സംസ്ഥാനത്ത് വയറിളക്കരോഗങ്ങള്‍ കൂടുന്നു. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 2012ല്‍ 3,57,252 പേര്‍ക്കാണ് വയറിളക്കരോഗം പിടിപെട്ടത്. 2016 ആയപ്പോഴേക്കും വയറിളക്ക രോഗികളുടെ എണ്ണം 4,93, 727ല്‍ എത്തി. 2017ലെ ആദ്യ മൂന്നുമാസത്തെ കണക്കനുസരിച്ച് 96759 പേര്‍ക്ക് വയറിളക്കം പിടിപെട്ടു കഴിഞ്ഞു. ശുദ്ധമായ കുടിവെള്ളം കിട്ടാത്ത കേരളത്തിന്റെ ദയനീയ അവസ്ഥയാണ് വയറിളക്കരോഗികളുടെ എണ്ണത്തിലെ വര്‍ധന കാണിക്കുന്നത്.
കൃത്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ വയറിളക്കം പിടിപെട്ട് മരണമുണ്ടാകും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വയറിളക്കം പിടിപെട്ട് 33 പേരാണ് മരിച്ചത്. 2012ല്‍ എട്ടുപേര്‍ വയറിളക്കം പിടിപെട്ടു മരിച്ചു. 2013ല്‍ മരണസംഖ്യരണ്ടായി കുറഞ്ഞു. എന്നാല്‍, 2014ല്‍ മരണ സംഖ്യ അഞ്ചായി. 2015ല്‍ നാലുപേര്‍ മരിച്ചു. 2016ല്‍ മരണസംഖ്യ 14 ല്‍ എത്തി. ഇനിയും ശുദ്ധമായ ജലം കുടിക്കാന്‍ കിട്ടിയില്ലെങ്കില്‍ വയറിളക്കം പിടിപെട്ടുള്ള മരണം സംസ്ഥാനത്ത് ഏറുമെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു.
വയറിളക്കത്തിന് കൃത്യമായി ചികിത്സ നല്‍കിയില്ലെങ്കില്‍ കോളറവരെയായി അത് മാറാനിടയുണ്ട്. കോളറ പിടിപെട്ടാല്‍ ഒരു പ്രദേശമാകെ പടര്‍ന്നുപിടിക്കും. എന്നാല്‍, അടുത്ത കാലത്ത് വിബ്രിയോ കോളറ എന്ന ബാക്ടീരിയയുടെ സാന്നിധ്യം കാണാത്തതാണ് ആരോഗ്യമേഖലയ്ക്ക് ആശ്വാസം.
മോശം കുടിവെള്ളത്തിലൂടെയും വൃത്തിയില്ലാത്ത ഭക്ഷണത്തിലൂടെയുമാണ് വയറിളക്കരോഗങ്ങള്‍ പിടിപെടുന്നത്. കുട്ടികള്‍, പ്രായമായവര്‍ തുടങ്ങിയവര്‍ക്ക് രോഗം പിടിപെട്ടാല്‍ നല്ല ശ്രദ്ധ വേണം. ശരീരത്തിലെ ജലനഷ്ടവും ലവണ നഷ്ടവും രോഗികളെ ഗുരുതരാവസ്ഥയിലെത്തിക്കും. അതിനാല്‍ രോഗിക്ക് ക്ഷീണം, തളര്‍ച്ച എന്നിവ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണം.
ലക്ഷണങ്ങള്‍
വയറിളക്കം, ഛര്‍ദ്ദി, തളര്‍ച്ച, ക്ഷീണം
പ്രതിരോധം
ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെളളത്തില്‍ ഒരു നുള്ള് ഉപ്പും ഒരു ടീസ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് നിരന്തരം കഴിക്കുക. ശരീരത്തിലെ ലവണാംശം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. വയറിളകുന്നതിന് അനുസരിച്ച് ഇത് തുടര്‍ന്നു കൊണ്ടേയിരിക്കണം. ഒആര്‍എസ് പാക്കറ്റ് വാങ്ങി ലായനിയാക്കിയും കഴിക്കുന്നത് നല്ലതാണ്.
നല്ല ഭക്ഷണം ഉറപ്പാക്കുക, ശുദ്ധമായ വെള്ളം തിളപ്പിച്ചാറ്റി മാത്രം കുടിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: