പന്തളം: മങ്ങാരം ഗ്രാമീണ വായനശാലാ മന്ദിരം നാളെ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു.
വൈകിട്ട് 4.30ന് മുട്ടാര്‍ ജംഗ്ഷനില്‍ നിന്നും വിശിഷ്ടാതിഥികളെ സ്വീകരിച്ച് ഘോഷയാത്രയായി സമ്മേളന വേദിയിലേക്ക് ആനയിക്കും. തുടര്‍ന്ന് 5 മണിക്ക് സ്വാഗതസംഘം ചെയര്മാന് തൈക്കൂട്ടത്തില്‍ സക്കീറിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തിലാണ് മന്ദിരത്തിന്റെ ഉദ്ഘാടനം പി.ജെ. കുര്യന് നിര്‍വ്വഹിക്കുക.
ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, പന്തളം നഗരസഭാദ്ധ്യക്ഷ റ്റി.കെ. സതി, ഉപാദ്ധ്യക്ഷന്‍ ഡി.രവീന്ദ്രന്, നഗരസഭാംഗങ്ങള്‍, ജില്ലാ-താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍, എസ്എന്‍ഡിപി ശാഖായോഗം സെക്രട്ടറി കെ.എന്‍. കമലാസനന് തുടങ്ങിയവര്‍ സംസാരിക്കും.
വായനശാല മുന്‍ സെക്രട്ടറി കെ. പ്രമോദ്, കോണ്ട്രാക്ടര് കെ. മധു പുന്തിലേത്ത്, പ്രദേശത്തെ മികച്ച കര്‍ഷകര്‍, വിദ്യാഭ്യാസ മേഖലയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍, 2016-17 കാലയളവില്‍ ഈ വായനശാലയില്‍ നിന്നും ഏറ്റവുമധികം പുസ്തകമെടുത്തു വായിച്ച വ്യക്തി എന്നിവരെ ആദരിക്കും. രാത്രി 8.30ന് കോട്ടയം സിറ്റി വോയ്സിന്റെ ഗാനമേള.
50 വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച വായനശാലയില്‍ ആയിരത്തിലേറെ അംഗങ്ങളും പതിനായിരത്തിലേറെ പുസ്തകങ്ങളുമുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡന്റ് വി. സുശീലന്, സെക്രട്ടറി കെ.ഡി. ശശിധരന്, ഭരണസമിതിയംഗങ്ങളായ വര്‍ഗ്ഗീസ് മാത്യു, കെ.എച്ച് ഷിജു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: