ആലുവ: കുന്നത്തേരിയില്‍ കാറ്റിലും മഴയിലും മൂന്നുനില വീട് തകര്‍ന്ന് ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ച സംഭവം നടന്നിട്ട് ഇന്ന് ഒരു വര്‍ഷം. ദുരന്തത്തില്‍ അവശേഷിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സാബിറിനായി അന്‍വര്‍ സാദത്ത് എംഎല്‍എയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ നിര്‍മ്മിക്കുന്ന വീടിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ആറിന് രാത്രി ഒന്‍പത് മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടാകുന്നത്. അപകടത്തില്‍ കുന്നത്തേരി തരകപ്പീടികയില്‍ ഷാജഹാന് (48), ഭാര്യ സൈഫുന്നിസ (35), മകള്‍ സ്വാലിഹ എന്ന ഐഷ (13)എന്നിവരാണ് കെട്ടിടത്തിനടിയില്‍ ഞെരിഞ്ഞമര്‍ന്ന് മരിച്ചത്. വീടിന്റെ രണ്ടാംനിലയിലായിരുന്ന സാബിര്‍ വീട് ചെരിയുന്ന ശബ്ദം കേട്ട് ജനലിലൂടെ ചാടിയാണ് രക്ഷപ്പെട്ടത്.
കുന്നത്തേരി പൈപ്പ് ലൈന്‍ റോഡിന് സമീപം 16 വര്‍ഷം പഴക്കമുള്ള മൂന്ന് നില വീടാണ് പൊടുന്നനെ തകര്‍ന്നത്. കെട്ടിടത്തിന്റെ തഴെ വര്‍ക്ഷോപ്പും, റൈസ് മില്ലുമായിരുന്നു. ബാക്കിയുള്ള രണ്ട് നിലകളിലായാണ് ഷാജഹാനും കുടുംബവും താമസിച്ചിരുന്നത്. മൂന്നാമത്തെ നിലയില്‍ ഉറക്കത്തിലായിരുന്ന മകള്‍ സാലിഹയും രണ്ടാമത്തെ നിലയിരുന്ന ഷാജഹാനും ഭാര്യ സൈഫുന്നിസയും കെട്ടിടത്തിനുള്ളില്‍ പെടുകയായിരുന്നു.
സാബിര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 1277 ചതുരശ്ര അടിയുള്ള വീടിന്റെ നിര്‍മ്മാണമാണ് നടക്കുന്നത്. നേരത്തെയുണ്ടായിരുന്ന വീടിന്റെ മാതൃകയില്‍ താഴത്തെ മുറികള്‍ കടകളായിട്ടാണ് നിര്‍മ്മിക്കുന്നത്. 24 ലക്ഷം രൂപയാണ് കെട്ടിട നിര്‍മ്മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. മാറമ്പിള്ളി നസ്രത്തുല്‍ ഇസ്ലാം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായ സാബിര്‍ ഉളിയന്നൂരില്‍ മാതാവിന്റെ വീട്ടിലാണ് ഇപ്പോള്‍ താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: