മകരം എന്ന സംസ്കൃത പദത്തിന് മുതല എന്നാണര്‍ത്ഥം. മുതല കരയ്ക്കു കയറി വെയില് കൊള്ളാന്‍ കിടക്കുന്ന സമ്പ്രദായത്തെ അനുകരിച്ചാണ് ഈ ആസനം സംവിധാനം ചെയ്തിരിക്കുന്നത്. കമഴ്ന്നു കിടന്നുകൊണ്ടുള്ള അഭ്യാസവേളയില്‍ അല്പം വിശ്രമിക്കേണ്ട ഒരു ഘട്ടം വന്നാല്‍ ഈ ആസനം സ്വീകരിക്കാവുന്നതാണ്. ഇത് രണ്ട് വിധത്തിലുണ്ട് ഏതെങ്കിലും ഒന്ന് സൗകര്യാനുസരണം സ്വീകരിക്കാം.
നടുവേദന, നടുമിന്നല്‍, ഇടുപ്പ് വേദന, നടുകഴപ്പ്, സ്ലിപ്ഡ് ഡിസ്ക് ഇതെല്ലാം ശരിയാക്കാന്‍ മകരാസനം പ്രയോജനപ്പെടുന്നു. ശരീരം ക്ഷീണീച്ചിരിക്കുന്ന അവസരത്തില്‍ കുറച്ചു നേരം മകരാസനത്തില്‍ കിടന്നാല്‍ പെട്ടെന്ന് സര്‍വ്വക്ഷീണവും മാറുന്നതാണ്. നട്ടെല്ലിന് എന്തെങ്കിലും പ്രശ്നങ്ങളുള്ളവര്‍ കാലത്തും വൈകിട്ടും 15 മിനിട്ട് വീതം മകരാസനത്തില്‍ കിടക്കുന്നത് കൊണ്ട് വളരെ പ്രയോജനം കിട്ടുന്നതാണ്. സ്ഥാനം തെറ്റിയ ഡിസ്ക് യഥാസ്ഥാനത്തേയ്ക്ക് തിരിച്ചു പോകാനുള്ള ഒരു പ്രവണതയാണ് ഇതുകൊണ്ട് സംജാതമാകുന്നത്.
മകരാസനം ഒന്ന്
ചെയ്യേണ്ട വിധം
1. നെഞ്ചും വയറും നില പറ്റിയിരിക്കത്തക്കവണ്ണം കമഴ്ന്ന് കിടക്കുക. കാലുകള്‍ പുറകോട്ട് നീട്ടി അകറ്റി പാദങ്ങള്‍ ചെരിച്ച് തളര്‍ത്തി ഇടുക.
2. കൈകള്‍ മുട്ടു മടക്കി ചേര്‍ത്ത് പിടിച്ച് തലയണപോലെ തലയുടെ ചുവട്ടില്‍ വയ്ക്കുക. തല ഒരു വശം ചെരിച്ച് വയ്ക്കുന്നതാണ് സൗകര്യം.
3. ശരീരം മുഴുവന്‍ നിശ്ശേഷം തളര്‍ന്നു കിടക്കുന്നതായി മനസില്‍ സങ്കല്പിക്കുക. മുഖത്തെ മാംസപേശികളൊന്നും വലിച്ചു പിടിയ്ക്കരുത്.
4. ഈ കിടപ്പില്‍ ശ്വാസോച്ഛ്വാസം സ്വാഭാവികമായി നടന്നു കൊണ്ടിരിയ്ക്കട്ടെ. മനസ് അതു മാത്രം ശ്രദ്ധിച്ചു കൊണ്ടിരിക്കണം. യോഗപരിശീലനത്തിന് ഇടയ്ക്കാകുമ്പോള്‍ ഒന്നോ രണ്ടോ മിനിറ്റില്‍ കൂടുതല്‍ കിടക്കേണ്ട ആവശ്യം വരുന്നതല്ല. ഉറങ്ങിപ്പോകരുത്.
മകരാസനം രണ്ട്
ചെയ്യേണ്ട വിധം
1. കമഴ്ന്നു കിടന്ന് കാലുകള്‍ രണ്ടും പാദങ്ങള്‍ ചേര്‍ത്ത് നീട്ടിവയ്ക്കുക. കാല് വിരലുകള്‍ നീട്ടിയും ഉപ്പൂറ്റികള്‍ ചേര്‍ന്നും ഇരിയ്ക്കണം.
2. കൈമുട്ടുകള്‍ അതാതു വശത്തു തോളിനു താഴെ ഊന്നി ഉള്ളം കൈകള്‍ നിവര്‍ത്തി താടിയ്ക്ക് ഇരുവശങ്ങളിലുമായി കവിളുകളില്‍ പതിച്ച് വയ്ക്കുക. കിടപ്പ് ഒറ്റ ലൈനില്‍ ആയിരിക്കണം. ചാഞ്ഞു ചരിഞ്ഞുമാകരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: