കുമ്പള: ചേവാര്‍ മണ്ടേക്കാപ്പിലെ ജി കെ സ്റ്റോര്‍ ഉടമ രാമകൃഷ്ണ മൂല്യയെ(52) ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൊലയാളി സംഘത്തിലെ ആജാനുബാഹു മുളിയാറിലെ ഉമറുല്‍ ഫാറൂഖിനെയാണ് പോലീസ് തേടുന്നതെന്നാണ് സൂചന.
ഉമറുല്‍ ഫാറൂഖിനെ കണ്ടെത്തിയാല്‍ മാത്രമേ കൊലയുടെ ചുരുളഴിയുകയുള്ളുവെന്നാണ് പോലീസ് പറയുന്നത്. ഉമറുല്‍ ഫാറൂഖിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും കൊലയാളി സംഘത്തില്‍ കര്‍ണാടക സ്വദേശികളായ രണ്ട് പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ഉമറുല്‍ ഫാറൂഖിന്റെ കൂട്ടാളിയായ നവാസിനെയും പോലീസ് തേടുന്നുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിന് പുലര്‍ച്ചെ ചേവാര്‍ മണ്ടേക്കാപ്പില്‍ കൊറചകട്ടെ ദേവസ്ഥാനത്തിന്റെ ഭണ്ഡാരം കുത്തിപ്പൊളിച്ച് കവര്‍ച്ച ചെയ്യാനുള്ള ശ്രമത്തിനിടെ ഉമറുല്‍ ഫാറൂഖ് ഉള്‍പ്പെടെ മൂന്നു പേരെ നാട്ടുകാര്‍ പിടികൂടി കെട്ടിയിടുകയും മര്‍ദ്ദിക്കുകയും പിന്നീട് പോലീസിലേല്‍പ്പിക്കുകയും ചെയ്തിരുന്നു.
ഈ കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായിരുന്ന ഉമറുല്‍ ഫാറൂഖും കൂട്ടാളികളും രണ്ടാഴ്ച മുമ്പാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ഇതിന് ശേഷം തങ്ങള്‍ വേര്‍പിരിഞ്ഞതായും ഉമറുല്‍ ഫാറൂഖ് മറ്റൊരു സംഘത്തിന്റെ കൂടെയാണെന്നാണ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചതിന് മുമ്പ് അറസ്റ്റിലായ മറ്റു രണ്ട് പേരില്‍ നിന്നും പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്.
പ്രതികള്‍ക്ക് വേണ്ടി കര്‍ണാടകയില്‍ തിരച്ചില്‍ നടത്തി വരികയാണെന്ന് കേസന്വേഷിക്കുന്നു കുമ്പള സി ഐ വി.വി.മനോജ് പറഞ്ഞു. രണ്ട് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവെങ്കിലും അവ്യക്തമായ ചിത്രങ്ങളാണ് ലഭിച്ചതെനാനമ് സൂചന.
ഉമറുല്‍ ഫാറൂഖ് പിടിയിലാകുന്നതോട് കൂടി മാത്രമേ കേസിന് ബലമാകുന്ന തെളിവുകള്‍ കണ്ടെത്താന്‍ കഴിയുകയുള്ളൂ. പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലാത്തതിനാല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികളെ കുടുക്കാനുള്ള നീക്കത്തിന് തിരിച്ചടിയായി. പ്രതികള്‍ക്ക് വേറെ ആരില്‍ നിന്നും സഹായം കിട്ടിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: