പത്തനംതിട്ട: പ്ലസ് വണ്‍ പ്രവേശനത്തിനു ജില്ലയില്‍ ആദ്യഘട്ട ഏകജാലക പ്രവേശനത്തില്‍ 12,120 സീറ്റുകള്‍. ഗവണ്മെന്റ്, എയ്ഡഡ് മേഖലകളിലായിട്ടാണ് ഈ സീറ്റുകള്‍. ഇതില്‍ സയന്‍സ് 6684, ഹ്യുമാനിറ്റീസ്2106, കൊമേഴ്സ് 3330 സീറ്റുകളുണ്ട്. ഇതുകൂടാതെ മാനേജ്മെന്റ് വിഭാഗത്തില്‍ സയന്‍സ് 1488, ഹ്യുമാനിറ്റീസ് 498, കൊമേഴ്സ് 654 സീറ്റുകളുണ്ട്. കമ്യൂണിറ്റി വിഭാഗത്തില്‍ സയന്‍സ് 588, ഹ്യുമാനിറ്റീസ് 156, കൊമേഴ്സ് 276 സീറ്റുകളും അണ്എയ്ഡഡ്വിഭാഗത്തില് സയന്‍സ് 1586, ഹ്യുമാനിറ്റീസ് 86, കൊമേഴ്സ് 286 സീറ്റുകളുമുണ്ട്.
11,816 കുട്ടികളാണ് ഇത്തവണ എസ്എസ്എല്‍സിക്കുശേഷം ജില്ലയില്‍ ഉപരിപഠനത്തിനു യോഗ്യത നേടിയിരിക്കുന്നത്. ജില്ലയില്‍ 96 സ്കൂളുകളിലാണ് ഹയര്‍ സെക്കന്‍ഡറി ബാച്ചുകളുള്ളത്. ഇതില്‍ 32 സ്കൂളുകളുകള്‍ സര്‍ക്കാര്‍ മേഖലയിലാണ്. എയ്ഡഡ് 44, അണ്‍എയ്ഡഡ്15, സ്പെഷല്‍ സ്കൂളുകള്‍ രണ്ട്, റസിഡന്‍ഷല്‍ ഒന്ന്, ടെക്നിക്കല്‍ രണ്ട് എന്നിങ്ങനെയാണ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളുടെ എണ്ണം. സയന്‍സിന് ഗവണ്മെന്റ് മേഖലയില്‍ 47 ബാച്ചുകളും ഹ്യുമാനിറ്റീസ് 14, കൊമേഴ്സ് 27 ബാച്ചുകളുമുണ്ട്. എയ്ഡഡ് മേഖലയില്‍ സയന്‍സ് 99, ഹ്യുമാനിറ്റീസ് 32, കൊമേഴ്സ് 44 ബാച്ചുകളുണ്ട്. അണ്‍എയ്ഡഡ് മേഖലയില്‍ സയന്‍സ് 32, ഹ്യുമാനിറ്റീസ് രണ്ട്, കൊമേഴ്സ് ആറ് എന്നിങ്ങനെയാണ് ബാച്ചുകളുടെ എണ്ണം.
എസ്എസ്എല്‍സിക്കുശേഷം ഉപരിപഠനത്തിനു ജില്ലയില്‍ തന്നെ കുട്ടികള്‍ക്കു സാധ്യതകളേറെയാണ്. പ്ലസ് വണ്‍ കൂടാതെ 27 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളുണ്ട്. 2541 സീറ്റുകളാണ് വിഎച്ച്എസ്ഇക്കുള്ളത്. ഇതുകൂടാതെ പോളിടെക്നിക്, ഐടിഐകള്‍ എന്നിവയിലായി മുന്നൂറോളം സീറ്റുകള്‍ പത്താംക്ലാസ് കഴിഞ്ഞവര്ക്കായുണ്ട്.
പ്ലസ് വണ്‍ സീറ്റുകളില്‍ ആനുപാതികമായ വര്‍ധന ഇക്കുറിയും പ്രതീക്ഷിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ എസ്എസ്എല്‍സി കഴിഞ്ഞ എല്ലാവര്ക്കും തന്നെ പ്ലസ് വണ്സീറ്റുകള് ലഭ്യമാകും. എന്നാല്‍ ഇഷ്ടവിദ്യാലയങ്ങളില് പ്രവേശനത്തിനു പലര്‍ക്കും ബുദ്ധിമുട്ടാകുമെന്നു മാത്രം. പ്ലസ് വണ്‍, വിഎച്ച്എസ്ഇ കോഴ്സുകളില്‍ പലയിടങ്ങളിലും മുന്‍വര്‍ഷങ്ങളില്‍ സീറ്റുകള്‍ ധാരാളം ഒഴിഞ്ഞുകിടന്നിരുന്നു. ഗ്രാമപ്രദേശങ്ങളിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലാണ് ഇത്തരത്തില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിരുന്നത്. ഏകജാലക പ്രവേശനമായതിനാല്‍ ഇഷ്ടവിദ്യാലയങ്ങളില് മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രമേ സീറ്റുകള്‍ ലഭിക്കുകയുള്ളൂ. അപേക്ഷിക്കുന്ന സ്കൂളുകളുടെ എണ്ണം കൂട്ടിയാല്‍ ഒരു പക്ഷേ പ്രവേശനം ഉറപ്പാക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: