പാലക്കാട്: വനഭൂമിയോടു ചേര്‍ന്ന് വ്യാപകമായി അറവു-ഹോട്ടല്‍ മാലിന്യവും കുഴിച്ചുമൂടുന്നു. വാളയാര്‍ വനം റെയ്ഞ്ചിന്റെ പരിധിയിലുള്ള വനഭൂമിയുടെ തൊട്ടടുത്ത് സ്വകാര്യവ്യക്തിയുടെ പാടത്താണ് മാലിന്യം കുഴിയെടുത്ത് മൂടുന്നത്.
ഒരു ദിവസം മൂന്നു ലോറികളിലായി നാലിലേറെ ലോഡുകള്‍ ഇവിടേക്ക് കൊണ്ടുവരുന്നു. ഇതിനായി വനഭൂമിയില്‍ ഒരു കിലോ മീറ്റര്‍ കല്ലു പാകി റോഡുണ്ടാക്കിയിടുണ്ട്. ഈ സ്വകാര്യവ്യക്തിക്ക് ഒരു ലോഡിന് ഇരുപതിനായിരത്തോളം രൂപ ലഭിക്കുന്നുണ്ട്. രാത്രിയിലാണ് ഇവിടേക്ക് മാലിന്യം കൊണ്ടുവരുന്നതും കുഴിച്ചുമൂടുന്നതും.
രാത്രി പത്തു മുതല്‍ രാവിലെ നാലു വരെയാണ് ഇവിടെ പണി നടക്കുന്നത്. വലിയ കുഴിയുണ്ടാക്കി അതിലാണ് ഈ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. കുഴിയുണ്ടാകുന്നതിനും മാലിന്യങ്ങള്‍ കുഴിച്ചുമൂടുന്നതിനും ഈ സ്വകാര്യവ്യക്തി ഒരു ഏജന്റിനെ നിയോഗിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് ഒരു ലോഡ് മാലിന്യം കുഴിച്ചുമൂടിയാല്‍ മൂവായിരത്തോളം രൂപ ലഭിക്കും. തൃശ്ശൂര്‍,കോഴിക്കോട്,മലപ്പുറം എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യമാണ് ഇവിടേക്ക് കൊണ്ടുവരുന്നത്.
പാലക്കാട് വരാനിരിക്കുന്ന ഐ.ഐ.ടിയുടെ മതിലിന് തൊട്ടടുത്ത് സ്വകാര്യവ്യക്തിയുടെ പത്ത് ഏക്കര്‍ കൃഷിയിടത്തിലാണ് ഇവ മറവുചെയ്യുന്നത്. മാലിന്യം ഇങ്ങനെ മറവുചെയ്താല്‍ താമസിയാതെ ജീര്‍ണിച്ച് സമീപപ്രദേശങ്ങളിലെ കിണറുകളിലേക്കും,പുഴയിലേക്കും ഊര്‍ന്നിറങ്ങും. അത് കിണറുകളും പുഴയും നശിക്കുന്നതിന് കാരണമാകും. ഇതിനടുത്താണ് കോരയാര്‍ പുഴ.
ഇതിനെരിരെ പി.എസ്.പണിക്കരുടെ നേതൃത്വത്തില്‍ നാട്ടുക്കാര് കളക്ടര്‍ക്കും ബന്ധപ്പെട്ട അധികൃതര്‍ക്കും പരാതി നല്കിയിടുണ്ട്. കഞ്ചിക്കോട് കോങ്ങാട് പാടമെന്നാണ് അറിയപ്പെടുന്നത്. മുന്‍പ് ഇവിടെ നെല്‍ക്കൃഷി ചെയ്തിരുന്നു. ഈ ചൂടിലും പാടത്ത് ഈര്‍പ്പം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്നും ഇവിടെ കൃഷിചെയ്യാന്‍ സാധിക്കും.
എന്നാല്‍ വ്യക്തി ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കാനാണ് ഉപയോഗിക്കുന്നത്. സ്ഥലത്തോടു ചേര്‍ന്ന് ഇരുപത്തോളം പന്നി വളര്‍ത്തലും മത്സ്യകൃഷിയുമുണ്ട്.കൃഷി ജില്ലയില്‍ ചെയ്യാകായപ്പോഴാണ് ഇവിടേക്ക് മാലിന്യം കൊണ്ടുവരാന്‍ തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: