പാലാ: ഇത്തവണ മകരവിളക്കിന് പൊന്നമ്പലമേട്ടില്‍ ദിവ്യജ്യോതി തെളിച്ചത് പമ്പ മേല്‍ശാന്തി എന്‍. പരമേശ്വരന് നമ്പൂതിരിയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. ശബരിമല തന്ത്രിയുമായി ആലോചിച്ചാണ് ഇങ്ങനെയൊരു നടപടി കൈക്കൊണ്ടത്. ഇതേവരെ വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്നാണ് ദിവ്യജ്യോതി തെളിച്ചിരുന്നതെന്നും പ്രയാര്‍ പറഞ്ഞു.
പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വരക്ഷേത്രത്തില്‍ അയ്യപ്പഭാഗവത യജ്ഞസമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരും വര്‍ഷങ്ങളിലും ദിവ്യജ്യോതി തെളിക്കാന്‍ പമ്പ മേല്‍ശാന്തിമാരെ ചുമതലപ്പെടുത്തും. ദിവ്യജ്യോതി മനുഷ്യസൃഷ്ടിയാണെങ്കിലും മകരവിളക്ക് നാളില്‍ ആകാശത്ത് തെളിയുന്ന ധ്രുവനക്ഷത്രം സാക്ഷാല്‍ പരബ്രഹ്മം തന്നെയാണ്.
ഭാവിയില്‍ പൊന്നമ്പലമേട്ടില്‍ ദിവ്യജ്യോതി പ്രതിഷ്ഠിക്കാനാണ് ഉദ്ദേശിക്കുന്നത്.
താഴമണ്‍ മഠത്തിലെ രണ്ടു തന്ത്രിമാര്‍ ഓരോ വര്‍ഷവും മാറിമാറിയാണ് ശബരിമലയിലെത്തുന്നത്. ഒരു വര്‍ഷം ശബരിമലയില്‍ ചുമതലയില്ലാത്ത തന്ത്രി ആ വര്‍ഷം മകരവിളക്ക് നാളില്‍ പൊന്നമ്പലമേട്ടില്‍ ദിവ്യജ്യോതിക്ക് പൂജ നടത്താന്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: