രകാശനങ്ങള്‍ നടത്താനും സാമൂഹിക പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനും തീരുമാനമെടുക്കാനുമുള്ള വേദി. തീരെ നടക്കാന്‍ വയ്യാതിരുന്നിട്ടും രണ്ടുപേര്‍ താങ്ങിപ്പിടിച്ച് അദ്ദേഹം പുറത്തുവന്നിരുന്നു. സംസാരിക്കാന്‍ ബുദ്ധിമുട്ടായിട്ടും ഇരുന്നുകൊണ്ട് നാലുവരിയെങ്കിലും പറഞ്ഞിരുന്നു.
ജസ്റ്റിസ് കൃഷ്ണയ്യര്‍ നൂറുവയസ്സുവരെ ജീവിച്ചത് ജനങ്ങള്ക്കനുഗ്രഹമായിരുന്നു. അദ്ദേഹത്തിന്റെ വിരാമം ഒരുവേള നീതിയുടെ മേഖലയെ ഇരുളിലാഴ്ത്തിയിരിക്കുകയാണ്. നീതിപീഠങ്ങള്‍ക്ക് എന്നും മാതൃകയായി അദ്ദേഹം ജീവിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: