പ്രധാനപ്പെട്ട യോഗാസനങ്ങളിലൊന്നാണ് ഭുജംഗാസനം. ഭുജംഗം എന്നാല്‍ പാമ്പ് എന്നാണര്‍ഥം. പാമ്പ് തല ഉയര്‍ത്തി പത്തി വിടര്‍ത്തി നില്‍ക്കുന്നതിന്റെ മാതൃക അനുകരിച്ച് ചെയ്യുന്നതാണ് ഭുജംഗാസനം. ഈ അസനം പതിവായി അഭ്യസിച്ചാല്‍ നട്ടെല്ലിന് അയവും പുറത്തെ മസിലുകള്‍ക്കും ഞരമ്പുകള്‍ക്കും പുഷ്ടിയും ബലവും വര്‍ദ്ധിക്കും. മലബന്ധത്തിന് ഈ ആസനം ഒരു പ്രതിവിധിയാണ്. നടുവേദനയോ നടുവെട്ടലോ ഒന്നും ഉണ്ടാകുന്നതല്ല. സ്ത്രീകളുടെ ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങളും ലൂക്കേറിയയും ഈ ആസനം പതിവായി അഭിസിച്ചാല്‍ ശമിപ്പിക്കാന്‍ കഴിയും.
ഭുജംഗാസനം ഹൃദയത്തെ ശക്തിപ്പെടുത്തുകയും ലിവര്‍, കിഡ്നി, അഡ്രിനല്‍ഗ്ലാന്‍ഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയും ചെയ്യും. ഒപ്പം ദഹനശക്തി വര്‍ദ്ധിക്കുകയും ചെയ്യും. ഹൃദ്രോഗവും രക്തസമ്മര്‍ദ്ദവും ഉള്ളവര്‍ വിദഗ്ധ ഉപദേശം തേടേണ്ടതാണ്.
ചെയ്യേണ്ട വിധം
1. കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായി കമഴ്ന്നു കിടക്കുക. ഉപ്പൂറ്റികള്‍ മുകളിലേക്ക് ആക്കിയും കാല്‍വിരലുകള്‍ കിടത്തി നേരെ നീട്ടിയും വയ്ക്കണം. കിടക്കുന്നത് ഒരേ രേഖയില്‍ ആയിരിക്കണം.
2. കൈകള്‍ ഉരത്തിനു താഴെ വിരലുകള്‍ ചേര്‍ത്ത് കമഴ്ത്തിവയ്ക്കുക. ഉരം വിട്ട് വിരലുകള്‍ നീണ്ടിരിക്കരുത്.
3. കൈമുട്ടുകള്‍ ശരീരത്തിനടുത്ത് നേരെ പുറകിലേയ്ക്കായിരിക്കണം.
4. നെറ്റി തറയില്‍ മുട്ടിച്ച് വയ്ക്കുക.
5. ശരീരം മുഴുവന്‍ തളര്‍ന്ന് കിടക്കട്ടെ.
6. സാവധാനം ശ്വാസം എടുത്തതിന് ശേഷം, കൈകള്‍ നിലത്ത് അമര്‍ത്താതെ, നെഞ്ചും തോളും തലയും നിലത്തുനിന്നും ഉയര്‍ത്തി, തല കഴിയുന്നത്ര പുറകോട്ട് വളച്ച് മുകളിലേക്ക് നോക്കുക. തുടര്‍ന്ന് കൈകള്‍ നിലത്ത് ഊന്നിക്കൊണ്ട്, പൊക്കിള്‍ വരെയുള്ള ശരീരഭാഗവും കൂടി നിലത്തു നിന്നും ഉയര്‍ത്തുക. ഇതെല്ലാം തുടര്‍ച്ചയായി നടക്കണം. ഇടയ്ക്ക് നിര്‍ത്തരുത്. ശരീരം കൂടി ഉയര്‍ത്താന്‍ തുടങ്ങുമ്പോള്‍, കൈപ്പത്തികളുടേ താഴത്തെ ഭാഗം കൊണ്ടാണ് നിലത്ത് ഊന്നല്‍ കൊടുക്കേണ്ടത്. പൊക്കിള്‍വരെ പൊങ്ങുക അതായത് പൊക്കിളും നിലവും തമ്മിലുള്ള അകലം പരമാവധി കുറഞ്ഞിരിക്കണം. ഈ നില്പില് ശ്വാസം മുട്ടാന്‍ ഇടവരരുത്. അതിനു മുന്‍പായി സാവധാനം താഴെ വന്ന് ശ്വാസം വിടുക. പൊങ്ങിയ നിലയില്‍ നിന്നുകൊണ്ടുതന്നെ ശ്വാസോച്ഛ്വാസം ചെയ്യാവുന്നതാണ്. അതുകുറച്ചു നാളത്തെ പരിശീലനത്തിനു ശേഷം മതി.
7. താഴെ വന്ന് ഒന്നോ രണ്ടോ തവണ ശ്വാസോച്ഛ്വാസം ചെയ്തതിനുശേഷം ഇതുപോലെ തന്നെ അടുത്തത് ആരംഭിക്കുക. ഇങ്ങനെ അഞ്ചു തവണ ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: