കുഴല്‍മന്ദം: ദേശീയ സംസ്ഥാനപാതകളില്‍ ചുട്ടെരിയുന്ന പൊരിവെയിലില്‍ ഹോട്ടല്‍ എന്ന ബോര്‍ഡുമായി റോഡരുകില്‍ നില്ക്കുന്ന തൊഴിലാളികള്‍ കാഴ്ച്ചക്കാര്‍ക്ക് വേദനയാകുന്നു.
ഹോട്ടല്‍ എന്ന ബോര്‍ഡ് സ്ഥാപിക്കുന്നതിന് പകരം ഒരു മനുഷ്യന് ഇത്തരത്തിലൊരു ബോര്‍ഡുമായി വഴിയാത്രക്കാരെ കാത്തുനില്‍ക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികളായ ഇവര്‍ക്ക് 12 മണിക്കൂറോളം ജോലി, കുറഞ്ഞ ശമ്പളം ഇതാണ് അവരുടെ ജീവിതം.ഗ്രാമനഗരമെന്നോണംഈ കാഴ്ച സര്‍വ്വസാധാരണമാണ്.
ചെറിയ പട്ടണങ്ങളിലെ ചെറിയ ഹോട്ടലുകള്‍ക്ക് മുന്നിലും ഒരു അലങ്കാരത്തിനെന്നവണ്ണം ഇത്തരം മനുഷ്യബോര്‍ഡുകള്‍ വ്യാപകമാണ്. ഇതരസംസ്ഥാനക്കാരാണ് കൂടുതലായും ഈ ജോലിക്കെത്തുന്നത്. കടുത്ത ചൂടിലും ടാറിട്ട റോഡുകളില്‍ ചിലപ്പോള്‍ ഒരു കുടത്തണല്‍ മാത്രം ആശ്വാസമാക്കി ഇവര്‍ ഹോട്ടല്‍ എന്ന ബോര്‍ഡുമായി ആളുകളെ ഹോട്ടലിലേക്ക് മാടി വിളിക്കുന്നു.
പ്രധാനമായും ഹൈവേയിലും മറ്റും വാഹന യാത്രക്കാരെ ലക്ഷ്യമിട്ടാണ് ഇത്തരത്തില്‍ ആളുകളെ ജോലിക്ക് നിയോഗിക്കുന്നത്.പാതയോരത്തെ ഹോട്ടലുകാര്‍ക്ക് വേണ്ടി സ്വകാര്യ ഏജന്‍സികളാണ് ഇത്തരം ജോലികള്‍ക്കായി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ആളുകളെ എത്തിച്ചു നല്‍കുന്നത്. കൗമാരക്കാരും പ്രായമേറിയവരുമാണ് ഈ ജോലി കൂടുതലും ചെയ്യുന്നത്. ചെറിയ ഹോട്ടലുകള്‍ മുതല്‍ നക്ഷത്ര ഹോട്ടലുകള്‍ക്ക് മുന്നില്‍ ഇവരെ കാണാം. ടിപ്പ് പോലും ഇവര്‍ക്ക് അന്യമാണ്.
റോഡില്‍ നിന്ന് വലഞ്ഞ് പണിയെടുക്കുന്ന ഇത്തരക്കാര്‍ക്ക് സഹാനുഭൂതിയോടെയുള്ള നോട്ടം പോലും ആരില്‍ നിന്നും ലഭിക്കുന്നില്ല.തൊഴിലില്‍ കടുത്ത അടിമത്വം നിഴലിക്കുന്നതായി പരാതി ഉയരുന്നുണ്ട്. മനുഷ്യാവകാശ പ്രശ്നങ്ങളും ഏറെയാണ്.
തൊഴില്‍ വകുപ്പിന്റെ ഇടപെടലടക്കം സര്‍ക്കാരിന്റെ ശ്രദ്ധയും ഇതില്‍ പതിയേണ്ടതുണ്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. രോഗബാധിതരും കഠിനജോലി ചെയ്യാന്‍ കഴിയാത്ത അവശരും ആരോഗ്യം കുറഞ്ഞവരുമാണ് ഈ മേഖലയില്‍ വന്നു പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: