ചിറ്റൂര്‍: മീന്‍ പിടിക്കാനും മറ്റുമായി ശോകനാശിനിപ്പുഴയില്‍ വിഷ ദ്രാവകമോ മറ്റോ ഉപയോഗിച്ചതിനാല്‍ വെള്ളം കറുത്ത കളറിലേക്ക് മാറിയ സംഭവം അടിയന്തിരമായി അന്വേഷിച്ച് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപടികള്‍ എടുക്കുന്നതിന് പാലക്കാട് ജില്ലാ കളക്ടര്‍ക്ക് ആര്‍ട്ട് ഓഫ് ലിവിങ് യുവജനവിഭാഗം അപേക്ഷ സമര്‍പ്പിച്ചു.
മീന്‍ ചത്തുപൊങ്ങുന്ന വെള്ളം മനുഷ്യനുള്‍പ്പെടെയുള്ള മറ്റു ജീവജാലങ്ങള്‍ക്കും ദോഷകരമെന്നതിനാല് ശോകനാശിനിപ്പുഴയിലെ ജല മലിനീകരണം പൂര്‍ണമായും തടയുന്നതിനുള്ള നടപടി എടുക്കാനും, കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള നടപടികളും പ്രവര്‍ത്തനങ്ങളും ഇക്കാര്യത്തില്‍ ഉണ്ടാക്കിയെടുക്കുവാനും ജില്ലാ കോഓര്‍ഡിനേറ്റര്‍ എസ്.ഗുരുവായൂരപ്പന് ആവശ്യപ്പെട്ടു.
കറുത്ത നിറത്തില്‍ ഏക്കര്‍ കണക്കിന് വിസ്തൃതിയിലാണ് പുഴവെള്ളം കെട്ടിക്കിടക്കുന്നത്. കുളവാഴകള്‍ ഉള്‍പ്പെടെയുള്ള ജലസസ്സ്യങ്ങള് കരിഞ്ഞു തുടങ്ങിയിട്ടുണ്ട്. കളക്ടര്‍ ആവശ്യപ്പെട്ട പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം ഇന്നലെ വൈകുന്നേരം വരെ തുടങ്ങിയിട്ടില്ല.ചിറ്റൂര്‍ പുഴപ്പാലത്തില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചാല്‍ കോഴി മാലിന്യമുള്‍പ്പെടെയുള്ളവ നിക്ഷേപിക്കുന്നവരെ പിടികൂടാമെന്നിരിക്കെ അത്തരം നടപടികള്‍ക്ക് ചിറ്റൂര്‍ തത്തമംഗലം നഗരസഭയോ ബന്ധപ്പെട്ട പഞ്ചായത്തുകളോ താല്പര്യം കാണിക്കുന്നില്ല.
തത്തമംഗലം,പെരുമാട്ടി,പട്ടഞ്ചേരി, പൊല്‍പ്പുള്ളി,കൊടുവായൂര്‍,വടവന്നൂര്‍,എലവഞ്ചേരി ഉള്‍പ്പെടെയുള്ള പഞ്ചായത്തിലെ കുടുംബങ്ങള്‍ക്ക് ഒരു ദിവസം രണ്ടു ലക്ഷത്തിലധികം ലിറ്റര്‍ ശുദ്ധീകരിച്ച വെള്ളം നല്‍കുന്നത് ഇപ്പോള്‍ ഈ പ്രശ്നം കൊണ്ട് നിര്‍ത്തിവെച്ചിരിക്കുകയാണ്.പുഴയിലുള്ള വെള്ളം ഒരു കാരണവശാലും ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ബന്ധപ്പെട്ട അധികാരികള്‍ പറയുന്നു.
ഷട്ടര്‍ തുറന്ന് വെള്ളം ഒഴുക്കിക്കളയുക മാത്രമാണ് പോംവഴിയെന്നും ജല അതോറിട്ടി അധികാരികള്‍ പറഞ്ഞു. കുടിവെള്ള ക്ഷാമം നേരിടുന്ന ഇക്കാലത്ത് ഇത്തരമൊരവസ്ഥ ഉണ്ടാക്കിയ ആഘാതം അടിയന്തിര പ്രാധാന്യത്തോടെ പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: