ശരീരത്തെ വില്ലുപോലെ ആക്കുന്ന ഒരു അഭ്യാസമാണ് ധനുരാസനം. നട്ടെല്ലിന് വഴക്കമില്ലാത്തവര്ക്ക് ഈ ആസനം ഒരു പ്രയാസമായിരിക്കും. അങ്ങനെയുള്ളവര്‍ക്കാണ് ധനുരാസനത്തിന്റെ കൂടുതല്‍ ആവശ്യവും. ദിവസവും പരിശീലനം ചെയ്തുകൊണ്ടിരുന്നാല്‍ ഒന്നുരണ്ടു മാസം കൊണ്ട് ഏറെക്കുറെ പൂര്‍ണരൂപത്തില്‍ തന്നെ ചെയ്യാന്‍ സാധിക്കും. ഇത് അഭ്യസിക്കുന്നതിലൂടെ ശരീരത്തിനകത്തും പുറത്തുമുള്ള എല്ലാ അവയവങ്ങള്‍ക്കും നല്ല വ്യായാമം കിട്ടുന്നു. ശരീരത്തിലെ പ്രായേണ എല്ലാ സന്ധികള്‍ക്കും നല്ല അയവും കരുത്തും ലഭിക്കുന്നു. നട്ടെല്ലിന്റെ വളവ് മാറുന്നു. ശ്വാസകോശങ്ങള്‍ ശക്തങ്ങളാകുന്നു. നെഞ്ചിനും തോളുകള്‍ക്കും നല്ല വിരിവും വടിവും ഉണ്ടാകുന്നു. ഇങ്ങനെ പലതരത്തിലുള്ള പ്രയോജനങ്ങളും ധനുരാസനം പരിശീലിക്കുന്നതുകൊണ്ട് ലഭിക്കുന്നതാണ്.
ചെയ്യേണ്ട വിധം
1. കമഴ്ന്നു കിടന്ന് കാലുകള്‍ പുറകോട്ട് നീട്ടി പാദങ്ങള്‍ ചേര്‍ത്ത് കിടത്തിവയ്ക്കുക. കൈകള്‍ അതാതുവശങ്ങളില്‍ നീട്ടി മലര്‍ത്തിവയ്ക്കുക. നെറ്റി തറയില്‍ പതുക്കെ മുട്ടിച്ചുവയ്ക്കുക.
2. കാലുകള്‍ പുറകോട്ടു മടക്കി കൈകള്‍ എത്തിച്ച് കണ്ണുകളില്‍ മുറുക്കിപ്പിടിയ്ക്കുക.
3. ശ്വാസം എടുത്ത് ഉള്ളില്‍ നിര്‍ത്തിയിട്ട് ശിരസും നെഞ്ചും തോളും നിലത്തുനിന്നും ഉയര്‍ത്തുക. അങ്ങനെ മുന്‍ഭാഗം ഉയര്‍ത്താന്‍ തുടങ്ങുമ്പോള്‍ കാല്കൊണ്ട് ബലമായി പുറകോട്ട് വലിയ്ക്കണം. അതോടൊപ്പം കൈകള്‍ കൊണ്ട് കാലിനെ മേല്പ്പോട്ടും വലിച്ചു പൊക്കാന്‍ നോക്കണം. കാല്‍മുട്ടുകള്‍ അകന്നു പോകരുത്. അടിവയര്‍ മാത്രമായിരിക്കും ഇപ്പോള്‍ നിലത്തുള്ളത്.
4. പൊങ്ങിയ നിലയില്‍, ശ്വാസം വിടുക. വീണ്ടും ശ്വാസം എടുക്കുക. രണ്ട് സെക്കന്റ് ആ നിലയില്‍ നിന്നിട്ട്, തലയും കാലും കൈയും പൂര്‍വസ്ഥാനങ്ങളില്‍ വയ്ക്കുക. ക്ഷീണം തോന്നിയാല്‍ അല്‍പ്പനേരം കിടക്കുക.
5. ശ്വാസോച്ഛ്വാസം സ്വാഭാവികമായാല് വീണ്ടും ആവര്‍ത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: