ഗ്യാസ്ട്രബിള്‍, മലബന്ധം, ദഹനേന്ദ്രിയ സംബന്ധമായ ന്യൂനതകള്‍ തുടങ്ങി ഉദരസംബന്ധമായ പല വൈഷമ്യങ്ങളും ഒഴിവാക്കാന്‍ ഫലപ്രദമാണ് ശലഭാസനം. അടിവയറ്റിലെ എല്ലാ അവയവങ്ങള്‍ക്ക് നല്ല വ്യായാമം ലഭിക്കാനും ഈ ആസനം ഉപകരിക്കും. ജനനേന്ദ്രിയ വ്യൂഹത്തിനുണ്ടാകാവുന്ന പല പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയും ചെയ്യും.
അര്‍ദ്ധശലഭാസനം
1. കമഴ്ന്നു കിടക്കുക, കാലുകള്‍ നേരെ പുറകോട്ട് നീട്ടി, പാദങ്ങള്‍ മലര്‍ത്തിയും ഉപ്പൂറ്റികള്‍ ചേര്‍ത്തും വിരലുകള്‍ നീട്ടിയും വയ്ക്കുക.
2. കൈകള്‍ അതതു വശങ്ങളില് നീട്ടി, തള്ളവിരല്‍ അകത്തേക്കാക്കി ചുരുട്ടി മലര്‍ത്തി വയ്ക്കുക. കൈമുട്ടുകള്‍ വലിഞ്ഞു നീണ്ടിരിക്കണം. ചിത്രത്തിലെ പോലെ കൈവിരലുകള്‍ നിവര്‍ത്തി നീട്ടിവച്ചു ചെയ്യുന്നതിലും തെറ്റില്ല.
3. ചുണ്ടും താടിയും നിലത്ത് സ്പര്‍ശിച്ചിരിക്കണം.
4. ഒന്നു രണ്ടു തവണ സാധാരണ പോലെ ശ്വാസോച്ഛ്വാസം ചെയ്യുക. ഇനി അല്പം ദീര്‍ഘമായി ശ്വാസം എടുത്ത് ഉള്ളില്‍ നിര്‍ത്തിയിട്ട് വലത്തുകാല് മുട്ട് വളയാതെയും കാല് വിരലുകള്‍ കൂര്‍മ്പിച്ച് പിടിച്ചും നിലത്ത് നിന്നും നേരെ മുകളിലേക്ക് കഴിയുന്നത്ര ഉയര്‍ത്തുക.
5. മൂന്ന് സെക്കന്റ് ആ നിലയില്‍ നിന്നിട്ട് സാവകാശം താഴെ കൊണ്ടുവന്ന് പൂര്‍വസ്ഥാനത്തു വയ്ക്കുക. ശ്വാസം വിടുക.
6. ഇനി ശ്വാസം എടുത്തതിന് ശേഷം ആദ്യത്തെപ്പോലെ ഇടത്തുകാല് ഉയര്‍ത്തുക, മൂന്ന് സെക്കന്റ് നിര്‍ത്തുക. സാവകാശം താഴെ കൊണ്ടുവന്ന് യഥാസ്ഥാനത്ത് വയ്ക്കുക, ശ്വാസം വിടുക.
7. നാല്-അഞ്ച് സെക്കന്റ് വിശ്രമിച്ചിട്ട് വീണ്ടും ഓരോ കാല് മാറിമാറി അഞ്ചു തവണ വീതം ചെയ്യുക.
ഓരോ കാലും താഴെകൊണ്ടു വന്ന് വയ്ക്കുന്നതു വരെ ശ്വാസം പിടിച്ചു നിര്‍ത്താന്‍ വിഷമം തോന്നുന്നവര്‍, ശ്വാസം വിട്ടുകൊണ്ട് കാലുകള്‍ താഴെകൊണ്ടു വന്നു വയ്ക്കുക.
പൂര്‍ണ്ണശലഭാസനം
ഇതിനുള്ള തയാറെടുപ്പുകളെല്ലാം അര്ദ്ധശലഭാസനത്തിന് പറഞ്ഞിരിക്കുന്നതു തന്നെ.
1. ശ്വാസം എടുത്ത് ഉള്ളില്‍ നിര്‍ത്തിക്കൊണ്ട്, രണ്ടു കാലുകളും ഒപ്പം ചേര്‍ത്തുപിടിച്ച് മുട്ടുകള്‍ വളയാതെ വടിപോലെ നിലത്തു നിന്നും കഴിയുന്നത്ര ഉയര്‍ത്തുക. കാല് രണ്ടും ചേര്‍ന്നിരിയ്ക്കണം. വിരലുകള്‍ കൂര്‍മ്പിച്ചും. രണ്ട് മൂന്ന് സെക്കന്റ് ആ നിലയില്‍ നിര്‍ത്തിയിട്ട്, സാവകാശം താഴെ കൊണ്ടു വന്ന് വച്ചിട്ട് ശ്വാസം സാവധാനം വിടുക. ശ്വാസം പിടിച്ചു നിവര്‍ത്തിക്കൊണ്ട് മടങ്ങിപ്പോരാന്‍ പ്രയാസം ഉള്ളവര്‍ ശ്വസം വിട്ടുകൊണ്ട് കാലുകള്‍ താഴെ കൊണ്ടുവന്നു വയ്ക്കുക.
2. കിതപ്പ് തോന്നിയാല്‍ രണ്ടു മൂന്നു തവണ ശ്വോസോച്ഛ്വാസം ചെയ്തു കിതപ്പു മാറ്റുക. അതിനുശേഷം വീണ്ടും അഭ്യസിക്കുക.
3. ഇങ്ങനെ അഞ്ചു തവണ ചെയ്യുക.
താരതമ്യേന കുറച്ചു പ്രയാസം തോന്നുന്ന ഒരു ആസനമാണ് പൂര്‍ണ്ണശലഭാസനം. ഇത് അഭ്യസിക്കാന്‍ വിഷമമുള്ളവര് അര്‍ദ്ധശലഭാസനം പത്ത് തവണ വീതം ചെയ്യുക. കാലുകള്‍ കൂടുതല്‍ പൊക്കാന്‍ നോക്കുമ്പോള്‍ മുട്ടുകള്‍ വളയാതിരിക്കാന്‍ ശ്രദ്ധിക്കണം. കാലുകള്‍ ഒട്ടും വളയാതെ പൊക്കാന്‍ കഴിയുന്നിടത്തോളം പൊക്കിയാല്‍ മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: