ഒറ്റപ്പാലം: സര്‍ക്കാര്‍ നിയമങ്ങള്‍ ജനങ്ങള്‍ക്ക് അനുകൂലമായി തീര്‍ക്കുന്നതിനു ഉദ്യോഗസ്ഥന്മാരെ പ്രാപ്തരാക്കാന്‍ വികസന സമിതിക്ക് പലപ്പോഴും കഴിയാറില്ലെന്ന് പരാതി.
ജനങ്ങള്‍നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തി അടിയന്തരപരിഹാരം കാണുന്നതിനാണ് സംസ്ഥന സര്‍ക്കാര്‍ താലൂക്ക് വികസന സമിതികള്‍ക്ക് രൂപം കൊടുത്തത്. എന്നാല്‍ ഇവ പലപ്പോഴും യഥാസമയം ചേരാറില്ല. ചേര്‍ന്നാല്‍ തന്നെ ഇവയിലെടുക്കുന്ന തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാകാറുമില്ല. കേരള നിയമസഭയിലും ഇന്ത്യന്പാര്ലമെന്റിലും പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്കും, പഞ്ചായത്ത്, മുന്‍സിപ്പല്‍ അധ്യക്ഷന്മാര്ക്കും എംഎല്‍എമാര്‍ക്കും യോഗത്തില്‍ പങ്കെടുക്കാന്‍ അധികാരമുണ്ട്.
അതേ സമയം മിക്ക താലൂക്ക് സമിതി യോഗങ്ങളിലും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെയും എംഎല്‍എമാരുടെയും അഭാവം ഉണ്ടാകാറുണ്ട് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും പരിഹാരമുണ്ടാകാറില്ല. ജനപ്രതിനിധികളുടെ അഭാവമാണു വികസന സമിതിയെ നോക്കുകുത്തിയാക്കി മാറ്റുന്നത്.
എന്നാല്‍ ചെറു രാഷ്ട്രീയപാര്‍ട്ടികളുടെ ജനപ്രതിനിധികള്‍ യോഗങ്ങളില്‍ സജീവമായി പങ്കെടുക്കാറുണ്ട്. ജനകീയ പ്രശ്നങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരുടെശ്രദ്ധയില് പെടുത്തുകയും ചെയ്യുന്നുണ്ട്. ഇവക്ക് മിക്കപ്പോഴും പരിഹാരം കാണുന്നുമുണ്ട്. സബ് കലക്ടര്‍ നേരിട്ട് യോഗത്തില്‍ പങ്കെടുത്ത് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നു. എന്നാല്‍ വികസന സമിതിയെ നോക്കുകുത്തിയാക്കി മാറ്റുന്നതില്‍ റവന്യൂ വകുപ്പിനു പങ്കുണ്ടെന്ന ആക്ഷേപമുണ്ട്.
ജനകീയപ്രശ്നങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്ന റവന്യൂ, പോലീസ്,ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ താലൂക്ക്തല ഉന്നതഅധികാരികളുടെ അഭാവം വികസന സമിതിയുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്.
വകുപ്പ് ഉദ്യോഗസ്ഥന്മാര്ക്കു പകരം പ്രതിനിധികളെ അയക്കുന്ന ഏര്‍പ്പാട് സമിതിയിലെ ചോദ്യങ്ങള്‍ക്കു ഉത്തരം കിട്ടാത്ത അവസ്ഥസൃഷ്ടിക്കുന്നു. ആക്ഷന്‍ ടേക്കണ്‍ പ്ലാന്‍ ഇല്ലാതെയാണ് ഓരോ കമ്മിറ്റിയും കൂടുന്നത്. ജനങ്ങളുടെ പ്രതീക്ഷയാണു താലൂക്ക് വികസന സമിതി. ഷൊര്‍ണ്ണൂര്‍ എംഎല്‍എയും, ഡിവൈഎസ്പിയും ഇന്നുവരെ ഒറ്റപ്പാലം താലൂക്ക് വികസനസമിതിയില്‍ പങ്കെടുത്തിട്ടില്ല.
വികസന സമിതിക്കു തൊട്ടടുത്ത പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പോലും സമിതിയിലെ പ്രത്യേക ക്ഷണിതാക്കളാണ്. വാണിയംകുളം, ലക്കടി, അനങ്ങനടി പഞ്ചായത്ത് പ്രസിഡന്റുന്മാര്‍ ഒഴിച്ചു മറ്റ് പഞ്ചായതുകളിലെ പ്രസിഡന്റുമാര്‍ യോഗത്തില്‍ സജീവ പങ്കാളികളല്ല. ഷൊര്‍ണ്ണൂര്‍ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ഇത്തരം ഒരുസമിതി ഉള്ളതായി അറിയില്ലെന്ന ആക്ഷേപമുണ്ട്.
പ്രമുഖരാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും, ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തില്‍ സജീവമായി പങ്കെടുക്കുകയാണെങ്കില്‍ വികസന സമിതിജനോപകാരപ്രദമായിമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: