കൊല്ലം: ഓണം അടുത്തതോടെ ലേബലുകലില്ലാത്ത പായ്ക്കറ്റ് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വ്യാപകമായി വില്പന നടത്തുന്നു.
ബേക്കറി സാധനങ്ങളും നിത്യപയോഗസാധനങ്ങളുമാണ് പായ്ക്കറ്റിനുള്ളിലാക്കി ലേബലുകള്‍ ഒട്ടിക്കാതെ വില്‍പ്പന നടത്തിവരുന്നത്. പരവൂര്‍ നഗരത്തിലും വിവിധ പഞ്ചായത്തുകളിലുമാണ് ഇത്തരം ഭക്ഷ്യസാധനങ്ങള്‍ കടകളില്‍ വിറ്റഴിയുന്നത്. ഭക്ഷ്യസാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വ്യക്തികളുടെയോ സ്ഥാപനത്തിന്റെയോ പേര് വെളിപ്പെടുത്താതെയും, ഇത് എന്നുവരെ ഉപയോഗിക്കാമെന്നുള്ള വര്‍ഷവും തീയതിയും ഇല്ലാതെയാണ് പായ്ക്കറ്റുകള്‍ ഇറങ്ങുന്നത്. പായ്ക്കറ്റ് സാധനങ്ങളില്‍ ഉല്പാദകന്റെ പേര്, രജിസ്റ്റര്‍ നമ്പര്‍, തയ്യാറാക്കിയ തീയതി എന്നുവരെ ഉപയോഗിക്കാം, വില, അളവ് എന്നിവ രേഖപ്പെടുത്തേണ്ടതാണ്.
എന്നാല്‍ ലേബലുകള്‍ ഇല്ലാതെ വിവിധയിനം ചിപ്സുകള്‍, ഉണ്ണിയപ്പം, കടലകള്‍, ചെറിയ കേക്കുകള്‍ തുടങ്ങിയവയാണ് കൂടുതലായി കണ്ടുവരുന്നത്. വേണ്ടത്ര ഗുണനിലവാരം ഇല്ലാത്ത ഭക്ഷ്യസാധനങ്ങളാണ് ഈ തരത്തില്‍ ലേബലുകളില്ലാതെ വ്യാപാരസ്ഥാപനങ്ങളില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. പഴകിയ എണ്ണയും മറ്റും ഉപയോഗിച്ചാണ് പായ്ക്കറ്റ് ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്നത്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ചില പായ്ക്കറ്റിനുള്ളില്‍ പേരിനുമാത്രം വ്യക്തമല്ലാത്ത ചെറിയ ലേബല്‍ കാണാം. കുട്ടികളും മുതിര്‍ന്നവരും ഭക്ഷ്യസാധനങ്ങള്‍ വാങ്ങിക്കുകയും അത് ഉപയോഗിച്ചുകഴിഞ്ഞാലുടന് ചില അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നതായും പറയുന്നു. ബസ് സ്റ്റാന്‍ഡുകളും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചുള്ള ചെറിയ ചെറിയ കടകളിലാണ് ഇത്തരം പായ്ക്കറ്റ് ഉല്പന്നങ്ങള് കൂടുതലായി കണ്ടുവരുന്നത്. സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ ലേബലുകളോ മറ്റോ നോക്കാതെയാണ് പായ്ക്കറ്റ് ഉല്പന്നങ്ങള് വാങ്ങിക്കൊണ്ടുപോകുന്നത്.
ആരോഗ്യവകുപ്പ് വേണ്ടത്ര അന്വേഷണമോ പരിശോധനയോ നടത്തുന്നില്ല. പ്ലാസ്റ്റിക് നിരോധനം നിലനില്‍ക്കുമ്പോഴും ചിപ്സുകളടക്കമുള്ള ഭക്ഷ്യസാധനങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലാണ് വ്യാപാരസ്ഥാപനങ്ങളില്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: