കാസര്‍കോട്: മണിക്കൂറുകളോളം ഉറക്കമൊഴിഞ്ഞ് കാത്തിരുന്നാല്‍ കണ്ണീര്‍ത്തുള്ളിപോലെ ഊറി വരുന്ന ഉറവക്കുഴിയില്‍ നിന്ന് തൊണ്ട നനയ്ക്കാനുള്ള വെള്ളം ശേഖരിച്ച് മടങ്ങാം. കാത്തിരിപ്പിനൊടുവില്‍ കിട്ടുന്ന കഷ്ടി ഒരുകുടം വെള്ളം കൊണ്ടാണ് വീട്ടിലെ പാചകം. കള്ളാര്‍ പഞ്ചായത്തിലെ ഓണി പട്ടികവര്‍ഗ കോളനിയിലെ ഓമനയും മാണിക്യവും പറയുന്നു. പല രാത്രികളിലും രണ്ടുമണിയായാലും ഉറങ്ങാന്‍ കഴിയില്ല. മലയോര പഞ്ചായത്തുകളില്‍ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ കുടിവെള്ള ക്ഷാമത്തിന്റെ നേര്‍ക്കാഴ്ച കൂടിയാണ് ഇവരുടെ വാക്കുകള്‍.
സര്‍ക്കാര്‍ പ്രഖ്യാപിച്ച കുടിവെള്ള കിയോസ്കുകളെക്കുറിച്ച് ഇവിടെയുള്ള ആളുകള്‍ അറിഞ്ഞിട്ടു പോലുമില്ല. ആവശ്യമായ റോഡ് സൗകര്യമില്ലാത്തതിനാല്‍ ഇവിടേക്ക് കുടിവെള്ളമെത്തിക്കാന്‍ വാഹന ഉടമകളും മടിക്കുകയാണ്. ഈ വര്‍ഷമാണ് വെള്ളത്തിന് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കേണ്ടി വന്നതെന്ന് കോളനിവാസികള്‍ പറയുന്നു. കുടിവെള്ളം ശേഖരിച്ചു വെക്കേണ്ടതിനാല്‍ പലര്‍ക്കും പണിക്കു പോലും പോകാന്‍ കഴിയുന്നില്ലെന്നും ഇവര്‍ വിഷമത്തോടെ പറയുന്നു.
നിലവില്‍ കോളനിക്ക് സമീപം റോഡിനോട് ചേര്‍ന്നുള്ള ഇടുങ്ങിയ ചെറു ഉറവക്കുഴി മാത്രമാണ് ഇവിടെ കഴിയുന്ന 15 കുടുംബങ്ങളുടെ ദാഹമകറ്റാനുള്ള ഏക ജലസ്രോതസ്സ്. അതുകൊണ്ടു തന്നെ നേരം വെളുക്കുമ്പോഴേക്കും ഇവിടെ തിരക്ക് തുടങ്ങും. വെയില് കടുക്കും മുന്‍പെ കുടവുമായെത്തി ശേഖരിച്ച വെള്ളവുമായി വീട്ടമ്മമാര്‍ മടങ്ങും. അടുത്ത വരവ് രാത്രിയാണ്. തിരക്കേറുന്നതോടെ വെള്ളത്തിനുവേണ്ടി പാതിരാവരെ കാത്തിരിപ്പ് നീളും. പകല്‍ നേരത്താകട്ടെ കടുത്ത ചൂടായതിനാല്‍ ഉറവക്കുഴിയില്‍ വെള്ളത്തിന്റെ അളവ് നന്നേ കുറയും. ഇങ്ങനെ രാവിലെയും രാത്രിയും കാത്തു നിന്നാല്‍ പലര്‍ക്കും ലഭിക്കുന്നതാകട്ടെ കഷ്ടി രണ്ടുകുടം വെള്ളം മാത്രം.
അലക്കാനും കുളിക്കാനും ഒരുകിലോമീറ്ററോളം അകലെയുള്ള സ്വകാര്യ വ്യക്തിയുടെ കിണറിനെ ആശ്രയിക്കണം. ഇതും വറ്റാന്‍ തുടങ്ങിയതായി കോളനിവാസികള്‍ പറയുന്നു. വര്‍ഷങ്ങളായുള്ള കുടിവെള്ള പ്രശ്നത്തിന് പരിഹാരം തേടി പലപ്രാവശ്യം നിവേദനങ്ങളും പരാതികളും നല്‍കിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളൊന്നുമായിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളേതുമില്ലാത്ത കോളനിയില്‍ കുടിവെള്ളമെങ്കിലും അടിയന്തരമായെത്തിക്കാന്‍ അധികൃതര്‍ കനിയണമെന്നാണ് കോളനിവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: