കണ്ണൂര്‍: പുറത്തില്‍ പളളിയിലെ പണം തിരിമറി നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ജില്ലാ മുസ്ലീംലീഗ് നേതൃത്വത്തില്‍ ഉടലെടുത്ത വിഭാഗീയത രൂക്ഷമാകുന്നു. ലീഗ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രാജിവെച്ച യൂത്ത്ലീഗ് ജില്ലാ പ്രസിഡണ്ട് ഇന്നലെ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനം നടത്തി. ധനാപഹരണ വിഷയവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ലീഗ് ജില്ലാ നേതാവിനെ രക്ഷിക്കുന്ന നയമാണ് മുസ്ലീംലീഗ് നേതൃത്വം കൈക്കൊളളുന്നതെന്ന് യൂത്ത് ലീഗ് മുന്‍ ജില്ലാ പ്രസിഡണ്ട് മൂസാന്‍കുട്ടി നടുവില്‍ പറഞ്ഞു. 2015 മുതല്‍ ജില്ലാ ലീഗ് നേതൃത്വത്തിന്റെ മുന്നിലുളള വിഷയത്തില്‍ നേതൃത്വത്തിന്റെ ഭാഗത്തു നിന്നും കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ധനാപഹരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ നേതാക്കളുള്‍പ്പെട്ട കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് കരുതിക്കൂട്ടി താമസിപ്പിക്കുകയാണെന്നും പരാതിക്കാരനായ തന്റെ വാദം കേള്‍ക്കാന്‍ ലീഗ് നേതൃത്വമോ അന്വേഷണ കമ്മറ്റിയോ തയ്യാറായില്ലെന്നും മൂസാന്‍കുട്ടി പറഞ്ഞു.
പാര്‍ട്ടിവേദിയില്‍ ആരോപണം ഉന്നയിച്ച തന്നെ ഒറ്റപ്പെടുത്തുകയാണ്. ലീഗിന്റെ ജില്ലാ നേതൃത്വത്തിലെ ചിലരാണ് ഇതിനു പിന്നില്‍. 85 ലക്ഷത്തോളം വരുന്ന ലീഗിന്റെ പ്രവര്‍ത്തന ഫണ്ട് ചിലര്‍ തിരിമറി നടത്തുന്നയതായുള്ള തന്റെ പരാതികള്‍ കേള്‍ക്കാന്‍ നേതൃത്വം തയ്യാറായില്ല. സമാന്തര ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്ന് തനിക്കെതിരായും പണം അപഹരണം നടത്തിയ വ്യക്തിക്കനുകൂലമായ നടപടിയും ഉണ്ടായതായും അദ്ദേഹം പറഞ്ഞു. ലീഗിനെ ജില്ലയിലെ ചില നേതാക്കള്‍ പബ്ലിക് ലിമിറ്റഡ് കമ്പനിയാക്കി മാറ്റിയിരിക്കുകയാണ്. പാര്‍ട്ടി നേതാക്കളുള്‍പ്പെട്ട തില്ലങ്കേരി കാവുംപടി സിഎച്ച്എം സ്ക്കൂളിന്റെ പേരില്‍ ലക്ഷക്കണക്കിന് രൂപയുടെ കൊളളയാണ് ലീഗ് നേതാക്കള്‍ നടത്തുന്നതെന്നും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബോര്‍ഡ്, കോര്പ്പറേഷന് നിയമനങ്ങളിലെല്ലാം ലക്ഷങ്ങള്‍ ലീഗ് നേതാക്കള്‍ കൈപ്പറ്റിയിട്ടുണ്ടെന്നും ഇത്തരത്തില്‍ സര്‍വ്വത്ര അഴിമതിയും സ്വജനപക്ഷപാതവുമാണ് ലീഗിനുളളില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ലീഗ് നേതാവിന്റെ ആരോപണങ്ങള്‍ ജില്ലയിലെ ലീഗ് നേതൃത്വത്തിനകത്ത് വരും ദിവസങ്ങളില്‍ വിഭാഗീയത രൂക്ഷമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: